ലണ്ടന്‍: ബ്രിട്ടനിലെ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും ആയുധങ്ങളു കമ്പ്യൂട്ടറുകളും കാണാതായി. നഷ്ടപ്പെട്ടതാണോ അതോ മോഷണം പോയതാണോ എന്ന കാര്യത്തിലും യാതൊരു വ്യക്തതയുമില്ല. പിസ്റ്റളും റൈഫിളും ഒന്നാം ലോകമഹായുദ്ധ കാലത്തെ മെഷീന്‍ ഗണ്ണുമടക്കമുള്ള ആയുധങ്ങളാണ് നഷ്ടമായത്. ലിബറല്‍ ഡെമോക്രാറ്റുകള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 700ലധികം ഫോണുകള്‍, ലാപ്ടോപ്പുകള്‍, കമ്പ്യൂട്ടറുകള്‍, യു.എസ്ബി സ്റ്റിക്കുകള്‍ എന്നിവയും ഈ കാലയളവില്‍ കാണാതായി.

മുന്‍ കണ്‍സര്‍വേറ്റീവ് സര്‍ക്കാറിന്റെ കീഴില്‍ 2023ല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ സൂക്ഷിപ്പില്‍നിന്ന് നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ തോക്കുകളുടെ എണ്ണം ലിബറല്‍ ഡെമോക്രാറ്റുകളുടെ രേഖാമൂലമുള്ള പാര്‍ലമെന്ററി ചോദ്യത്തിന് മറുപടിയായാണ് വെളിപ്പെടുത്തിയത്. രണ്ടാം ലോകമഹായുദ്ധത്തില്‍ നിര്‍ജീവമാക്കിയ ലുഗര്‍ പിസ്റ്റളും സ്റ്റെന്‍ സബ്‌മെഷീന്‍ ഗണ്ണും 2023 ജൂണില്‍ നഷ്ടപ്പെട്ടു. 2023 ജൂലൈയില്‍ ഒരു SA80 റൈഫിളും നഷ്ടപ്പെട്ടു. തൊട്ടടുത്ത മാസം ഒന്നാം ലോകമഹായുദ്ധത്തിലുപയോഗിച്ചതും നിര്‍ജീവമാക്കിയതുമായ ജര്‍മന്‍ മെഷീന്‍ ഗണ്‍ നഷ്ടമായെങ്കിലും പിന്നീട് കണ്ടെത്തി.

പലവസ്തുക്കള്‍ക്കും കണക്കില്ലെന്നതാണ് വാസ്തവം. 2023 ഡിസംബറില്‍ ഒരു ഗ്ലോക്ക് 19 പിസ്റ്റള്‍ മോഷ്ടിക്കപ്പെട്ടു. 2024ല്‍ നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ തോക്കുകളുടെ കണക്കുകള്‍ ലഭ്യമല്ല. ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് കാണാതായ ഫോണുകളുടെ എണ്ണം 2023ല്‍ 101 ആയിരുന്നത് 2024ല്‍ 159 ആയി. യു.എസ്ബി സ്റ്റിക്കുകള്‍ 2023ല്‍ 20 ഉം 2024ല്‍ 125 ഉം എണ്ണം മോഷണം പോയി. നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ ലാപ്ടോപ്പുകളുടെ എണ്ണം 2023ല്‍ 176 ഉം 2024ല്‍ 138മാണ്. കഴിഞ്ഞ വര്‍ഷം മാത്രം 25 ഓളം കമ്പ്യൂട്ടറുകള്‍ കാണാതായി.

നഷ്ടത്തിന്റെ ആഴം ആശങ്കപ്പെടുത്തുന്നുവെന്ന് ലിബറല്‍ ഡെമോക്രാറ്റ് പാര്‍ട്ടിയുടെ പ്രതിരോധ വക്താവ് ഹെലന്‍ മഗ്വേര്‍ പറഞ്ഞു. പ്രത്യേകിച്ച് ആഗോളതലത്തില്‍ സുരക്ഷാ പിരിമുറുക്കം വര്‍ധിക്കുന്ന ഈ സമയത്ത്, നിര്‍ണായകമായ ദേശീയ സുരക്ഷാ വിവരങ്ങള്‍ തെറ്റായ കൈകളില്‍ എത്തിയേക്കാം. സാധനങ്ങള്‍ എങ്ങനെ നഷ്ടപ്പെട്ടുവെന്നും നഷ്ടവും മോഷണവും കുറക്കാന്‍ എന്തുചെയ്യുന്നുവെന്നും അടിയന്തരമായി അന്വേഷിക്കണമെന്ന് ലിബറല്‍ ഡെമോക്രാറ്റുകള്‍ ആവശ്യപ്പെട്ടു.

കൈവശം വെക്കാവുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ സ്വഭാവമനുസരിച്ച് അവയെ പരിരക്ഷിക്കുന്നതിന് സുരക്ഷാ നിയന്ത്രണങ്ങള്‍ വെച്ചിരുന്നതായി സര്‍ക്കാര്‍ പറഞ്ഞു. പ്രതിരോധ ആസ്തികളുടെ സുരക്ഷ ഞങ്ങള്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. നഷ്ടങ്ങളും മോഷണങ്ങളും തടയുന്നതിനുള്ള ശക്തമായ നയങ്ങളും നടപടിക്രമങ്ങളും ഉണ്ട്.

സംശയിക്കപ്പെടുന്ന ക്രിമിനല്‍ പ്രവര്‍ത്തനം കാരണം ഏതെങ്കിലും സ്വത്തുക്കള്‍ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍, അവക്കെുറിച്ച് അന്വേഷിക്കാനും പ്രോസിക്യൂട്ട് ചെയ്യാനും വീണ്ടെടുക്കാനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതായി ഒരു പ്രതിരോധ വക്താവ് പറഞ്ഞു. തോക്കുകളുടെ നഷ്ടം ഡിപ്പാര്‍ട്ട്മെന്റ് വളരെ ഗൗരവമായി എടുത്തിട്ടുണ്ടെന്നും എല്ലാ നഷ്ടങ്ങളും മോഷണങ്ങളും പൂര്‍ണമായും കര്‍ശനമായും അന്വേഷിക്കുന്നുവെന്നുമാണ് സായുധ സേനാ മന്ത്രി ലൂക്ക് പൊള്ളാര്‍ഡിന്റെ വിശദീകരണം.