ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയില്‍നിന്ന് ആളുകളെ ഓണ്‍ലൈനായി നീക്കാന്‍ സാധിക്കുമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഇത്തരം ആരോപണങ്ങള്‍ തെറ്റായ ധാരണകള്‍ക്ക് വഴിതെളിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം എക്‌സ് വഴിയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതികരണവുമായെത്തിയത്. വോട്ടര്‍ പട്ടികയില്‍നിന്ന് പൊതുജനങ്ങള്‍ക്ക് മറ്റുള്ളവരെ നീക്കം ചെയ്യാന്‍ സാധിക്കുമെന്നത് രാഹുല്‍ ഗാന്ധിയുടെ തെറ്റിദ്ധാരണയാണെന്ന് കമ്മിഷന്‍ വിശദീകരിച്ചു. 2023-ല്‍ കര്‍ണാടകയിലെ അലന്ദ് നിയമസഭാ മണ്ഡലത്തില്‍ വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് നീക്കാനുള്ള ശ്രമങ്ങള്‍ നടന്നുവെങ്കിലും വിജയിച്ചില്ലെന്നും കമ്മിഷന്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്. 2018-ല്‍ അലന്ദ് മണ്ഡലത്തില്‍ ബിജെപിയുടെ സുഭാഷ് ഗട്ടീദാറാണ് വിജയിച്ചതെന്നും, എന്നാല്‍ 2023-ല്‍ കോണ്‍ഗ്രസിലെ ബി.ആര്‍.പാട്ടിലാണ് വിജയം കൈവരിച്ചതെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി. രാഹുലിന്റെ ആരോപണങ്ങള്‍ തെറ്റും അടിസ്ഥാനമില്ലാത്തതുമാണ്. രാഹുല്‍ പറയുന്നതുപോലെ ആര്‍ക്കെങ്കിലും ഓണ്‍ലൈനായി മറ്റാരെയെങ്കിലും വോട്ടര്‍പട്ടികയില്‍ നിന്നു നീക്കാനാവില്ലെന്നും കമ്മീഷന്‍ കുറിപ്പില്‍ വ്യക്തമാക്കി.


നേരത്തെ, ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ രാഹുല്‍ ഗാന്ധി ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. വോട്ടര്‍ പട്ടികയില്‍ കേന്ദ്രീകൃതമായി നടക്കുന്ന 'വോട്ടുകൊള്ള'ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കൂട്ടുനില്‍ക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു. കര്‍ണാടകയിലെ അലന്ദ് മണ്ഡലത്തില്‍ മാത്രം 6018 വോട്ടര്‍മാരെ പട്ടികയില്‍നിന്ന് നീക്കം ചെയ്തതായും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉടനടിയുള്ള പ്രതികരണം.

