- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എടോ... ഡിജിപിക്ക് മുകളിലാണ് എന്റെ റാങ്ക്, മെയ് 20 വരെ ഞാന്‍ തന്നെയാണ് ഇവിടുത്തെ എംഎല്‍എ!' പൊലീസിനോട് തട്ടിക്കയറി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍; അങ്ങനെ പേടിച്ചൊന്നുമല്ല ജീവിക്കുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥനും

പൂഞ്ഞാര്‍: പൂഞ്ഞാറില്‍ തിരഞ്ഞെടുപ്പ് ദിനത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കലും പോലീസും തമ്മില്‍ രൂക്ഷമായ വാക്കേറ്റം. കൂവപ്പള്ളിയില്‍ എല്‍ഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസ് സ്ഥാപിച്ചതും ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ വെച്ചതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം. പോളിങ് ബൂത്തില്‍ നിന്നും നിയമപ്രകാരം പാലിക്കേണ്ട നിശ്ചിത ദൂരപരിധി ലംഘിച്ചാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പോലീസ് ഇത് മാറ്റാന്‍ ശ്രമിച്ചതാണ് സ്ഥാനാര്‍ഥിയെ പ്രകോപിപ്പിച്ചത്. തര്‍ക്കം മുറുകിയതോടെ വൈകാരികമായാണ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പ്രതികരിച്ചത്.
തര്‍ക്കത്തിനിടെ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, താന്‍ കഴിഞ്ഞ 35 വര്‍ഷമായി പൊതുരംഗത്ത് സജീവമാണെന്നും നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുന്ന മെയ് 20 വരെ താന്‍ തന്നെയാണ് ഇവിടുത്തെ എംഎല്‍എ എന്നും പോലീസിനോട് പറഞ്ഞു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിക്കൊള്ളാനും അദ്ദേഹം വെല്ലുവിളിച്ചു.
ഡിജിപിക്ക് മുകളിലാണ് തന്റെ റാങ്കെന്നും തിരഞ്ഞെടുപ്പ് ഇന്നത്തോടെ അവസാനിക്കുമെന്നും എംഎല്‍എ ഭീഷണി മുഴക്കി. 'എടോ' എന്ന് വിളിച്ചാണ് പോലീസ് ഉദ്യോഗസ്ഥനോട് എംഎല്‍എ സംസാരിച്ചത്. നിയമം തെറ്റിച്ചതിനെ തുടര്‍ന്നാണ് ഈ നടപടിയെന്നും അങ്ങനെ പേടിച്ചൊന്നുമല്ല ജീവിക്കുന്നതെന്നും പോലീസ് ഉദ്യോഗസ്ഥന്‍ എംഎല്‍എയോട് പറയുന്നതും ദൃശ്യങ്ങളിലുണ്ട്.


