കണ്ണൂര്‍: ധര്‍മ്മടം നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ തടഞ്ഞുവെച്ച് അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തതായി പരാതി. വോട്ടെടുപ്പ് ദിനമായ ഇന്ന് രാവിലെ 11.45ന് മുഴപ്പിലങ്ങാട് ഭാഗത്തെ 140, 141 ബൂത്തുകളില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു സ്ഥാനാര്‍ത്ഥി. വോട്ടെടുപ്പ് നില വിലയിരുത്തി മടങ്ങുന്നതിനിടെ വെച്ച് പാച്ചു എന്ന് വിളിക്കുന്ന ഫായിസ് എന്ന സി.പി.എം പ്രവര്‍ത്തകന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകള്‍ സംഘടിതമായെത്തി വഴി തടഞ്ഞു.

യാതൊരുവിധ പ്രകോപനവുമില്ലാതെ തടഞ്ഞുനിര്‍ത്തിയ ഇവര്‍, പരസ്യമായി അസഭ്യം പറയുകയും 'ശവംതീനി യെന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു. കൂടാതെ, വോട്ടെടുപ്പ് ദിവസം വോട്ടര്‍മാരെ ഭയപ്പെടുത്തുന്ന രീതിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, സ്ഥാനാര്‍ത്ഥിയെ കൊല്ലുമെന്ന് ആക്രോശിച്ചുകൊണ്ട് വധഭീഷണി മുഴക്കുകയും ചെയ്തു.

ഒരു സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ തന്റെ ഔദ്യോഗികമായ കടമകള്‍ നിര്‍വ്വഹിക്കുന്നതിനെ തടസ്സപ്പെടുത്തുകയും ശാരീരികമായ ആക്രമണത്തിന് മുതിരുകയും ചെയ്ത ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അബ്ദുള്‍ റഷീദ് എടക്കാട് പൊലീസില്‍ നല്‍കിയ പരാതിയില്‍ ആവശ്യപെട്ടു.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും സമാധാനപരമായ വോട്ടെടുപ്പ് തടസ്സപ്പെടുത്താനും ശ്രമിച്ച ഫായിസ് (പാച്ചു), കണ്ടാലറിയാവുന്ന മറ്റ് സി.പി.എം പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെയും (BNS), ജനപ്രാതിനിധ്യ നിയമത്തിലെയും പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് അബ്ദുള്‍ റഷീദ് എടക്കാട് പൊലിസ് ഇന്‍സ്‌പെക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

നേരത്തെ തെരഞ്ഞെടുപ്പ് പ്രചരണവേളയില്‍ ചക്കരക്കല്‍ മുഴപ്പാലയില്‍ വെച്ചും അബ്ദുള്‍ റഷീദിനെ വാഹനംതടഞ്ഞു നിര്‍ത്തി കൈയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തിരുന്നു ഈ സംഭവത്തില്‍ ഒരു സിപിഎം പ്രവര്‍ത്തകനെ തി രെ പൊലിസ് കേസെടുത്തിട്ടുണ്ട്.