പറവൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ സിപിഎം-ബിജെപി ഡീലുണ്ടെന്ന് ആരോപിച്ചു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. റാന്നി, കോന്നി, മഞ്ചേശ്വരം, കാസര്‍ഗോഡ്, പാലക്കാട് മണ്ഡലങ്ങളില്‍ ഡീല്‍ ഉണ്ടെന്ന് വി ഡി സതീശന്‍ ആരോപിച്ചു. പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ 32,000 വോട്ട് കെ സുരേന്ദ്രന് ലഭിച്ചിരുന്നു. ഇത്തവണ അത് ബിഡിജെഎസിന് കൊടുത്തു. റാന്നി ശബരിമല ഇരിക്കുന്ന മണ്ഡലമാണ്. അത് ട്വന്റി 20ക്ക് കൊടുത്തു. ശബരിമല വിഷയമൊന്നും തങ്ങള്‍ ഉന്നയിക്കുന്നില്ലെന്നും സര്‍ക്കാരിന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്നുമാണ് അവിടുത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പറയുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

കാസര്‍ഗോഡ്, മഞ്ചേശ്വരം, പാലക്കാട് ഇവിടെയെല്ലാം സിപിഎം-ബിജെപി ധാരണയാണ്. ഡീല്‍ കോണ്‍ഗ്രസ് പൊളിക്കും. പൂരം കലക്കിയാണ് തൃശൂര്‍ സീറ്റ് ബിജെപിക്ക് നല്‍കിയത്. അതിനാണ് കരുവന്നൂരില്‍ ഇ ഡി എത്തിയത്. തൃശൂരില്‍ ബിജെപി വിജയിച്ച ശേഷം ഇ ഡിയെ കണ്ടിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. ആര്‍എസ്എസ് നേതാക്കളുമായി മുഖ്യമന്ത്രിയാണ് ചര്‍ച്ച നടത്തിയത്. മസ്‌കറ്റ് ഹോട്ടലില്‍ ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയത് പിണറായി വിജയനാണ്. കോ-ലീ-ബി സഖ്യം ഞങ്ങളെ പഠിപ്പിക്കേണ്ട. ബിജെപി ഡീലാണ് മുഖ്യമന്ത്രിയുടെ ചരിത്രം. ഈ ഡീല്‍ ഞങ്ങള്‍ പൊളിക്കും. പത്ത് വര്‍ഷത്തെ ദുര്‍ഭരണത്തിന് അന്ത്യം കുറിക്കും. 1977ല്‍ ആര്‍എസ്എസ് പിന്തുണയോടെയല്ലേ മുഖ്യമന്ത്രി ജയിച്ചത്. ഇത് മതേതര കേരളമാണ്. ഇവിടെ ഒരു ഡീലും നടക്കില്ല എന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

വി ഡി സതീശന്റെ വാക്കുകള്‍ ഇങ്ങനെ:

സി.പി.എം- ബി.ജെ.പി ഡീല്‍ സംബന്ധിച്ച് തെളിവുകള്‍ സഹിതമാണ് യു.ഡി.എഫ് പറയുന്നത്. പത്തനംതിട്ട ജില്ലയില്‍ കെ. സുരേന്ദ്രന്‍ കഴിഞ്ഞ തവണ മുപ്പത്തിരണ്ടായിരം വോട്ട് നേടിയ കോന്നി സീറ്റ് ബി.ഡി.ജെ.എസിന് നല്‍കി. ശബരിമല ഉള്‍പ്പെടുന്ന റാന്നി 20 ട്വന്റിക്ക് നല്‍കി. എറണാകുളത്തിന്റെ കിഴക്കന്‍ മേഖലയില്‍ മാത്രമുള്ള 20 ട്വന്റി പത്തനംതിട്ടയില്‍ എവിടെയാണുള്ളത്? ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ ഉന്നയിക്കില്ലെന്നും സര്‍ക്കാരിന്റെ ഭാഗത്ത് ഒരു തെറ്റുമില്ലെന്നുമാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പറയുന്നത്. അതൊന്നും ഞങ്ങളെക്കൊണ്ട് പറയിപ്പിക്കരുത്. കാസര്‍കോടും പാലക്കാടും മഞ്ചേശ്വരത്തും റാന്നിയും കോന്നിയും ഉള്‍പ്പെടെ പല സ്ഥലങ്ങളിലും അങ്ങോട്ടും ഇങ്ങോട്ടും ജയിപ്പിക്കാനുള്ള ഏര്‍പ്പാടാണ് സി.പി.എമ്മും ബി.ജെ.പിയും ചെയ്യുന്നത്.

