കോട്ടയം: പുതുപ്പള്ളി നിയോജക മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്നുള്ള നേതാവിനെ അടർത്തിയെടുത്ത് ചാണ്ടി ഉമ്മന് എതിരാളിയായി പ്രതിഷ്ഠിക്കാനൊരുങ്ങി എൽഡിഎഫ് എന്ന വാർത്തകൾ വന്നതിനിടെ ഇത് നിഷേധിച്ചു മന്ത്രി വി എൻ വാസവൻ. പുതുപ്പള്ളിയിൽ സിപിഎം സ്ഥാനാർത്ഥി തന്നെ പാർട്ടി ചിഹ്നത്തിൽ മത്സരിക്കുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. കോൺഗ്രസ് നേതാവിനെ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കുമെന്നത് അഭ്യൂഹം മാത്രമാണ്. ഒരു കോൺഗ്രസ് നേതാക്കളുമായും ഇക്കാര്യത്തിൽ ചർച്ചകൾ നടക്കുന്നില്ലെന്നും വാസവൻ പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനും കോട്ടയം ജില്ലാ പഞ്ചായത്ത് പുതുപ്പള്ളി ഡിവിഷൻ അംഗവുമായ നിബു ജോൺ ഇടത് സ്ഥാനാർത്ഥിയായി എത്തുമെന്നാണാണ് രാഷ്ട്രീയ അഭ്യൂഹം ഉണ്ടായത്. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനും പുതുപ്പള്ളി മണ്ഡലത്തിലെ കോൺഗ്രസ് പ്രമുഖനുമാണ് നിബു. പുതുപ്പള്ളിയിൽ അരിവാൾ ചുറ്റിക ചിഹ്നത്തിൽത്തന്നെ സ്ഥാനാർത്ഥി വരുമെന്ന് ഉറപ്പിക്കാനാവില്ലെന്ന് സഹകരണ വകുപ്പ് മന്ത്രിയും ജില്ലയിലെ പ്രമുഖ നേതാവുമായ വി.എൻ. വാസവൻ പ്രസ്താവിച്ചപ്പോൾത്തന്നെ കോൺഗ്രസ് കേന്ദ്രങ്ങളിൽ സംശയം ഉയർന്നിരുന്നു. ഇതോടെയാണ് നിബുവിന്റെ പേര്് ചർച്ചയായത്.

ചാണ്ടി ഉമ്മനെതിരേ പൊതു സ്വതന്ത്രനെ രംഗത്തിറക്കണമെന്നാണ് എൽഡിഎഫിലെ പൊതുനിലപാട്. ഇതാണ് നിബുവിലേക്ക് എത്താൻ എൽഡിഎഫിനെ പ്രേരിപ്പിച്ചത്. നിബുവിന്റെ പേര് പല കോണുകളിലും പറയുന്നുണ്ടെങ്കിലും എൽഡിഎഫ് നേതൃത്വം ഇത് സംബന്ധിച്ച് സ്ഥിരീകരണം ഒന്നും നൽകിയിട്ടില്ല. വ്യാഴാഴ്ച കോട്ടയത്ത് നിബു ജോൺ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. സ്ഥനാർഥിയാകുമെന്ന അഭ്യൂഹം പ്രചരിച്ചതോടെ, കോൺഗ്രസിന്റെ സാമൂഹ്യമാധ്യമ ഗ്രൂപ്പുകളിൽ നിബുവിനെതിരെ ശക്തമായ പ്രചരണം ആരംഭിച്ചുകഴിഞ്ഞു.

അതേസമയം കോൺഗ്രസ് നേതാക്കളുമായി തങ്ങൾ ചർച്ച നടത്തിയെന്ന വാർത്തകൾ ദുരുദ്ദേശപരമായി സൃഷ്ടിക്കപ്പെട്ടതാണെന്ന് വി എൻ വാസവൻ പറയുന്നു. അത് ആ ക്യാമ്പിൽ നിന്ന് തന്നെ വരുന്നതാണ്. അതെല്ലാം അടിസ്ഥാന രഹിതവുമാണ്. രാഷ്ട്രീയ പോരാട്ടത്തിന് തന്നെയാണ് പുതുപ്പള്ളിയിൽ തങ്ങൾ തയ്യാറെടുക്കുന്നതെന്നും വി എൻ വാസവൻ കൂട്ടിച്ചേർത്തു.

