പത്തനംതിട്ട: തിരഞ്ഞെടുപ്പ് ചൂടിനിടെ അടൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി.വി. ശാന്തകുമാറിനെ വ്യക്തിഹത്യ ചെയ്യുന്ന തരത്തില്‍ വ്യാജ ലഘുലേഖകള്‍ വിതരണം ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ പൊലീസ് പിടിയിലായി. പിടിയിലായവര്‍ സിപിഐ പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇതോടെ മണ്ഡലത്തില്‍ രാഷ്ട്രീയ പോര് തെരുവിലേക്ക് വ്യാപിച്ചിരിക്കുകയാണ്.

സി.വി. ശാന്തകുമാര്‍ കൊലക്കേസ് പ്രതിയാണെന്ന് ആരോപിക്കുന്ന വ്യാജ നോട്ടീസുകള്‍ പറക്കോട്, മണ്ണടി ഭാഗങ്ങളില്‍ വിതരണം ചെയ്യുന്നതിനിടെയാണ് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അടൂര്‍ സ്റ്റേഷനില്‍ രണ്ടുപേരും ഏനാത്ത് സ്റ്റേഷനില്‍ ഒരാളുമാണ് നിലവില്‍ പിടിയിലായിട്ടുള്ളത്.

കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിന്റെ നേതൃത്വത്തില്‍ സിപിഐ നേതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. രാഷ്ട്രീയ പ്രേരിതമായാണ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതെന്നാണ് എല്‍ഡിഎഫിന്റെ വാദം.

വികാരാധീനനായി യുഡിഎഫ് സ്ഥാനാര്‍ത്ഥി

അതേസമയം, തനിക്കെതിരെയുള്ള ഹീനമായ വ്യക്തിഹത്യയില്‍ പ്രതിഷേധിച്ച് സി.വി. ശാന്തകുമാറും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആര്‍ഡിഒ ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായെത്തി. മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കവെ ശാന്തകുമാര്‍ വികാരാധീനനായി പൊട്ടിക്കരഞ്ഞു.

'ഞാന്‍ എവിടെനിന്നും കെട്ടിയിറക്കപ്പെട്ട സ്ഥാനാര്‍ത്ഥിയല്ല. എന്റെ പേരില്‍ ഒരു കൊലക്കേസുമില്ല, ഒരു ചെറിയ കേസ് പോലുമില്ല. എന്നിട്ടും ഇത്തരത്തില്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് എന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് നീതിയല്ല.'- സി.വി. ശാന്തകുമാര്‍ പറഞ്ഞു.

എല്‍ഡിഎഫ് തോല്‍വി ഭയന്നാണ് ഇത്തരം തരംതാണ പ്രചാരണങ്ങള്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുമ്പോള്‍, സംഭവവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നാണ് ഇടതുമുന്നണിയുടെ വിശദീകരണം. വ്യാജ നോട്ടീസ് വിതരണം ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.