കരുവന്നൂര്‍ ബാങ്കിലെ 300 കോടി കൊള്ളയടിച്ച കേസില്‍ ഇ.ഡി പിടിമുറുക്കുന്നുവെന്ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് വാര്‍ത്ത നല്‍കിയപ്പോള്‍, ഇ.ഡി പിടി മുറുക്കുന്നത് തൃശൂര്‍ സീറ്റിന് വേണ്ടിയാണെന്ന് അന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞതാണ്. സി.പി.എം നേതാക്കളുടെ കഴുത്തിലാണ് ഇ.ഡി പിടിമുറുക്കിയത്. പൂരം അലങ്കോലമാക്കി ബി.ജെ.പിക്ക് ജയിക്കാനുള്ള സാഹചര്യം സര്‍ക്കാരും സി.പി.എമ്മും ഒരുക്കിക്കൊടുത്തു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇ.ഡി എവിടെയെങ്കിലും പിടിമുറുക്കിയോ? ആ കേസ് ഇപ്പോള്‍ എവിടെ പോയി? തൃശൂരില്‍ ബി.ജെ.പിയെ ജയിപ്പിച്ച ശേഷം ഇ.ഡി എവിടെയെങ്കിലും പിടി മുറുക്കിയോ? അവിടെയും ഒരു ഡീല്‍ ആയിരുന്നു. തെളിവ് സഹിതം ഈ ഡീലിനെ കുറിച്ച് ഞങ്ങള്‍ പറഞ്ഞപ്പോള്‍ ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് എല്ലാവരും സമ്മതിച്ചു.

എം.ആര്‍ അജിത്കുമാര്‍ എന്ന എ.ഡി.ജി.പി മുഖ്യമന്ത്രിക്ക് വേണ്ടി ആര്‍.എസ്.എസ് നേതാവിനെ കണ്ടെന്ന് പറഞ്ഞപ്പോള്‍ ആദ്യം ആര്‍.എസ്.എസും പിന്നീട് എല്ലാവരും നിഷേധിച്ചും. അവസാനം കണ്ടാല്‍ എന്താ കുഴപ്പമെന്നായി. ഈ ഡീലുകളൊക്കെ നേരത്തെയും നടന്നതാണ്. മുഖ്യമന്ത്രി പിണറായി വിജയനല്ലേ ഒന്നാം നമ്പര്‍ കാര്‍ ഉപേക്ഷിച്ച് രഹസ്യമായി തിരുവനന്തപുരത്തെ മാസ്‌കറ്റ് ഹോട്ടലില്‍ എത്തി ശ്രീ എമ്മിന്റെ സാന്നിധ്യത്തില്‍ ആര്‍.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയത്. മുന്‍കാല ചരിത്രമൊന്നും പിണറായി വിജയന്‍ പഠിപ്പിക്കേണ്ട. അദ്ദേഹം കോലിബി എന്നാണ് പറയുന്നത്. അതിലും പഴയൊരു ചരിത്രമുണ്ടല്ലോ.

