തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളവോട്ട് ആരോപണം. വടക്കാഞ്ചേരിയില്‍ വോട്ട് ചെയ്യാനെത്തിയ യുവാവിന് വോട്ട് ചെയ്യാനായില്ല. ഗേള്‍സ് സ്‌കൂളിലെ പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയ വടക്കാഞ്ചേരി സ്വദേശി സജീവിന്റെ വോട്ട്, പോസ്റ്റല്‍ വോട്ട് ചെയ്തതായി കണ്ടെത്തി. ഇദ്ദേഹത്തിന് ഇതോടുകൂടി വോട്ട് ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. സംഭവത്തില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് സജീവ്. പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി പോളിംഗ് ബൂത്തിന് സമീപം പ്രതിഷേധിച്ചു.

കുറ്റ്യാടി, ഷൊര്‍ണൂര്‍ എന്നിവിടങ്ങളിലും കള്ളവോട്ട് ആരോപണമുയര്‍ന്നു. കുറ്റ്യാടി മണ്ഡലത്തിലെ ആയഞ്ചേരിയില്‍ വോട്ട് ചെയ്യാനെത്തിയ സീനത്ത് എന്നയാളുടെ വോട്ട് പോസ്റ്റല്‍ വോട്ട് ആയി രേഖപ്പെടുത്തി എന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കിയ പ്രതികരണം. ബൂത്തില്‍ കയറിയപ്പോള്‍ നിങ്ങളുടെ വോട്ട് ചെയ്തിട്ടുണ്ടെന്നും മാറിനില്‍ക്കണമെന്നുമാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്നും സീനത്ത് പറഞ്ഞു. തനിക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ ബാലറ്റില്‍ ചെയ്യാമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ അത് എണ്ണില്ല എന്നാണ് പിന്നീട് പറഞ്ഞത്. എണ്ണാത്ത വോട്ട് ചെയ്തിട്ട് കാര്യമില്ലല്ലോ. വോട്ടര്‍മാരെ വിഡ്ഢികളാക്കുന്ന നിലപാടാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്. ഇഷ്യൂ ഉണ്ടാക്കരുത് എന്നാണ് പ്രിസൈഡിങ് ഓഫീസര്‍ പറഞ്ഞത്. താന്‍ ഇഷ്യൂ ഉണ്ടാക്കാന്‍ വന്നതല്ല. അദ്ദേഹം അങ്ങനെ പറയാന്‍ പാടില്ലെന്നും സീനത്ത് പ്രതികരിച്ചു

ഷൊര്‍ണൂരില്‍ കന്നിവോട്ടറുടെ വോട്ട് മറ്റൊരാള്‍ രേഖപ്പെടുത്തിയെന്ന് പരാതിയുണ്ട്. പരുത്തിപ്ര ബിഎംഎസ്എല്‍പി സ്‌കൂളിലെ 169 നമ്പര്‍ ബൂത്തില്‍ ബി. നിഖില്‍ എന്നയാളുടെ വോട്ടാണ് മറ്റാരോ രേഖപ്പെടുത്തിയത്. കായംകുളം പുള്ളിക്കണക്ക് 105ാം ബൂത്തിലെ വോട്ടറായ അനന്തകൃഷ്ണന്റെ വോട്ട് മറ്റാരോ ചെയ്‌തെന്ന് പരാതി. അമ്പലപ്പുഴ കാക്കാഴത്തും കള്ളവോട്ട് പരാതി ഉയര്‍ന്നു. കാക്കാഴം സ്വദേശി ഷാജിമോന്റെ വോട്ട് മറ്റൊരാള്‍ പോസ്റ്റല്‍വോട്ട് ചെയ്തതായാണ് പരാതി. അമ്പലപ്പുഴയില്‍ തന്നെ യുവതിയുടെ വോട്ട് അതേ പേരിലുള്ള മറ്റൊരാള്‍ ചെയ്തു. തീരദേശ എല്‍ പി സ്‌കൂളില്‍ നിഷാന നാസറിന് വോട്ട് ചെയ്യാനായില്ല. പരാതി നല്‍കിയപ്പോള്‍ ചലഞ്ച് വോട്ട് ചെയ്യാന്‍ അനുവദിച്ചു.

