പാലക്കാട്: ഒറ്റപ്പാലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പി.കെ. ശശിക്കെതിരെ അതിരൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. പാലക്കാട് നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കവെ, പി.കെ. ശശി ഒരു വഞ്ചകനാണെന്നും വഞ്ചനയുടെ ചരിത്രം പേറുന്നവരെ കാലം എന്നും ഒറ്റപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു.

വഞ്ചകർക്ക് അർഹിക്കുന്ന ശിക്ഷ ചരിത്രം എക്കാലത്തും നൽകിയിട്ടുണ്ടെന്ന് ഓർമ്മിപ്പിച്ച മുഖ്യമന്ത്രി, ഒറ്റപ്പെടൽ എന്താണെന്ന് വഞ്ചകർ ഇനി വരാനിരിക്കുന്ന ദിവസങ്ങളിൽ അറിയാൻ പോകുന്നതേയുള്ളൂവെന്നും വ്യക്തമാക്കി. വഞ്ചന കാട്ടിയവർക്ക് ജനമധ്യത്തിൽ സ്ഥാനമുണ്ടാകില്ലെന്നും, പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞ് പോയവർക്കുള്ള കനത്ത തിരിച്ചടിയാകും ഈ തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാർത്ഥി നിർണയം കോൺഗ്രസിന്റെയും മുന്നണിയുടെയും വലിയ ഗതികേടാണ് വെളിപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. സ്വന്തം പാളയത്തിൽ നിന്ന് യോഗ്യരായ സ്ഥാനാർത്ഥികളെ കണ്ടെത്താൻ കഴിയാത്തതുകൊണ്ടാണ് ഇത്തരത്തിൽ ഒരാളെ കൂട്ടുപിടിക്കേണ്ടി വന്നതെന്നും, ഇത് യുഡിഎഫിന്റെ നിസ്സഹായവസ്ഥയാണെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.