കോട്ടയം: കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ റബര്‍ താങ്ങുവില 250 രൂപയാക്കുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ആദ്യ മന്ത്രിസഭാ യോഗത്തില്‍ത്തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തും. ആദ്യ കാബിനറ്റ് യോഗം ഇതായിരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോട്ടയം പാമ്പാടിയില്‍ നടന്ന പുതുപ്പള്ളി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാണ്ടി ഉമ്മനും കെ സി വേണുഗോപാലും ഒപ്പം ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പില്‍ റബ്ബര്‍ ഒരു പ്രധാന ചര്‍ച്ച വിഷയമാണ്.

ലാറ്റക്‌സിന്റെ നാട് എന്നാണ് കോട്ടയം അറിയപ്പെടുന്നത്. ഇടതുപക്ഷം റബ്ബര്‍ കര്‍ഷകര്‍ക്ക് 250 രൂപയാകുമെന്ന് പറഞ്ഞു. എന്നാല്‍ ആ വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ല. യുഡിഎഫ് ഇതുപോലെ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കില്ല. അതുകൊണ്ട് അധികാരത്തില്‍ വന്നാല്‍ ആദ്യ തീരുമാനം റബ്ബര്‍ വില 250 ആയി ഉയര്‍ത്തുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

റബര്‍ 300 രൂപയായി വില ഉയര്‍ത്തും എന്ന് പ്രകടന പത്രികയിലും പറഞ്ഞിട്ടുണ്ട്. ഇന്ന് ആരുടെ കയ്യില്‍ നിന്നും എണ്ണ വാങ്ങാന്‍ കഴിയുന്നില്ല. ഇന്ത്യക്ക് എണ്ണ വാങ്ങണം എങ്കില്‍ ട്രംപിന്റെ അനുമതി വേണം. ഒരു സ്വതന്ത്ര രാഷ്ട്രമായ ഇന്ത്യക്ക് അമേരിക്കയുടെ അനുമതി വേണം എന്നത് നാണക്കേട്.

മോദി ഇന്ത്യയുടെ മുഴുവന്‍ വിവരങ്ങളും അമേരിക്കക്ക് നല്‍കിയിരിക്കുകയാണ്. അമേരിക്ക ആണ് നരേന്ദ്ര മോദിയെ നിയന്ത്രിക്കുന്നത്. എഫ്സ്റ്റീന്‍ ഫയലുകള്‍ ഒരുപാട് അമേരിക്കയുടെ കയ്യില്‍ ഉണ്ട്. അത് പുറത്ത് വന്നാല്‍ മോദി ആരാണെന്ന് എല്ലാവരും അറിയും.

ഇന്ത്യയുടെ വിവരങ്ങള്‍ അമേരിക്കയ്ക്ക് ഇഷ്ടമുള്ള രീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന അവസ്ഥയാണെന്നും ഒമ്പത് ലക്ഷം കോടി രൂപയുടെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാമെന്ന് മോദി യുഎസിന് വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. അപ്പോള്‍ 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതിക്ക് എന്ത് സംഭവിക്കുമെന്നും അദ്ദേഹം ചോദിച്ചു.

അദാനി എന്നത് വെറുമൊരു സാധാരണ കമ്പനിയല്ലെന്നും അത് ബിജെപിയുടെ സാമ്പത്തിക വ്യവസ്ഥയുടെ പ്രധാന ഭാഗമാണെന്നും രാഹുല്‍ പറഞ്ഞു. അദാനിയെക്കുറിച്ചുള്ള എല്ലാ രഹസ്യവിവരങ്ങളും ട്രംപിനും അമേരിക്കയ്ക്കും അറിയാം. ഈ വിവരങ്ങള്‍ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാരിനെ ബ്ലാക്ക് മെയില്‍ ചെയ്യാനാണ് യു.എസ്. ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അമേരിക്ക മോദിയെ നിയന്ത്രിക്കുന്നത് പോലെയാണ് മോദി പിണറായിയെ നിയന്ത്രിക്കുന്നത്. ശബരിമലയില്‍ സിപിഐഎം നേതാക്കള്‍ക്കെതിരെ ഒരു നടപടിയും എടുത്തിട്ടില്ല. എല്‍ഡിഎഫ് നേതാക്കള്‍ ശബരിമലയില്‍ നിന്നും മോഷ്ടിച്ചു എന്ന് മോദി പറയുന്നില്ല. കാരണം മോദി ആഗ്രഹിക്കുന്നത് എല്‍ഡിഎഫ് ഭരണത്തില്‍ തുടരാനാണെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രിക്ക് എതിരെ എന്തുകൊണ്ട് ഒരു കേസും എടുക്കുന്നില്ല. കാരണം അവര്‍ പങ്കാളികളാണ്. ബിജെപിക്ക് അറിയാം ഇന്ത്യയില്‍ ഇടതുപക്ഷം ഒരു വെല്ലുവിളിയും ഉയര്‍ത്തില്ല എന്ന്. കോണ്‍ഗ്രസിന് മാത്രമേ ബിജെപിയെ എതിര്‍ക്കാനും വെല്ലുവിളിക്കും സാധിക്കു. അത് കൊണ്ടാണ് ബിജെപി എല്‍ഡിഎഫ് ഭരണത്തില്‍ വേണം എന്ന് ആഗ്രഹിക്കുന്നത്.

കേരളത്തില്‍ ഒരു വനിത മുഖ്യമന്ത്രി ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു. പക്ഷേ അത് പറയുമ്പോള്‍ കയ്യടിക്കുന്നത് പുരുഷന്മാരല്ല. അത് കൊണ്ടാണ് കെഎസ്ആര്‍ടിസി സൗജന്യ യാത്ര ഉറപ്പ് പറയുന്നത്. ക്ഷേമപെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തും. യുവാക്കള്‍ക്ക് 5 ലക്ഷം രൂപ പാലിച്ച രഹിത വായ്പ നല്‍കും.

കേരള സര്ക്കാര്‍ ആരോഗ്യമേഖലയെ തകര്‍ത്തു. ചികിത്സക്ക് ചിലവ് കൂടി വരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മക്ക് വേണ്ടി ആരോഗ്യ പദ്ധതി നടപ്പാക്കും. എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ സുരക്ഷ പദ്ധതി നടപ്പാക്കും. ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

FCRA ബില്‍, RSS അല്ലാതെ മറ്റാര്‍ക്കും വിദേശത്ത് സംഭാവന സ്വീകരിക്കാന്‍ സാധിക്കില്ല. ആര്‍എസ്എസിന് എന്താണ് പ്രത്യേകത ഉള്ളത്. മോദിക്കും ആര്‍എസ്എസിനും മാത്രമേ വിദേശത്തുനിന്നും പണം സ്വീകരിക്കാന്‍ സാധിക്കു. RSS വിദ്വേഷം പടര്‍ത്തുന്നവരാണ് അവര്‍ക്ക് എന്തും സാധിക്കുമെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.