ചെങ്ങന്നൂര്‍ തിരുവണ്ടൂരില്‍ ബിജെപി നേതാവിന്റെ വോട്ട് മറ്റൊരാള്‍ ചെയ്തു. പരാതിയെ തുടര്‍ന്ന് കൗണ്ടര്‍ വോട്ട് ചെയ്തു. കായംകുളം പുള്ളിക്കണക്ക് 105ാം ബൂത്തിലും കള്ളവോട്ട് പരാതി ഉയര്‍ന്നു. അനന്തകൃഷ്ണന്‍ എന്നയാളുടെ വോട്ട് മറ്റാരോ ചെയ്തു. തിരുവനന്തപുരം ബീമാപ്പള്ളിയില്‍ കള്ളവോട്ട് പരാതി ഉയര്‍ന്നു. ഗവ യു.പി സ്‌കൂളിലെ 196, 200 ബൂത്തുകളില്‍ കള്ളവോട്ട് നടന്നെന്നാണ് ആരോപണം. യു.ഡി.എഫ് ഏജന്റിന്റെ സഹോദരി കള്ളവോട്ട് ചെയ്തുവെന്ന് എല്‍.ഡി.എഫ് ആരോപിച്ചു. മകളുടെ കന്നിവോട്ട് നഷ്ടമായെന്ന് അമ്മ സമീറാ ബീവി പരാതിപ്പെട്ടു.

തൃപ്പൂണിത്തുറ, കൊച്ചി, കളമശേരി തുടങ്ങിയ മണ്ഡലങ്ങളിലും കള്ളവോട്ട് പരാതി ഉയര്‍ന്നു. തൃപ്പൂണിത്തുറ മണ്ഡലത്തില്‍ ഇടക്കൊച്ചി സ്വദേശിയായ കാളിയത്ത് കുഞ്ഞുമോളുടെ വോട്ടാണ് മറ്റാരോ ചെയ്തത്. വോട്ട് ചെയ്യാനായി ഇടക്കൊച്ചി അക്വിനാസ് കോളജില്‍ 282-ാം ബൂത്തില്‍ എത്തിയപ്പോള്‍ അവരുടെ വോട്ട് മറ്റാരോ ചെയ്തുവെന്ന വിവരം ലഭിച്ചത്. ഇതോടെ ടെന്‍ഡര്‍ വോട്ട് ചെയ്ത് കുഞ്ഞുമോള്‍ മടങ്ങി.

തൃപ്പൂണിത്തുറയില്‍ സര്‍ക്കാര്‍ ഗേള്‍ഡ് എല്‍പി സ്‌കൂളിലും കള്ളവോട്ട് നടന്നതായി പരാതി. 51 എ ബൂത്തില്‍ രാജേഷ് എന്ന യുവാവ് വോട്ട് ചെയ്യാനായി എത്തിയപ്പോഴാണ് മറ്റൊരാള്‍ ചെയ്തതായി അറിഞ്ഞത്. കൊച്ചി മണ്ഡലത്തില്‍ പള്ളുരുത്തി വെങ്കിടേശ്വര സ്‌കൂളിലെ 152-ാം ബൂത്തിലും കള്ളവോട്ട് ചെയ്തതായി പരാതിയുണ്ട്. ജാസ്മിന്‍ എന്ന യുവതിയുടെ വോട്ടാണ് മറ്റാരോ ചെയ്തത്. യുവതി പരാതിപ്പെട്ടതോടെ ടെന്‍ഡര്‍ വോട്ട് ചെയ്യാന്‍ അനുവദിച്ചു. കളമശേരി മണ്ഡലത്തിലെ കിഴക്കേ കടുങ്ങല്ലൂര്‍ എല്‍പി സ്‌കൂളിലെ 77-ാം നമ്പര്‍ ബൂത്തില്‍ അജയ് ജി. കൃഷ്ണ എന്നയാളുടെ വോട്ടും മറ്റാരോ ചെയ്തതായി പരാതി. ഇവിടെ അരമണിക്കൂറോളം വോട്ടെടുപ്പ് തടസപ്പെട്ടു. തുടര്‍ന്ന് ടെന്‍ഡര്‍ വോട്ടിന് അനുമതി നല്‍കി.

