ന്യൂഡൽഹി: 2024 ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനലിൽ കോൺഗ്രസിന് കാലിടറിയപ്പോൾ, ബിജെപി നാലിൽ മൂന്നു സംസ്ഥാനങ്ങളിലെ ജയവുമായി ആഘോഷലഹരിയിലാണ്. മധ്യപ്രദേശ് ബിജെപിയുടെ കൂടെ നിന്നപ്പോൾ, കോൺഗ്രസിന്റെ കൂടെയായിരുന്ന രാജസ്ഥാനും, ഛത്തീസ്‌ഗഡും കൂറുമാറി. കോൺഗ്രസിന് ആഘോഷിക്കാൻ തെലങ്കാനയിൽ കെ സി ആർ നയിക്കുന്ന ബി ആർ എസിന്റെ ഹാട്രിക് തടഞ്ഞത് മാത്രം.

ലോക്‌സഭാ തിരഞ്ഞെടുപ്പിലും പാർട്ടി നല്ല ഫലമുണ്ടാക്കുമെന്നതിന്റെ സൂചനയായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാലു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തെ കാണുന്നത്. അഴിമതിയോടും, പ്രീണന രാഷ്ട്രീയത്തോടും, കുടുംബ വാഴ്ചാ രാഷ്ട്രീയത്തോടും ജനങ്ങൾ കൂട്ടുകൂടില്ലന്നതിന്റെ തെളിവാണ് ജനവിധിയെന്നും അദ്ദേഹം പാർട്ടി ആസ്ഥാനത്തെ വിജയാഘോഷത്തിൽ പറഞ്ഞു.

മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത്. എന്നാൽ, കോൺഗ്രസിന് എതിരെ തകർപ്പൻ ജയമാണ് ബിജെപി കാഴ്ച വച്ചത്.

ബിജെപി: 163

കോൺഗ്രസ്: 66

മുൻ മുഖ്യമന്ത്രി കമൽനാഥിൽ വിശ്വാസം അർപ്പിച്ച് മുന്നോട്ടുപോയ കോൺഗ്രസിന് കൈപൊള്ളി. വോട്ടെണ്ണലിന് മുന്നോടിയായി രാവിലെ കമൽ നാഥിന്റെ ജയം പ്രഖ്യാപിക്കുന്ന പോസ്റ്ററുകൾ പോലും പ്രത്യക്ഷപ്പെട്ടിരുന്നു. കമൽനാഥ് പോലും ഇങ്ങനെയൊരു തോൽവി പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് വ്യക്തമാകുന്നത്.

രാജസ്ഥാനിൽ, തമ്മിലടി സാധ്യതകൾക്ക് തുരങ്കം വയക്കുമെന്ന ആശങ്ക അസ്ഥാനത്തായില്ല. സച്ചിൻ പൈലറ്റും, അശോക് ഗെഹ്ലോട്ടും ഒറ്റക്കെട്ടാണെന്ന പ്രതീതി സൃഷ്ടിക്കാൻ കിണഞ്ഞുപരിശ്രിച്ചെങ്കിലും ഫലമുണ്ടായില്ല. ഗുജ്ജറുകൾക്ക് ആധിപത്യമുള്ള കിഴക്കൻ രാജസ്ഥാൻ കോൺഗ്രസ് നിയന്ത്രണത്തിൽ നിന്ന് പോവുകയും, ബിജെപിക്ക് സീറ്റുകൾ കിട്ടുകയും ചെയ്തു. പടിഞ്ഞാറൻ മേഖലയിലും ബിജെപി നേട്ടമുണ്ടാക്കി.

തോൽവി അപ്രതീക്ഷിതമെന്നാണ് ഗെഹ്ലോട്ട് പ്രതികരിച്ചത്. നയങ്ങൾ, നിയമങ്ങൾ, പുതിയ പ്രവർത്തനങ്ങൾ എന്നിങ്ങനെ സദ്ഭരണത്തിന്റെ സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിൽ പൂർണമായി വിജയിച്ചില്ല എന്നതാണ് പരാജയം വെളിവാക്കുന്നതെന്ന് ഗെഹ്ലോട്ട് അഭിപ്രായപ്പെട്ടു.

