- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിക്സിയില്‍ കുരുങ്ങി ഇടതു കയ്യിലെ ചൂണ്ടുവിരലില്‍ പരിക്കേറ്റു; മുറിവില്‍ പതിനഞ്ചോളം സ്റ്റിച്ചും; മെഡിക്കല്‍ രേഖകള്‍ ഹാജരാക്കിയിട്ടും വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല; കൈക്കുഞ്ഞുമായി ബൂത്തിന് മുന്നില്‍ അക്ഷരയുടെ കാത്തിരിപ്പ്; പ്രതിഷേധം ഉയര്‍ന്നതോടെ സ്ലിപ്പ് നല്കി അനുനയം; ഒടുവില്‍ വോട്ടിട്ട് മടക്കം

തൃശൂര്‍: കടുത്ത പ്രതിഷേധത്തിന് ഒടുവില്‍ ചൂണ്ടുവിരലില്‍ പരിക്കേറ്റ യുവതിയെ വോട്ട് ചെയ്യാന്‍ അനുവദിച്ച് പ്രിസൈഡിംഗ് ഓഫീസര്‍. ഉച്ചയ്ക്ക് ഒരുമണിമുതല്‍ വോട്ട് ചെയ്യാനുള്ള അനുവാദം തേടി കൂര്‍ക്കഞ്ചേരി സ്വദേശിയായ അക്ഷര ബൂത്തില്‍ കാത്തിരിക്കുകയായിരുന്നു. മിക്സിയില്‍ കുരുങ്ങിയാണ് അക്ഷരയുടെ ഇടതു കൈയിലെ ചൂണ്ടുവിരലിന് പരിക്കേറ്റത്. മെഡിക്കല്‍ രേഖകള്‍ കാണിച്ചിട്ടും കൈക്കുഞ്ഞുമായി ബൂത്തിലേക്കെത്തിയ കൂര്‍ക്കഞ്ചേരി സ്വദേശിയായ അക്ഷരയ്ക്കാണ് വോട്ട് നിഷേധിച്ചിരുന്നു. വൈകുന്നേരം അഞ്ച് മണിയോടെ സിപിഐ നേതാവും മുന്‍ മന്ത്രിയുമായ വി എസ് സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
തൃശൂര്‍ കൂര്‍ക്കഞ്ചേരി ബോധാനന്ദ സ്‌കൂളിലെ പോളിംഗ് ബൂത്തിലാണ് സംഭവം. ഉച്ചയ്ക്ക് ഒരുമണിമുതല്‍ വോട്ട് ചെയ്യാനുള്ള അനുവാദം തേടി കൂര്‍ക്കഞ്ചേരി സ്വദേശിയായ അക്ഷര ബൂത്തില്‍ കാത്തിരിക്കുകയായിരുന്നു. കഴിഞ്ഞ ആറാം തീയതിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ മുറിവില്‍ പതിനഞ്ചോളം സ്റ്റിച്ചുകളുണ്ട്. വോട്ട് ചെയ്യാനെത്തിയ തന്നോട് വിരലിലെ കെട്ടഴിച്ച് കാണിക്കാതെ വോട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ ആവശ്യപ്പെട്ടതായി അക്ഷര പ്രതികരിച്ചിരുന്നു.
ബൂത്തിലുണ്ടായിരുന്ന മറ്റ് ഓഫീസര്‍മാര്‍ വലതുകൈയിലെ വിരലില്‍ മഷി പുരട്ടി വോട്ടിടാമെന്ന് നിര്‍ദേശിച്ചെങ്കിലും പ്രിസൈഡിംഗ് ഒഫീസര്‍ അതിന് അനുവദിച്ചില്ലെന്നും അക്ഷര പറയുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പടെ ഹാജരാക്കിയിട്ടും പ്രിസൈഡിംഗ് ഓഫീസര്‍ കടുംപിടുത്തം തുടരുകയായിരുന്നെന്നും യുവതി പറഞ്ഞു.