പുതുപ്പള്ളിയിൽ ഇതുവരെ സ്ഥാനാർത്ഥി നിർണയം നടത്തിയിട്ടില്ലാത്ത എൽഡിഎഫ് കോട്ടയത്ത് തിരക്കിട്ട ചർച്ചകളാണ് നടത്തുന്നതെന്നായിരുന്നു വാർത്തകൾ. രണ്ട് കോൺഗ്രസ് നേതാക്കളെ ഉന്നമിട്ടാണ് കോട്ടയത്ത് ചർച്ചകൾ പുരോഗമിക്കുന്നതെന്നായിരുന്നു അഭ്യൂഹം. വർഷങ്ങളായി ഉമ്മൻ ചാണ്ടിയുടെ സന്തത സഹചാരിയായിരുന്ന, ഇപ്പോൾ ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ ഒരു നേതാവിനെ എൽഡിഎഫ് പരിഗണിക്കുന്നുവെന്ന സൂചനയും പുറത്തെത്തിയിരുന്നു.

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം സ്ഥാനാർത്ഥിയെ രംഗത്തിറക്കി യുഡിഎഫ് പ്രചാരണത്തിൽ ഒരു ചുവട് മുന്നിലാണ് ഇപ്പോൾ. പ്രഖ്യാപനം വന്ന ഉടൻ തന്നെ ചാണ്ടി ഉമ്മൻ പ്രചാരണം ആരംഭിച്ചിരുന്നു. മണ്ഡലത്തിൽ ചുവരെഴുത്തും പ്രചാരണ ബോർഡുകളും വന്നു കഴിഞ്ഞു. ശനിയാഴ്ച എൽഡിഎഫ് പ്രഖ്യാപനം തീരുമാനിച്ചിരിക്കെയാണ് അപ്രതീക്ഷിത സ്ഥാനാർത്ഥി ഉണ്ടായേക്കുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നത്.

നേരത്തെ ജയ്ക് സി തോമസ് അടക്കം മൂന്ന് സിപിഎം നേതാക്കളുടെ പേര് പാർട്ടി പരിഗണിക്കുന്നുവെന്നാണ് വാർത്തകൾ വന്നിരുന്നത്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി മണ്ഡലത്തിലേക്ക് അപ്രതീക്ഷിത സ്ഥാനാർത്ഥിയെ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ജെയ്ക്ക് സി തോമസ് മത്സരിച്ചാൽ പോലും നിലം തൊടാതെ തോൽക്കുമെന്ന കാര്യം ഉറപ്പാണ്. ഇത് ഭാവിയിൽ ജെയ്ക്കിന്റെ രാഷ്ട്രീയ ഭാവി പോലും പോകാൻ ഇടയാക്കും.

ഈ പശ്ചാത്തലത്തിലാണ് എൽഡിഎഫ് അപ്രതീക്ഷിത സ്ഥാനാർത്ഥിയെ പരിഗണിക്കുന്നത്. റെജി സക്കറിയുടെ പേര് അടക്കം പരിഗണിച്ചങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അതൊരുന്നു പറ്റില്ലെന്നാണ് കണക്കു കൂട്ടൽ. ഇതോടെയാണ് കോൺഗ്രസ് പാളയത്തിലുള്ള നേതാവിനെ മറുകണ്ടം ചാടിക്കാൻ നീക്കം നടക്കുന്നത്. അതേസമയം ഈ നേതാവ് സ്ഥാനാർത്ഥിയാകാതിരിക്കാൻ കോൺഗ്രസ് നേതാക്കളും നീക്കം നടത്തുന്നു.