തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിലെ സുപ്രധാന തെരഞ്ഞെടുപ്പാണിതെന്ന് ഡോ ശശി തരൂര്‍ എംപി. പത്ത് വര്‍ഷത്തെ ഭരണം മാറി പുതിയ ഭരണം വരും. ജനങ്ങള്‍ വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്‍ഡിഎ അക്കൗണ്ട് തുറക്കില്ല. ബിജെപി പലയിടത്തും പണം വിതരണം ചെയ്യുന്നു. എന്താണ് നടക്കുന്നതെന്ന് ജനങ്ങള്‍ക്കറിയാമെന്നും ശശി തരൂര്‍ പറഞ്ഞു.

ബിജെപിക്ക് വിജയസാധ്യതയുണ്ടെന്ന് അവകാശപ്പെടുന്ന മണ്ഡലങ്ങളില്‍ പോലും ഇത്തവണ ശക്തമായ മത്സരമാണ് നടക്കുന്നത്. ഇത് തിരിച്ചറിഞ്ഞുകൊണ്ട് തന്നെ ജനം വിവേകപൂര്‍വ്വം വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. 'ബിജെപിക്ക് വേണമെങ്കില്‍ ബാങ്ക് അക്കൗണ്ട് തുറക്കാം, അല്ലാതെ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കില്ല' അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഇത്തവണ പ്രകടമായ ഒരു ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ടെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. ജനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഒരു മാറ്റമാണ് ആഗ്രഹിക്കുന്നത്. ആ മാറ്റത്തിന് വേണ്ടിയാണ് കേരളത്തിലുടനീളം വോട്ടര്‍മാര്‍ പോളിങ് ബൂത്തുകളിലേക്ക് ഒഴുകിയെത്തുന്നത്. കേരളത്തിലെ ഉയര്‍ന്ന വോട്ടിങ് ശതമാനം ഇതിന്റെ തെളിവാണെന്നും, മുന്‍ റെക്കോര്‍ഡുകള്‍ ഭേദിക്കുന്ന രീതിയില്‍ പോളിങ് ഉയരുന്നത് യുഡിഎഫിന് ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

10 വര്‍ഷത്തെ പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിന് അറുതി വരുത്താന്‍ ജനങ്ങള്‍ ഇത്തവണ യുഡിഎഫിനൊപ്പം നില്‍ക്കുമെന്നാണ് തന്റെ വിശ്വാസമെന്ന് തരൂര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പലയിടങ്ങളിലും ബിജെപി മദ്യവും പണവും ഒഴുക്കിയെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. പാലക്കാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരം പരാതികളില്‍ പൊലീസും ഇലക്ഷന്‍ കമ്മീഷനും കൃത്യമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുഡിഎഫ് ഇത്തവണ പൂര്‍ണ ഐക്യത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും തരൂര്‍ അവകാശപ്പെട്ടു. സ്ഥാനാര്‍ഥി നിര്‍ണയ വേളയില്‍ ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിച്ചു. എന്നാല്‍ എല്‍ഡിഎഫില്‍ നിന്നുള്ള പ്രമുഖ നേതാക്കള്‍ പോലും യുഡിഎഫ് സ്ഥാനാര്‍ഥികളായി മത്സരിക്കാന്‍ എത്തിയത് ഇടതുമുന്നണിയുടെ തകര്‍ച്ചയാണ് കാണിക്കുന്നത്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് തിരികെ ഭരണത്തില്‍ വരുമെന്ന ആത്മവിശ്വാസമാണ് യുഡിഎഫ് ക്യാമ്പില്‍ നിന്ന് ഉയരുന്നത്. എന്നാല്‍ എല്‍ഡിഎഫ് അധികാരം നിലനിര്‍ത്തി മൂന്നാം ഊഴം നേടുമെന്നാണ് എല്‍ഡിഎഫ് നേതാക്കള്‍ വ്യക്തമാക്കുന്നത്.