കുന്നമംഗലത്ത് ബൂത്ത് 24ലാണ് കള്ളവോട്ട് നടന്നത്. ചേലൂര്‍ തടായില്‍ ജാനുവിന്റെ വോട്ട് മറ്റൊരാള്‍ ചെയ്തു. തിരുവല്ല പുറമറ്റത്ത് ബൂത്തില്‍ സ്ത്രീയുടെ പേരില്‍ നേരത്തെ ആരോ വോട്ട് ചെയ്തു. സ്ത്രീ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് തിരിച്ചറിഞ്ഞത്. കുറ്റ്യാടിയില്‍ കള്ളവോട്ട് തടഞ്ഞ യു.ഡി.എഫ് ബൂത്ത് ഏജന്റിന് മര്‍ദനമേറ്റു. കോവളത്തെ ഐശ്വര്യയുടെ വോട്ട് മറ്റാരോ ചെയ്‌തെന്ന് പരാതി. തൊടുപുഴയിലെ മായമോളുടെ വോട്ടും മറ്റാരോ ചെയ്തു. മായമോള്‍ക്ക് ടെന്‍ഡര്‍ വോട്ട് നല്‍കി.

ഒറ്റപ്പാലം മണ്ഡലത്തിലെ വിവിധ ബൂത്തുകളില്‍ കള്ളവോട്ട് നടന്നതായി പരാതി. മണ്ഡലത്തിലെ നാല് പ്രധാന ബൂത്തുകളിലാണ് വോട്ടര്‍മാര്‍ തങ്ങളുടെ വോട്ട് മറ്റാരോ രേഖപ്പെടുത്തിയെന്ന ആരോപണവുമായി രംഗത്തെത്തിയത്. മീറ്റ്‌ന സീനിയര്‍ ബേസിക് സ്‌കൂളില്‍ 168, 169 എന്നീ രണ്ട് ബൂത്തുകളില്‍ കള്ളവോട്ട് നടന്നതായി വോട്ടര്‍മാര്‍ പരാതിപ്പെട്ടിട്ടുണ്ട്. പടിഞ്ഞാര്‍ക്കര എല്‍.പി സ്‌കൂളിലെ 163-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ വോട്ടര്‍ക്ക് തന്റെ വോട്ട് നേരത്തെ രേഖപ്പെടുത്തിയതായി കണ്ടെത്തുകയായിരുന്നു. അമ്പലപ്പാറ എ.എല്‍.പി സ്‌കൂളില്‍ 98-ാം നമ്പര്‍ ബൂത്തിലും സമാനമായ രീതിയില്‍ വോട്ട് മറിച്ചതായി ആക്ഷേപം ഉയര്‍ന്നു.

സ്വന്തം വോട്ട് മറ്റാരോ ചെയ്‌തെന്ന ആക്ഷേപം ശക്തമായതോടെ ബൂത്തുകളില്‍ നേരിയ തോതില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. എന്നാല്‍, വോട്ട് നഷ്ടപ്പെട്ടതായി പരാതിപ്പെട്ട വോട്ടര്‍മാര്‍ക്ക് ഉദ്യോഗസ്ഥര്‍ 'ടെന്‍ഡര്‍ വോട്ട്' ചെയ്യാന്‍ അനുമതി നല്‍കി. തങ്ങളുടെ ജനാധിപത്യപരമായ അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വോട്ടര്‍മാരും രാഷ്ട്രീയ ഏജന്റുമാരും പോളിങ് സ്റ്റേഷനുകളില്‍ പ്രതിഷേധം രേഖപ്പെടുത്തി. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്റെ ഭാഗത്തുനിന്നും കൂടുതല്‍ അന്വേഷണം ഉണ്ടായേക്കും.