- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിലെ വോട്ടിനുള്ള ബാലറ്റ് പെട്ടിയിലേത് വലിയ ദ്വാരം; ഈര്‍ക്കിലിയോ ചെറിയ കമ്പി കഷണമോ ഉപയോഗിച്ച് ദ്വാരത്തിലൂടെ ബാലറ്റ് പേപ്പര്‍ എളുപ്പത്തില്‍ പുറത്തെടുക്കാന്‍ പറ്റും; അടിമുടി ദുരൂഹതയെന്ന് സണ്ണി ജോസഫ്

കണ്ണൂര്‍: പേരാവൂര്‍ നിയോജക മണ്ഡലത്തിലെ 'വീട്ടിലെ വോട്ടിന്' ഉപയോഗിക്കുന്ന ബാലറ്റ് പെട്ടികളുടെ സുരക്ഷയെച്ചൊല്ലി ശക്തമായ പ്രതിഷേധവുമായി യുഡിഎഫ് രംഗത്ത്. ബാലറ്റ് പെട്ടിയിലെ അസ്വാഭാവികമായ വലിയ ദ്വാരം തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണെന്ന് കെപിസിസി അധ്യക്ഷനും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ സണ്ണി ജോസഫ് ആരോപിച്ചു. ഇരിട്ടിയില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ബാലറ്റ് പെട്ടിയുടെ ദ്വാരത്തിന്റെ വലുപ്പം പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
ബാലറ്റ് പേപ്പര്‍ നിക്ഷേപിക്കാന്‍ ആവശ്യമുള്ളതിനേക്കാള്‍ വലിയ ദ്വാരമാണ് പെട്ടിയിലുള്ളതെന്നും ഇതിലൂടെ വിരലുകള്‍ പോലും കടത്താന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പെട്ടി കുത്തനെ പിടിച്ചാല്‍ ബാലറ്റുകള്‍ പുറത്തേക്ക് വീഴാന്‍ സാധ്യതയുണ്ട്. കൂടാതെ ഈര്‍ക്കിലിയോ കമ്പിയോ ഉപയോഗിച്ച് ആര്‍ക്കും ലളിതമായി ബാലറ്റുകള്‍ പുറത്തെടുക്കാമെന്നത് വോട്ടെടുപ്പിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നും സണ്ണി ജോസഫ് പറഞ്ഞു. ആരാധനാലയങ്ങളിലെ നേര്‍ച്ചപ്പെട്ടികള്‍ക്കുള്ള സുരക്ഷിതത്വം പോലും ഈ ബാലറ്റ് പെട്ടികള്‍ക്കില്ലെന്ന് അദ്ദേഹം പരിഹസിച്ചു.
വിഷയം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ജില്ലാ കളക്ടറുടെ ഭാഗത്തുനിന്ന് നിഷേധാത്മകമായ സമീപനമാണ് ഉണ്ടായതെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി. തെറ്റായ നടപടി തിരുത്തുന്നതിന് പകരം പരാതിക്കാരോട് തട്ടിക്കയറുന്ന സമീപനമാണ് ജില്ലാ വരണാധികാരി സ്വീകരിക്കുന്നത്. അദ്ദേഹം ഭരണകക്ഷിയുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്നും സണ്ണി ജോസഫ് ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമായി നടത്തേണ്ടത് കമ്മീഷനാണെന്നും, സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിച്ച് വോട്ടെടുപ്പ് അട്ടിമറിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടോ എന്ന് സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ക്രമക്കേടിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് യുഡിഎഫിന്റെ തീരുമാനം.


