കോട്ടയം: കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റത്തിന് നാന്ദികുറിക്കുമോ രാഹുല്‍ ഗാന്ധിയുടെ ആ വാക്കുകള്‍? അന്തരിച്ച ജനനായകന്‍ ഉമ്മന്‍ ചാണ്ടിയുടെ കര്‍മ്മഭൂമിയായ പുതുപ്പള്ളിയുടെ മണ്ണില്‍ നിന്ന് രാഹുല്‍ ഗാന്ധി തൊടുത്തുവിട്ട 'വനിതാ മുഖ്യമന്ത്രി' എന്ന ആശയം കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ പുതിയൊരു ചര്‍ച്ചാവിഷയത്തിന് തിരികൊളുത്തിയിരിക്കുകയാണ്. കേരളത്തിന്റെ അടിത്തറ സ്ത്രീകളാണെന്നും ദീര്‍ഘവീക്ഷണത്തോടെ ചിന്തിക്കാന്‍ അവര്‍ക്ക് കഴിയുമെന്നുമുള്ള രാഹുലിന്റെ വാക്കുകള്‍ വെറുമൊരു പ്രഭാഷണത്തിനപ്പുറം, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ തുറുപ്പുചീട്ടാണോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. 'സ്ത്രീകളാണ് കേരളത്തിന്റെ ഭാവി' എന്ന് അദ്ദേഹം അടിവരയിട്ടു പറയുമ്പോള്‍ അത് കേവലം വാഗ്ദാനമല്ല, മറിച്ച് ഒരു രാഷ്ട്രീയ പ്രഖ്യാപനമായി മാറിയിരിക്കുന്നു.

രാഹുലിന്റെ ഈ സ്വപ്നത്തിന് പിന്നാലെ വലിയ ആവേശത്തിലാണ് യുഡിഎഫ് ക്യാമ്പിലെ വനിതാ നേതാക്കള്‍. കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണയും തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നിലവിലെ എംഎല്‍എയുമായ ഉമ തോമസും ഈ പ്രസ്താവനയെ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. ഇന്നല്ലെങ്കില്‍ നാളെ ഈ സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്ന് ബിന്ദു കൃഷ്ണ ഉറപ്പിച്ചു പറയുന്നു. രാഷ്ട്രീയ രംഗത്തെ വനിതകള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ ചിന്തകള്‍ വലിയൊരു പ്രചോദനമാണെന്നാണ് ബിന്ദു കൃഷ്ണയുടെ പക്ഷം. കോണ്‍ഗ്രസ് എന്നും സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കിയിട്ടുണ്ടെന്നും, എന്നാല്‍ സിപിഎമ്മില്‍ അത്തരമൊരു മാറ്റം പ്രതീക്ഷിക്കേണ്ടതില്ലെന്നും അവര്‍ തുറന്നടിച്ചു. ഒരു വനിതാ ജില്ലാ സെക്രട്ടറിയെ പോലും നിയമിക്കാന്‍ മടിക്കുന്ന പാര്‍ട്ടിയാണ് സിപിഎം എന്ന് അവര്‍ പരിഹസിച്ചു.

തൃക്കാക്കരയില്‍ ജനവിധി തേടുന്ന ഉമ തോമസും ഇതേ ആവേശത്തിലാണ്. ഇന്ദിരാഗാന്ധിയെ മാതൃകയാക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് ഓര്‍മ്മിപ്പിച്ച അവര്‍, അര്‍ഹതപ്പെട്ടവര്‍ക്ക് ലിംഗഭേദമില്ലാതെ സീറ്റ് നല്‍കുന്നതാണ് കോണ്‍ഗ്രസ് ശൈലിയെന്നും പ്രതികരിച്ചു. പ്രവര്‍ത്തിക്കാനുള്ള മനസ്സിനാണ് മുന്‍ഗണനയെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, രാഹുലിന്റെ വാക്കുകള്‍ ഇടതുപക്ഷ ക്യാമ്പുകളില്‍ ചെറിയൊരു ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. കെ.കെ. ശൈലജയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടണമെന്ന ആഗ്രഹം വെച്ചുപുലര്‍ത്തുന്ന ഒരു വിഭാഗം ഇടത് അണികള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ഈ നീക്കം സഹായിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

