തിരുവനന്തപുരം: മുന്‍ മന്ത്രി ജി. സുധാകരനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ 'ചെറ്റത്തരം' പരാമര്‍ശത്തിന് എതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തി. താഴെപ്പോയത് ജി. സുധാകരന്റെ നിലവാരമല്ല, മറിച്ച് മുഖ്യമന്ത്രിയുടേതാണെന്ന് സതീശന്‍ തുറന്നടിച്ചു.

പണ്ട് 'പരനാറി' എന്ന് വിളിച്ച മുഖ്യമന്ത്രി ഇപ്പോള്‍ 'ചെറ്റത്തരം' എന്ന വാക്കാണ് ഉപയോഗിക്കുന്നത്. ഇത് ഒരു ഭരണാധികാരിക്ക് ചേര്‍ന്നതല്ലെന്നും ഇത്തരം ക്രൂരമായ പെരുമാറ്റത്തിന് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. ജി. സുധാകരന്‍ ഉത്തമനായ കമ്മ്യൂണിസ്റ്റാണെന്ന് പ്രതിപക്ഷ നേതാവ് സാക്ഷ്യപ്പെടുത്തി. സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിനെതിരെ പോലും മുഖ്യമന്ത്രി ഇത്തരത്തില്‍ സംസാരിക്കുന്നത് അപക്വമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

'സി.ജെ.പി'യും 'ബി ടീമും'; രാഹുലിനെ ചൊല്ലിയും പോര്

കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കും സതീശന്‍ മറുപടി നല്‍കി. ദേശീയതലത്തിലെ സിപിഎമ്മില്‍ നിന്ന് വ്യത്യസ്തമായി പിണറായി വിജയന്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ കുമ്പിട്ടു നില്‍ക്കുകയാണെന്ന് സതീശന്‍ പരിഹസിച്ചു. രാഹുല്‍ ഗാന്ധിയെ തകര്‍ക്കാന്‍ സിപിഎം ബിജെപിക്ക് കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

രാഹുല്‍ ഗാന്ധി സിപിഎമ്മിനെ 'സി.ജെ.പി' (സിപിഎം-ബിജെപി സഖ്യം) എന്ന് വിശേഷിപ്പിച്ചതിനെതിരെയാണ് കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമാണെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചത്. കോണ്‍ഗ്രസ് കുളം കലക്കുന്നത് ബിജെപിക്കാണ് ഗുണകരമാകുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജി. സുധാകരനെതിരെ മുഖ്യമന്ത്രി കടുത്ത വാക്കുകള്‍ ഉപയോഗിച്ചത്. സുധാകരന്‍ കാണിച്ചത് 'ചെറ്റത്തരം' ആണെന്നും അതിനെ വിശേഷിപ്പിക്കാന്‍ മറ്റൊരു വാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതാണ് ഇപ്പോള്‍ രാഷ്ട്രീയ കേരളത്തില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്