എക്‌സിറ്റ് പോൾ ഫലങ്ങൾക്ക് സമാനമാണ് രാജസ്ഥാനിലെ ബിജെപി വിജയം. ഭരിക്കുന്ന പാർട്ടിയെ അഞ്ചുവർഷം കഴിയുമ്പോൾ പുറത്തിരുത്തുന്ന ട്രൻഡ് രാജസ്ഥാനികൾ വിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ബിജെപി: 115
കോൺഗ്രസ് : 69

ഛത്തീസ്‌ഗഡിൽ ബിജെപി അദ്ഭുതം കാട്ടി. എല്ലാ എക്‌സിറ്റ് പോളുകളും ഗോത്രവർഗ്ഗക്കാർക്ക് സ്വാധീനമുള്ള സംസ്ഥാനത്ത് കോൺഗ്രസ് ജയമാണ് പ്രതീക്ഷിച്ചത്. കോൺഗ്രസ് ലീഡോടെയാണ് തുടങ്ങിയതെങ്കിലും, വോട്ടെണ്ണൽ പുരോഗമിച്ചതോടെ, ബിജെപി ഒപ്പമെത്തുകയും പിന്നീട് മറികടക്കുകയും ചെയ്തു.

ബിജെപി: 54
കോൺഗ്രസ് : 35

കോൺഗ്രസിന് ആകെ ആശ്വാസം തെലങ്കാനയാണ്. ഭാരത് രാഷ്ട്ര സമിതിയെ പുറത്താക്കിയ കോൺഗ്രസ് 2014 മുതലുള്ള കുത്തകഭരണത്തിനാണ് അവസാനമിട്ടത്. സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ രേവന്ത് റെഡ്ഡിയാണ് പാർട്ടിയുടെ ജയത്തിന്റെ സൂത്രധാരൻ. 2021 ൽ തലപ്പത്തെത്തിയ റെഡ്ഡി മുന്നിൽ നിന്ന് പട നയിച്ചു. ഹൈക്കമാൻഡിന്റെ പൂർണ പിന്തുണയുമുണ്ടായിരുന്നു.

കോൺഗ്രസ്: 64
ബിഎച്ആർഎസ്: 39
ബിജെപി : 8

ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപിക്ക് ഹാട്രിക്കോ?

തുടർച്ചയായി മൂന്നാം വട്ടം മോദിയുടെ നേതൃത്വത്തിൽ അധികാരത്തിലേറുക, അതിൽ കുറഞ്ഞതൊന്നും ബിജെപി ഇപ്പോൾ മോഹിക്കുന്നുണ്ടാവില്ല. തീർച്ചയായും നരേന്ദ്ര മോദിയിൽ ചുറ്റിത്തിരിഞ്ഞാണ് രാജ്യത്തെ രാഷ്ട്രീയം. വികസനത്തിനും, സദ്ഭരണത്തിനുമുള്ള അംഗീകാരമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസിന്റെ ഗ്യാരന്റികൾ മോദിയുടെ ഗ്യാരന്റികൾക്ക് മുന്നിൽ നിഷ്ട്പ്രഭമായി.

ഈ ആവേശം കാത്തുസൂക്ഷിക്കുന്ന ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 350 സീറ്റുകൾ പ്രതീക്ഷിക്കുന്നുവെന്നാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞത്. ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിയുടെ ആധിപത്യത്തെ വെല്ലുവിളിക്കാൻ പോന്ന പാർട്ടിയല്ല എന്ന് കോൺഗ്രസ് ഒരിക്കൽ കൂടി തെളിയിച്ചു.

ഛത്തീസ്‌ഗഡ് വളരെ എളുപ്പത്തിൽ ജയിക്കാമെന്ന് കോൺഗ്രസ് കരുതി. മധ്യപ്രദേശിൽ സർക്കാർ വിരുദ്ധ തരംഗമുണ്ടെന്ന് വിലയിരുത്തി. രാജസ്ഥാന്റെ പതിവുമട്ടുകൾ തിരുത്താമെന്ന് ഗെലോട്ട് കരുതി. ചുരുക്കി പറഞ്ഞാൽ മൂന്നിടത്തും തോറ്റു. 2018 ലെ കോൺഗ്രസിന് അനുകൂലമായ 3-0 ലീഡിൽ നിന്ന് 0-3 ലേക്ക് കൂപ്പുകുത്തിയത് തന്നെ തിരിച്ചടിയുടെ തെളിവ്.