സിപിഎമ്മിനെ പ്രതിരോധത്തിലാക്കാനുള്ള രാഹുലിന്റെ ഈ തന്ത്രം എത്രത്തോളം ഫലിക്കുമെന്ന് വരും ദിവസങ്ങളില്‍ അറിയാം. സ്ത്രീ സുരക്ഷയുടെ പേരില്‍ കഴിഞ്ഞ ദിവസം പാലക്കാട് വെച്ച് കോണ്‍ഗ്രസിനെ കടന്നാക്രമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള പരോക്ഷമായ മറുപടിയായും ഈ 'വനിതാ മുഖ്യമന്ത്രി' പ്രയോഗത്തെ കാണുന്നവരുണ്ട്. വനിതാ ശാക്തീകരണത്തെക്കുറിച്ച് വാചാലമാകുമ്പോഴും കോണ്‍ഗ്രസിനു മുന്നിലുള്ള വെല്ലുവിളികള്‍ ചെറുതല്ല. ഇത്തവണ മത്സരരംഗത്തുള്ള 95 സ്ഥാനാര്‍ത്ഥികളില്‍ ഒന്‍പത് പേര്‍ മാത്രമാണ് വനിതകള്‍. ഇതില്‍ ഭൂരിഭാഗവും സംവരണ സീറ്റുകളിലാണെന്നത് ഒരു പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

എങ്കിലും പ്രിയങ്ക ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവും രാജ്യസഭ അംഗമായ ജെബി മേത്തറുടെ സാന്നിധ്യവും കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വനിതാ പ്രാതിനിധ്യത്തിന് പുതിയൊരു മുഖം നല്‍കിയിട്ടുണ്ട്. വയനാട്ടില്‍ നിന്നും പാര്‍ലമെന്റിലെത്തിയ പ്രിയങ്കയെ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാന്‍ അണികള്‍ക്കിടയില്‍ വലിയൊരു വികാരം രൂപപ്പെടുന്നുണ്ട്. യുഡിഎഫ് അധികാരം പിടിച്ചാല്‍ മുഖ്യമന്ത്രി കസേരയ്ക്കായി വലിയ വടംവലി തന്നെ നടക്കാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ 'പെണ്‍പുലികള്‍' കേരളത്തെ നയിക്കുമോ എന്ന ചോദ്യം സോഷ്യല്‍ മീഡിയയിലും സജീവ ചര്‍ച്ചയായിക്കഴിഞ്ഞു. സ്ത്രീ വോട്ടര്‍മാരുടെ വലിയൊരു പിന്തുണ നേടിയെടുക്കാന്‍ ഈ നീക്കം കോണ്‍ഗ്രസിനെ സഹായിച്ചേക്കും. കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടില്ലെന്ന യാഥാര്‍ത്ഥ്യം രാഹുലിന്റെ പ്രസ്താവനയ്ക്ക് കൂടുതല്‍ ഗൗരവം നല്‍കുന്നു. പുരോഗമന കേരളം ഈ മാറ്റത്തെ എങ്ങനെ സ്വീകരിക്കും എന്നതാണ് ഇനി അറിയേണ്ടത്.


കേരളത്തിന്റെ അടിത്തറ സ്ത്രീകളാണെന്നും അവര്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചിന്തിക്കാന്‍ ശേഷിയുണ്ടെന്നുമുള്ള രാഹുലിന്റെ വാക്കുകള്‍ വെറുതെയല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെങ്കിലും കേരളത്തെ നയിക്കാന്‍ ഒരു വനിതാ മുഖ്യമന്ത്രിയെ മുന്നണികള്‍ രംഗത്തിറക്കുമോ എന്ന ചോദ്യം ഇതോടെ സജീവമായിട്ടുണ്ട്. പ്രത്യേകിച്ച് സ്ത്രീപക്ഷ രാഷ്ട്രീയത്തെക്കുറിച്ച് വാതോരാതെ സംസാരിക്കാറുള്ള ഇടത് പക്ഷത്തിന്, ഒരു വനിതയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല എന്ന യാഥാര്‍ത്ഥ്യം രാഹുല്‍ പരോക്ഷമായി കുത്തിനോവിച്ചു. കേരളത്തിലെ സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസിന്റെ ഈ നീക്കം ഇടത് കോട്ടകളില്‍ വിള്ളലുണ്ടാക്കുമോ എന്ന ഭയത്തിലാണ് സിപിഎം നേതൃത്വം.