77-ല്‍ പിണറായി വിജയന്‍ നിയമസഭയിലേക്ക് വിജയിച്ചത് ആര്‍.എസ്.എസിന്റെ കൂടി പിന്തുണയിലാണ്. ഇതാണ് മുഖ്യമന്ത്രിയുടെ ചരിത്രം. ആ ചരിത്രമൊന്നും ഞങ്ങളെ ഓര്‍മ്മിപ്പിക്കേണ്ട. ഈ ഡീല്‍ ഞങ്ങള്‍ പൊളിക്കും. തിരഞ്ഞെടുപ്പിലൂടെ രണ്ട് കാര്യങ്ങളാണ് കേരളം തെളിയിക്കാന്‍ പോകുന്നത്; ഒന്നാമത്തേത് പത്തു വര്‍ഷത്തെ ദുര്‍ഭരണത്തിന് അന്ത്യം കുറിക്കും. രണ്ടാമതായി മതേതര കേരളമാണെന്ന് കേരളത്തിലെ ജനങ്ങള്‍ രാജ്യത്തോട് വിളിച്ചു പറയും. ഇതു രണ്ടുമാണ് നടക്കാന്‍ പോകുന്നത്. അതുകൊണ്ട് നിങ്ങളുടെ ഒരു ഡീലും ഈ തിരഞ്ഞെടുപ്പില്‍ നടക്കില്ല.

നേമത്ത് യു.ഡി.എഫും ബി.ജെ.പിയും തമ്മില്‍ നേരിട്ടുള്ള മത്സരമുണ്ടാകും. മുഖ്യമന്ത്രി അഭിമുഖം നല്‍കുന്നതല്ലാതെ മാധ്യമങ്ങളെ കാണാന്‍ തയാറാകുന്നില്ല. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടിയുള്ള. അദ്ദേഹം റേഡിയോ പോലെയാണ്. ഇങ്ങോട്ട് മാത്രമെ പറയൂ. അങ്ങോട്ട് ചോദിക്കാന്‍ പറ്റില്ല.

നൂറില്‍ അധികം സീറ്റുകളുമായി യു.ഡി.എഫ് അധികാരത്തില്‍ എത്തും. തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാടും നിലമ്പൂരും നടത്തിയ പ്രവചനങ്ങളെല്ലാം കൃത്യമായിരുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 17 മുതല്‍ 19 വരെ സീറ്റ് കിട്ടാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞു. 18 കിട്ടി. തദ്ദേശ തിരഞ്ഞെടുപ്പില്‍ നാല് കോര്‍പറേഷന്‍ കിട്ടുമെന്ന് പറഞ്ഞത് കിട്ടി. ഏഴ് ജില്ലാ പഞ്ചായത്തുകള്‍ ഉറപ്പാണെന്ന് പറഞ്ഞതും ശരിയായി. 55 ശതമാനത്തിലേറെ ഗ്രാമപഞ്ചായത്ത് കിട്ടുമെന്ന് പറഞ്ഞതില്‍ 59 ശതമാനം പഞ്ചായത്തുകള്‍ കിട്ടി. അറുപതിലേറെ ശതമാനത്തിന് മുന്‍സിപ്പാലിറ്റി കിട്ടുമെന്ന് പറഞ്ഞത് 64 കിട്ടി. അതുപോലെ തന്നെ നിയമസഭ തിരഞ്ഞെടുപ്പിലും നൂറിലധികം സീറ്റുകള്‍ കിട്ടും. പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് രാഷ്ട്രീയ പശ്ചാത്തലം ഇല്ലെന്ന് പറയുന്നവര്‍ മുകേഷിനെ കൊല്ലത്ത് മത്സരിപ്പിക്കുമ്പോള്‍ അദ്ദേഹം എല്‍.സി സെക്രട്ടറിയായിരുന്നല്ലോ. ഇങ്ങോട്ട് ചോദിക്കുമ്പോള്‍ അങ്ങോട്ടും കിട്ടുമെന്ന് സി.പി.എം ഓര്‍ക്കണം.