കൊച്ചി: യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന രമേശ് പിഷാരടിയെ 'കോമാളി' എന്ന് വിശേഷിപ്പിച്ച തോമസ് ഐസക്കിനെ വിമര്‍ശിച്ച് നടന്‍ സലിം കുമാര്‍. ഉയര്‍ന്ന വിദ്യാഭ്യാസവും രാഷ്ട്രീയ പാരമ്പര്യവുമുള്ള ഒരു നേതാവില്‍ നിന്ന് ഇത്തരം പരാമര്‍ശം പ്രതീക്ഷിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. കലാകാരന്മാരെ ബഹുമാനിക്കുന്നു എന്ന് അവകാശപ്പെടുന്ന ഇടതുപക്ഷത്തിന്റെ യഥാര്‍ത്ഥ മുഖമാണ് ഇതിലൂടെ പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഇത്തവണ ഉറപ്പായും ഭരണമാറ്റം ഉണ്ടാകുമെന്ന് സലിം കുമാര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. യു.ഡി.എഫ് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തും. തനിക്ക് മല്‍സരിക്കണമെന്നണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തന്നെ അത് സാധ്യമാകുമായിരുന്നുവെന്ന് സലിം കുമാര്‍ വ്യക്തമാക്കി.

എന്റെ ശിഷ്യനായ രമേഷ് പിഷാരടി പാലക്കാട് ഇലക്ഷനില്‍ നില്‍ക്കുന്നുണ്ട്. അവന്‍ ജയിക്കുമോ എന്നൊരു സംശയം എനിക്കുണ്ടായിരുന്നു, കാരണം ഞാന്‍ തന്നെ നില്‍ക്കുന്നതിന് തുല്യമാണത്. ഇപ്പോള്‍ എനിക്ക് ഉറപ്പായി അവന്‍ വമ്പിച്ച ഭൂരിപക്ഷത്തില്‍ ജയിക്കും. കാരണം തോമസ് ഐസക് ഡോക്ടര്‍ ആണ്. അദ്ദേഹം പറഞ്ഞതെന്താ,

ഈ കമ്യുണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ ഏല്‍ക്കുമ്പോള്‍ അമേരിക്കന്‍ സിഐഎ രഹസ്യ ചാരന്മാരെ കൊണ്ടു വന്ന് അന്വേഷിച്ചപ്പോള്‍ അവര്‍ ഒരു നാടകമാണ്. ഈ നാടകമാണ് കമ്യുണിസ്റ്റ് പാര്‍ട്ടിയെ അധികാരത്തില്‍ കയറ്റിയത് എന്നാണ് ഈ ചാര സംഘടന അവരോട് ചെന്ന് റിപ്പോര്‍ട്ട് കൊടുത്തത്. ആ കലാകാരന്മാരെയാണ് കോമാളി എന്ന് വിളിച്ചത്. ഈ കലാകാരന്മാര്‍ ഇപ്പോള്‍ അവര്‍ക്ക് കോമാളികളായി മാറി.

ഇങ്ങേര്‍ ഒരു ഡോക്ടര്‍ അല്ലേ, സഖാക്കള്‍ തള്ളുന്നതുപോലെ ധനതത്ത്വശാസ്ത്രത്തില്‍ ഡോക്ടര്‍ ആണ്. അങ്ങനെയൊരാള്‍ ഇങ്ങനെ പറയുമോ? അപ്പോള്‍ ഞാന്‍ വീണ്ടും അന്വേഷിച്ചു ചെന്നു. എന്തിനാണ് ഡിഗ്രി, കയറുപിരിയിലെ തരികിടകള്‍ എന്നാണ് അദ്ദേഹത്തിന്റെ ഡിഗ്രി. പിന്നെ അതല്ലേ പറയൂ, എന്താണ് ചെയ്യുക.- സലിംകുമാര്‍ പറഞ്ഞു.