രാഹുലിന്റെ പ്രസ്താവന വന്നതോടെ കേരള രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ നേരിട്ട ചരിത്രപരമായ അവഗണനകളും വീണ്ടും ചര്‍ച്ചയാകുകയാണ്. 'കേരനാടിന് ഗൗരിയമ്മ' എന്ന മുദ്രാവാക്യമുയര്‍ത്തി വോട്ട് പിടിച്ച ശേഷം കെ.ആര്‍. ഗൗരിയമ്മയെ തഴഞ്ഞതും, കോവിഡ് കാലത്ത് ലോകശ്രദ്ധ നേടിയ കെ.കെ. ശൈലജയെ രണ്ടാം പിണറായി സര്‍ക്കാരില്‍ നിന്ന് മാറ്റിനിര്‍ത്തിയതും രാഷ്ട്രീയ വൃത്തങ്ങളില്‍ വീണ്ടും സജീവ ചര്‍ച്ചയായി. ഈ അവഗണനകള്‍ക്ക് മറുപടിയായി കോണ്‍ഗ്രസ് ഒരു വനിതാ നേതൃത്വത്തെ മുന്നോട്ട് വെച്ചാല്‍ അത് വലിയ രാഷ്ട്രീയ മാറ്റത്തിന് വഴിവെക്കും. വനിതകള്‍ക്ക് ഭരണതലത്തില്‍ അര്‍ഹമായ പ്രാധാന്യം നല്‍കുമെന്ന സൂചന നല്‍കുന്നതിലൂടെ കേരളത്തിലെ നിര്‍ണ്ണായകമായ സ്ത്രീ വോട്ടുകള്‍ സമാഹരിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. കുടുംബശ്രീയും മറ്റ് വനിതാ കൂട്ടായ്മകളും സജീവമായ കേരളത്തില്‍, സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന പരാമര്‍ശം യുഡിഎഫിന് ഗുണം ചെയ്യുമോ എന്നതാണ് ഉറ്റുനോക്കുന്നത്.

അതേ സമയം പ്രസംഗങ്ങളില്‍ വനിതാ ശാക്തീകരണത്തെക്കുറിച്ച് വാചാലരാകുമ്പോഴും കണക്കുകള്‍ കോണ്‍ഗ്രസിനും അല്പം തിരിച്ചടിയാണ്. 95 സീറ്റുകളില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് ഇത്തവണ വെറും 9 വനിതകള്‍ക്ക് മാത്രമാണ് സീറ്റ് നല്‍കിയിരിക്കുന്നത്. ഇതില്‍ തന്നെ പകുതിയോളം സീറ്റുകള്‍ സംവരണ വിഭാഗത്തിലാണ്. യുഡിഎഫ് ഭരണം പിടിച്ചാല്‍ മുഖ്യമന്ത്രി കസേരയ്ക്കായി വലിയ പോര് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍, രാഹുലിന്റെ ഈ പ്രസ്താവന പ്രിയങ്ക ഗാന്ധിയുടെ കേരളത്തിലേക്കുള്ള കടന്നുവരവിനെ സൂചിപ്പിക്കുന്നുണ്ടോ എന്ന ചോദ്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സ്ത്രീ വോട്ടര്‍മാരുടെ പിന്തുണ ആര്‍ക്കൊപ്പം നില്‍ക്കും എന്നത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണ്ണയിക്കുന്ന പ്രധാന ഘടകമാകും.

മത്സര രംഗത്ത് 9 വനിതാ സ്ഥാനാര്‍ത്ഥികള്‍

95 സീറ്റില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് ഇത്തവണ ഒമ്പത് വനിതകള്‍ക്ക് മാത്രമാണ് സീറ്റ് നല്‍കിയിരിക്കുന്നത്. ഇതില്‍ മൂന്നു പേര്‍ SC സംവരണത്തിലും ഒരാള്‍ ST സംവരണത്തിലുമാണ്. ഇത് ഉയര്‍ത്തിക്കാട്ടിയാണ് എതിരാളികള്‍ രാഹുലിന്റെ പ്രഖ്യാപനത്തെ വിമര്‍ശിക്കുന്നത്.

ഇത്തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്ന വനിതകള്‍

മാനന്തവാടി(ST ) ഉഷ വിജയന്‍

എലത്തൂര്‍ വിദ്യ ബാലകൃഷ്ണന്‍

കോങ്ങാട് (SC) കെ.എ. തുളസി

തൃക്കാക്കര ഉമ തോമസ്

അരൂര്‍ ഷാനിമോള്‍ ഉസ്മാന്‍

മാവേലിക്കര(SC ) മുത്തര രാജ്

കൊട്ടാരക്കര പി ആയിഷ പോറ്റി

കൊല്ലം അഡ്വക്കേറ്റ് ബിന്ദു കൃഷ്ണ

ചിറയിന്‍കീഴ്(SC ) രമ്യാ ഹരിദാസ്