കൊച്ചി: എറണാകുളം പറവൂർ ബ്ലോക്ക് പഞ്ചായത്തിലെ കെടാമംഗലം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സിപിഐ നേതാവും AISF മുൻ സംസ്‌ഥാന ജോയിന്റ് സെക്രട്ടറിയുമായ നിമിഷ രാജുവിന്റെ പരാജയം വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. എസ്എഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം.

ആർഷോയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് പരാതി നൽകിയ യുവനേതാവായിരുന്നു നിമിഷ. ഈ പശ്ചാത്തലം കാരണം, അവരുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചപ്പോൾ തന്നെ മുന്നണിക്കുള്ളിൽ ചെറിയ എതിർപ്പുകൾ ഉയർന്നിരുന്നു. എസ്എഫ്‌ഐ, ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഭാഗത്തുനിന്ന് എതിർപ്പുണ്ടായിട്ടും സിപിഐ നേതൃത്വം നിമിഷയെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു.

തെരഞ്ഞെടുപ്പിൽ നിമിഷ രാജു പരാജയപ്പെട്ടതോടെയാണ് വിവാദം രൂക്ഷമായത്. തോൽവിക്ക് കാരണം മുന്നണിക്കുള്ളിലെ ചില വിഭാഗങ്ങളുടെ നിസ്സഹകരണമാണ് എന്നാണ് പ്രധാനമായും ഉയർന്നുവരുന്ന ആരോപണം. ആർഷോയുമായി ബന്ധപ്പെട്ട പഴയ കേസിന്റെ പേരിൽ, സിപിഐഎമ്മിന്റെ ചില പ്രാദേശിക നേതാക്കളും പ്രവർത്തകരും നിമിഷയുടെ വിജയത്തിനായി കാര്യമായി പ്രവർത്തിച്ചില്ലെന്ന് പറയപ്പെടുന്നു.

ഈ ആഭ്യന്തര ഭിന്നതയും നിസ്സഹകരണവുമാണ് സിപിഐ സ്ഥാനാർത്ഥിയുടെ തോൽവിക്ക് വഴിവെച്ചതെന്നാണ് വിലയിരുത്തൽ. ഇടതുമുന്നണിയിലെ സഖ്യകക്ഷികൾ തമ്മിലുള്ള രാഷ്ട്രീയമായ അകൽച്ചയും ആഭ്യന്തര തർക്കങ്ങളും ഈ തിരഞ്ഞെടുപ്പ് ഫലത്തോടെ വീണ്ടും പൊതുസമൂഹത്തിൽ ചർച്ചയായിരിക്കുകയാണ്.