2014 ന് ശേഷം ഒന്നോ രണ്ടോ ഒറ്റപ്പെട്ട വിജയങ്ങൾ ഒഴിച്ചാൽ, കോൺഗ്രസ് സ്ഥിരമായി ബിജെപിയോട് നേരിട്ടുള്ള പോരാട്ടത്തിൽ തോൽവി ഏറ്റുവാങ്ങുകയായിരുന്നു. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലും പ്രാദേശിക നേതൃത്വത്തിലും മാത്രം വിശ്വാസം അർപ്പിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്ന തന്ത്രം കോൺഗ്രസ് പുനപരിശോധിക്കേണ്ടിയിരിക്കുന്നു. ഹിന്ദി ഹൃദയഭൂമിയിൽ മോദിയെ ആക്രമിക്കുന്ന നയവും പുനഃ പരിശോധിക്കേണ്ടിയിരിക്കുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കർണാടകയിലും, തെലങ്കാനയിലും കോൺഗ്രസ് ചുവടുറപ്പിക്കണം.

ബിജെപി ഒറ്റയ്ക്ക് 12 ൽ

നാലിൽ മൂന്നു സംസ്ഥാനങ്ങളിലെ ജയത്തോടെ, ബിജെപി സ്വന്തമായി 12 സംസ്ഥാനങ്ങളിലാണ് ഇനി അധികാരത്തിലിരിക്കുക. രണ്ടാമത്തെ ഏറ്റവും വലിയ ദേശീയ കക്ഷിയായ കോൺഗ്രസ് ഛത്തീസ്‌ഗഡും, രാജസ്ഥാനും നഷ്ടമായതോടെ മൂന്നിലേക്ക് ചുരുങ്ങും. ഉത്തരാഖണ്ഡ്, ഹരിയാന, യുപി, ഗുജറാത്ത്, ഗോവ, അസം, ത്രിപുര, മണിപ്പൂർ, അരുണാചൽ പ്രദേശ്, എന്നിവയ്ക്ക് പുറമേ മധ്യപ്രദേശ് നിലനിർത്തുകയും, രാജസ്ഥാനും, ഛത്തീസ്‌ഗഡും പിടിച്ചെടുക്കുകയും ചെയ്തു. മഹാരാഷ്ട്ര, മേഘാലയ, നാഗാലാൻഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളിൽ ഭരണ സഖ്യത്തിന്റെ ഭാഗവുമാണ് ബിജെപി. കോൺഗ്രസാകട്ടെ, സ്വന്തമായി അധികാരത്തിലിരിക്കുന്നത് കർണാടക, ഹിമാചൽ പ്രദേശ്, ഇപ്പോൾ തെലങ്കാനയും. രണ്ടുസംസ്ഥാനങ്ങൾ പോയപ്പോൾ ഒന്നുപുതുതായി കിട്ടി. ബിഹാറിലും, ഝാർഖണ്ഡിലും കോൺഗ്രസ് ഭരണസഖ്യത്തിന്റെ ഭാഗമാണ്. തമിഴ്‌നാട്ടിൽ ഡിഎംകെ സഖ്യത്തിന് ഒപ്പമെങ്കിലും, സംസ്ഥാന സർക്കാരിന്റെ ഭാഗമല്ല.

സെമി കഴിഞ്ഞു, ഇനി ഫൈനൽ

രാഷ്ട്രീയത്തിൽ, മുൻകാല പ്രകടനം ഒരു ഗ്യാരന്റിയല്ല, സൂചകം മാത്രമാണ്. എന്നാൽ, ഇപ്പോഴത്തെ സാഹചര്യം വച്ചുനോക്കിയാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി മറ്റൊരു ഹാട്രിക് അടിച്ചേക്കും. മുഖ്യഎതിരാളി ഇന്ത്യ സഖ്യമാണ്. പക്ഷേ മോദി നയിക്കുന്ന എൻഡിഎയെ നേരിടാൻ ഇന്ത്യക്ക് ഒരു സന്ദേശവും, സന്ദേശവാഹകനും വേണം. അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഇന്ത്യ സഖ്യത്തിൽ കോൺഗ്രസിന് വിലപേശൽ ശേഷം നഷ്ടപ്പെട്ടു എന്നതാണ് സംസ്ഥാന തിരഞ്ഞെടുപ്പിന്റെ ബാക്കിപത്രം. നേരിട്ടുള്ള പോരാട്ടത്തിൽ, ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിന് കഴിയാത്തത് ഇന്ത്യ സഖ്യത്തിന്റെ രാഷ്ട്രീയ സാധ്യതകളിലും കരിനിഴൽ വീഴ്‌ത്തുകയാണ്.