കര്‍ണാടകയിലെ ഒരു നിയമസഭാ മണ്ഡലമാണ് അലന്ദ്. അവിടെ ആരോ 6018 വോട്ടുകള്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചു. 2023-ലെ തിരഞ്ഞെടുപ്പില്‍ അലന്ദില്‍ നിന്ന് ആകെ എത്ര വോട്ടുകള്‍ നീക്കം ചെയ്യപ്പെട്ടു എന്ന് നമുക്കറിയില്ല. ആ സംഖ്യ 6,018-ലും വളരെ കൂടുതലാണ്. എന്നാല്‍ 6018 വോട്ടുകള്‍ നീക്കം ചെയ്യുന്നതിനിടെ ഒരാള്‍ പിടിക്കപ്പെട്ടു, യാദൃച്ഛികമായാണ് അത് പിടിക്കപ്പെട്ടതും. സംഭവിച്ചതെന്തെന്നാല്‍, അവിടുത്തെ ബൂത്ത് ലെവല്‍ ഓഫീസറുടെ അമ്മാവന്റെ വോട്ട് നീക്കം ചെയ്യപ്പെട്ടതായി അവരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന്, ആരാണ് തന്റെ അമ്മാവന്റെ വോട്ട് നീക്കം ചെയ്തതെന്ന് അവര്‍ പരിശോധിച്ചു, അപ്പോഴാണ് ഒരു അയല്‍വാസിയാണ് അത് ചെയ്തതെന്ന് അവര്‍ കണ്ടെത്തിയത്. അവര്‍ അയല്‍വാസിയോട് ചോദിച്ചപ്പോള്‍, താന്‍ ഒരു വോട്ടും നീക്കം ചെയ്തിട്ടില്ലെന്ന് അവര്‍ പറഞ്ഞു. വോട്ട് നീക്കം ചെയ്തെന്ന് പറയുന്ന ആള്‍ക്കോ, വോട്ട് നഷ്ടപ്പെട്ട ആള്‍ക്കോ ഇതിനെക്കുറിച്ച് യാതൊരു അറിവുമുണ്ടായിരുന്നില്ല. മറ്റേതോ ശക്തി ഈ നടപടിക്രമത്തെ ഹൈജാക്ക് ചെയ്യുകയും വോട്ട് നീക്കം ചെയ്യുകയുമായിരുന്നു. -രാഹുല്‍ പറഞ്ഞു. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രാഹുല്‍ ഗാന്ധി വിശദീകരിച്ചത്.

വോട്ട് നീക്കംചെയ്യുന്നതിനായി കേന്ദ്രീകൃത സംവിധാനം പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണമാണ് രാഹുല്‍ ഇന്ന് ഉന്നയിച്ചത്. 'ദശലക്ഷക്കണക്കിനു വോട്ടുകളാണ് ഇത്തരത്തില്‍ രാജ്യത്താകമാനം നീക്കംചെയ്യുന്നത്. പ്രധാനമായും, പ്രതിപക്ഷത്തിനു വോട്ട് ചെയ്യുന്ന ദലിതര്‍, ഗോത്രവിഭാഗക്കാര്‍, പിന്നാക്കക്കാര്‍, മുസ്ലിംകള്‍ എന്നിവരെ പ്രത്യേകം ലക്ഷ്യമിട്ട് വോട്ട് നീക്കുന്നു. ഇത് നേരത്തെ നിരവധി തവണ കേട്ടിട്ടുണ്ടെങ്കിലും ഇപ്പോള്‍ 100 ശതമാനം തെളിവോടെ പുറത്തുവന്നിരിക്കുകയാണ്'' രാഹുല്‍ പറഞ്ഞു.

ഓട്ടോമാറ്റിക് സോഫ്റ്റ്വെയര്‍ വോട്ടു കൊള്ളയ്ക്കായി പ്രവര്‍ത്തിക്കുകയാണ്. പട്ടികയില്‍ നിന്നു വോട്ട് നീക്കാനുള്ള അപേക്ഷകനായി കാണിക്കുന്നത് ഓരോ ബൂത്തിലെയും ആദ്യത്തെ വോട്ടറുടെ പേരാണ്. ഇത് കേന്ദ്രീകൃതമായി ചെയ്യുന്നതാണെന്നു വ്യക്തമാണ്. ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നീക്കിയ ആദ്യത്തെ 10 ബൂത്തുകളും കോണ്‍ഗ്രസ് ബൂത്തുകളാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

അതേസമയം രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബിജെപി രംഗത്തെത്തി. തെറ്റായതും അടിസ്ഥാനരഹിതവുമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് രാഹുല്‍ ശീലമാക്കിയിരിക്കുകയാണെന്ന് ബിജെപി എംപി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. കോടതികളുടെ ശാസന അദ്ദേഹത്തിന് കിട്ടുന്നത് പതിവായിരിക്കുന്നു. രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് 90 ശതമാനം തിരഞ്ഞെടുപ്പുകളും പരാജയപ്പെട്ടു. അദ്ദേഹത്തിന്റെ നിരാശ ഓരോ ദിവസവും വര്‍ദ്ധിക്കുകയാണെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.