- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സി.എസ്. സുജാതക്കെതിരായ ജാതി അധിക്ഷേപം: ജി. സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍; പരാജയഭീതി മൂലം എന്തുപറയാമെന്ന മാനസികാവസ്ഥയില്‍
ജി. സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ: സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം സി.എസ്. സുജാതയ്‌ക്കെതിരായ ജാതി അധിക്ഷേപത്തിന്റെ പേരില്‍ മുന്‍മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി. സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍ രംഗത്തെത്തി. പരാജയഭീതിയാണ് സുധാകരന്റെ ഈ നിലപാടുകള്‍ക്ക് പിന്നിലെന്നും, ജയിക്കാന്‍ എന്ത് പരാമര്‍ശവും നടത്താമെന്ന മാനസികാവസ്ഥയിലാണ് അദ്ദേഹമെന്നും സജി ചെറിയാന്‍ കുറ്റപ്പെടുത്തി.
ഒരു സ്ത്രീയെ സമുദായം പറഞ്ഞ് ആക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും, ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സജി ചെറിയാന്‍ പറഞ്ഞു. അമ്പലപ്പുഴയിലെ ജനങ്ങള്‍ ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയാണെന്നും, അവര്‍ അവസരവാദത്തിന് അറുതിവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രകമ്മിറ്റി അംഗമായ സി.എസ്. സുജാത ദീര്‍ഘകാലമായി സംഘടനാ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണെന്നും, അവര്‍ക്ക് ആലപ്പുഴ ജില്ലയിലെ തിരഞ്ഞെടുപ്പ് ചുമതലയാണുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ജി. സുധാകരന്‍ ശത്രുക്കള്‍ക്ക് ഒത്താശ ചെയ്യുകയാണെന്ന് ആരോപിച്ച സജി ചെറിയാന്‍, സുധാകരനെ നേതാവ് എന്ന് വിളിക്കരുതെന്നും ആവശ്യപ്പെട്ടു. രാഷ്ട്രീയ ധാര്‍മ്മികതയാണ് ഒരു നേതാവിന് വേണ്ടതെന്നും, അത് അദ്ദേഹത്തിന് നഷ്ടപ്പെട്ടെന്നും മന്ത്രി പറഞ്ഞു. വിശ്വസിച്ച ജനങ്ങളെ ഒറ്റിക്കൊടുത്തു, സ്വന്തം നിലവാരം നശിപ്പിച്ചു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. സഹോദരനായ ഭുവനേശ്വരനെ എസ്എഫ്‌ഐക്കാര്‍ കൊന്നു എന്ന് സുധാകരന്‍ ആരോപിച്ചതിനെയും സജി ചെറിയാന്‍ ചൂണ്ടിക്കാട്ടി. സ്വന്തം സഹപ്രവര്‍ത്തകരെയും സഹോദരനെയും പോലും ഒറ്റിക്കൊടുക്കുന്ന സമീപനമാണ് സുധാകരന്റേതെന്നും അദ്ദേഹം വിമര്‍ശിച്ചു.
അമ്പലപ്പുഴ മണ്ഡലത്തില്‍ നായരുടെ വോട്ടൊന്നും സിപിഐഎമ്മിന് ലഭിക്കില്ലെന്നും, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നായരെയും ധീവരനെയും തമ്മില്‍ തെറ്റിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞിരുന്നു. സുജാത നായന്മാരുടെ വീട്ടിലേക്ക് മാത്രമേ പോകുവെന്നും, നായരാണെന്ന് മനസ്സിലാക്കാന്‍ മുല്ലപ്പൂവും തുളസിപ്പൂവും തലയില്‍ ചൂടിയാണ് പോകുന്നത് എന്നുമായിരുന്നു സുധാകരന്റെ മറ്റൊരു പരാമര്‍ശം. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. അടക്കമുള്ളവര്‍ പങ്കെടുത്ത ഒരു പൊതുയോഗത്തിലായിരുന്നു ജി. സുധാകരന്റെ ഈ പരാമര്‍ശങ്ങള്‍. തിരഞ്ഞെടുപ്പില്‍ എന്തും പറഞ്ഞ് പത്ത് വോട്ട് നേടാമെന്ന ചിന്തയിലാണ് സുധാകരനെന്നും, യുഡിഎഫിന് കേരളത്തില്‍ പരാജയം നേരിടുമ്പോള്‍ അമ്പലപ്പുഴയിലും ശ്രദ്ധേയമായ പരാജയം ഉണ്ടാകുമെന്നും സജി ചെറിയാന്‍ പറഞ്ഞു.


