- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുറത്തുവിട്ട ഓഡിയോ എഐ നിര്‍മ്മിതം ആണെങ്കില്‍ പൊലീസില്‍ പരാതിപ്പെടാത്തത് എന്തുകൊണ്ട്? സംഭാഷണം വ്യാജമെന്ന് തെളിഞ്ഞാല്‍ എംഎല്‍എ സ്ഥാനം രാജി വയ്ക്കാമെന്ന് മാത്യു കുഴല്‍നാടന്‍
പുറത്തുവിട്ട ഓഡിയോ എഐ നിര്‍മ്മിതം ആണെങ്കില്‍ പൊലീസില്‍ പരാതിപ്പെടാത്തത് എന്തുകൊണ്ട്?

കൊച്ചി: 2018ലെ പ്രളയം മനുഷ്യനിര്‍മിതമാണെന്ന ആരോപണത്തിന് തെളിവായി താന്‍ പുറത്തുവിട്ട വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെതെന്ന് അവകാശപ്പെടുന്ന ഓഡിയോ സംഭാഷണം വ്യാജമാണെന്ന് തെളിഞ്ഞാല്‍ എം.എല്‍.എ. സ്ഥാനം രാജിവെക്കുമെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. ഓഡിയോ എ.ഐ. (നിര്‍മിത ബുദ്ധി) ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന മന്ത്രിയുടെ പ്രതികരണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഓഡിയോ എ.ഐ. നിര്‍മിതമാണെങ്കില്‍ എന്തുകൊണ്ടാണ് നിയമപരമായ പരാതി നല്‍കിയിട്ടില്ലെന്നും കുഴല്‍നാടന്‍ ചോദ്യം ചെയ്തു.
ഒരു സിറ്റിങ് മന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് സമയത്ത് എ.ഐ. സാങ്കേതികവിദ്യ ഉപയോഗിച്ച് താനൊരു ഓഡിയോ നിര്‍മിച്ചുവെങ്കില്‍ അത് ഗൗരവകരമായ ക്രിമിനല്‍ കുറ്റമാണെന്ന് മാത്യു കുഴല്‍നാടന്‍ ചൂണ്ടിക്കാട്ടി. എന്നിട്ടും എന്തുകൊണ്ടാണ് ഈ വിഷയത്തില്‍ അന്വേഷണം നടത്താത്തതെന്ന് അദ്ദേഹം ചോദിച്ചു. പിണറായി വിജയന്‍ ഇന്ന് ഒരു പരാതി നല്‍കിയാല്‍ തനിക്കെതിരെ ഉടന്‍ അന്വേഷണം വരുമെന്നും, അതുകൊണ്ട് എ.ഐ. ഓഡിയോ ആണെന്ന് ഉറപ്പുണ്ടെങ്കില്‍ പരാതി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കുഴല്‍നാടന്‍ ആവശ്യപ്പെട്ടു. ഈ സര്‍ക്കാരോ അല്ലെങ്കില്‍ അടുത്ത സര്‍ക്കാരോ ഓഡിയോയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും, സത്യം പുറത്തുവരാന്‍ അതാണ് ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വകാര്യ കമ്പനികള്‍ക്ക് ലാഭമുണ്ടാക്കുന്നതിനായി ഡാമുകള്‍ തുറക്കാന്‍ വൈകിയതാണ് 2018ലെ പ്രളയത്തിന് കാരണമെന്നാണ് മാത്യു കുഴല്‍നാടന്റെ പ്രധാന ആരോപണം. ഇതിനുപിന്നില്‍ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും, ഇതിന് തെളിവായി മന്ത്രി കൃഷ്ണന്‍കുട്ടിയുടെതെന്ന് അവകാശപ്പെട്ട ഫോണ്‍ സംഭാഷണം താന്‍ പുറത്തുവിട്ടിരുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.