ഉച്ചയ്ക്ക് വോട്ട് ചെയ്യാനെത്തിയ യുവതിയോട് വോട്ട് ചെയ്യാന്‍ കഴിയില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്ന്, അവര്‍ വീട്ടില്‍ പോയി മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സഹിതം വീണ്ടും എത്തിയെങ്കിലും ഉദ്യോഗസ്ഥന്‍ നിലപാടില്‍ ഉറച്ചുനിന്നു. ഇതോടെ വോട്ട് ചെയ്യാനുള്ള അവകാശം നിഷേധിച്ചതിനെതിരെ ഇവര്‍ ബൂത്തില്‍ കൈക്കുഞ്ഞുമായി പ്രതിഷേധിച്ചു. യുവതിക്ക് വോട്ട് നിഷേധിച്ചതിനെത്തുടര്‍ന്ന് ബൂത്തില്‍ പ്രതിഷേധം ഉടലെടുത്തു. പ്രതിഷേധം മണിക്കൂറുകളായി തുടര്‍ന്നതോടെ ജില്ലാകളക്ടര്‍ അടക്കം യുവതിക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പോളിങ് ഓഫീസര്‍ വോട്ട് ചെയ്യാന്‍ അനുവദിക്കാനാകില്ല എന്ന നിലപാടില്‍ ഉറച്ചുനിന്നു. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ യുവതിയില്‍ നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങിയതിന് ശേഷം പോളിങ് സമയം അവസാനിക്കാറായപ്പോഴാണ് പ്രിസൈഡിങ് ഓഫീസര്‍ വോട്ട് ചെയ്യാന്‍ അനുവദിച്ചത്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് എത്തിയ യുവതിക്ക് വോട്ട് ചെയ്യാനായത് വൈകിട്ട് ആറുമണിക്കാണ്.
ഗുരുതരമായി പരിക്കേറ്റ അക്ഷരയുടെ വിരലിലെ മുറിവ് ഉണങ്ങാത്തതിനാല്‍ വിരല്‍ പൂര്‍ണ്ണമായും ബാന്‍ഡേജ് ചെയ്ത നിലയിലായിരുന്നു. എന്നാല്‍, വോട്ട് ചെയ്യണമെങ്കില്‍ വിരലിലെ കെട്ടഴിച്ച് കാണിക്കണമെന്ന പ്രിസൈഡിംഗ് ഓഫീസറുടെ വിചിത്രമായ വാശിയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. മുറിവിന്റെ ഗൗരവം വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഹാജരാക്കിയിട്ടും നിയമത്തിന്റെ നൂലാമാലകള്‍ പറഞ്ഞ് ഉദ്യോഗസ്ഥന്‍ വഴങ്ങാന്‍ തയ്യാറായില്ല.
സാധാരണഗതിയില്‍ ഇടതുകൈയിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടാന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ ഇടതുകൈയിലെ മറ്റ് വിരലുകളിലോ, അതുമല്ലെങ്കില്‍ വലതുകൈയിലെ വിരലുകളിലോ മഷി പുരട്ടി വോട്ട് ചെയ്യാന്‍ അനുവദിക്കാറുണ്ട്. ഇക്കാര്യം ബൂത്തിലുണ്ടായിരുന്ന മറ്റ് പോളിംഗ് ഉദ്യോഗസ്ഥര്‍ പ്രിസൈഡിംഗ് ഓഫീസറുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അദ്ദേഹം തന്റെ കടുംപിടുത്തത്തില്‍ നിന്ന് പിന്മാറിയില്ല. കെട്ടഴിച്ചാല്‍ മുറിവ് വീണ്ടും തുറക്കുമെന്നും അണുബാധയുണ്ടാകുമെന്നുമുള്ള യുവതിയുടെ വാക്കുകള്‍ ഉദ്യോഗസ്ഥന്‍ പൂര്‍ണ്ണമായും അവഗണിക്കുകയായിരുന്നു.
ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ എല്ലാവരും പങ്കാളികളാകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോഴാണ്, ന്യായമായ കാരണങ്ങളുണ്ടായിട്ടും ഒരു വോട്ടര്‍ക്ക് ഇത്തരത്തില്‍ പുറത്തുനില്‍ക്കേണ്ടി വരുന്നത്. കൈക്കുഞ്ഞുമായി മണിക്കൂറുകളോളം കാത്തുനിന്നിട്ടും വോട്ടവകാശം വിനിയോഗിക്കാന്‍ അനുവദിക്കാത്തത് മനുഷ്യാവകാശ ലംഘനം കൂടിയാണെന്ന ആക്ഷേപം ശക്തമാണ്. മെഡിക്കല്‍ രേഖകള്‍ പോലും മുഖവിലയ്‌ക്കെടുക്കാത്ത പ്രിസൈഡിംഗ് ഓഫീസറുടെ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയിലും പ്രാദേശികമായും ഉയര്‍ന്നത്.


