തിരുവനന്തപുരം: 'ലൗ ജിഹാദ്' പ്രസ്താവനയില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കാട്ടാക്കടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.കെ. കൃഷ്ണദാസ് വ്യക്തമാക്കി. ഈ വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടിയ സാഹചര്യത്തില്‍, കമ്മീഷന്‍ എന്തെങ്കിലും ആവശ്യപ്പെട്ടാല്‍ നിയമപരമായി മറുപടി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത തെരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു കൃഷ്ണദാസിന്റെ വിവാദ പരാമര്‍ശം. 'ലൗ ജിഹാദ്' ഒരു യാഥാര്‍ത്ഥ്യമാണെന്നും, മതതീവ്രവാദികള്‍ക്ക് മതമോ മനുഷ്യത്വമോ ഇല്ലെന്നും ഇത് ഭീകരപ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എല്‍ഡിഎഫും യുഡിഎഫും അധികാരത്തില്‍ വന്നാല്‍ ഭരണം നിയന്ത്രിക്കുന്നത് എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമായിരിക്കുമെന്നും പാകിസ്ഥാന്‍ അനുകൂല സംഘടനകള്‍ 'ലൗ ജിഹാദി'നെ പ്രോത്സാഹിപ്പിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞിരുന്നു. ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും ഇതിന് രണ്ട് മുന്നണികളും സഹായിക്കുമെന്നും, ക്രൈസ്തവ പെണ്‍കുട്ടികളെയും പ്രണയം നടിച്ച് രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുമെന്നും കേരളം അപകടാവസ്ഥയിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ പരാമര്‍ശങ്ങളെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടിയത്. കമ്മീഷന്‍ തന്നോട് എന്തെങ്കിലും ആവശ്യപ്പെട്ടാല്‍ അതിന് നിയമപരമായി മറുപടി നല്‍കുമെന്നാണ് പി.കെ. കൃഷ്ണദാസിന്റെ നിലപാട്.

തിരഞ്ഞെടുപ്പ് അടുക്കുന്തോറും എന്‍ഡിഎയുടെ വിജയസാധ്യത വര്‍ദ്ധിക്കുകയാണെന്നും എല്‍ഡിഎഫും യുഡിഎഫും തീവ്രവാദ ശക്തികളുമായി സഖ്യം ഉണ്ടാക്കുകയാണെന്നും കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇത്തരം ശക്തികളുടെ ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെ ഈ മുന്നണികള്‍ ന്യായീകരിക്കുന്നു. വിശ്വാസ സംരക്ഷണത്തിന് എന്‍ഡിഎ അനിവാര്യമാണെന്ന് ജനങ്ങള്‍ക്ക് തോന്നിത്തുടങ്ങി. സ്വര്‍ണ്ണക്കടത്ത് കേസില്‍ എല്‍ഡിഎഫിനും യുഡിഎഫിനും പങ്കുണ്ടെന്നും, തീവ്രവാദ പാര്‍ട്ടികളുമായി ഈ മുന്നണികള്‍ പരസ്യമായി സഖ്യവും സഹകരണവും ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിബിഐ അന്വേഷണം വന്നാല്‍ സിപിഎം മാത്രമല്ല കോണ്‍ഗ്രസ് നേതാക്കളും ജയിലില്‍ പോകേണ്ടി വരുമെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.