ബെയ്‌റൂത്ത്: കഴിഞ്ഞ ദിവസം ഇസ്രയേല്‍ ലബനനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ളക്ക് ഒപ്പം കൊല്ലപ്പെട്ടത് ഹിസ്ബുള്ളയുടെ ഇരുപതോളം പ്രമുഖരായ നേതാക്കള്‍. ഇസ്രയേല്‍ സൈനികവൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നസറുള്ളയുടെ അതിവിശ്വസ്തരായ രണ്ട് പേരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇവരില്‍ ഒരാള്‍ നസറുള്ളയുടെ സുരക്ഷാ ചുമതല വഹിക്കുന്ന വ്യക്തിയാണ്. ഹിസ്ബുളളയുടെ തെക്കന്‍ മേഖലയുടെ ചുമതല വഹിച്ചിരുന്ന അലി കരാക്കിയും കൊല്ലപ്പെട്ടിട്ടുണ്ട്.

ഹിസ്ബുളളയുടെ മുഖ്യ സുരക്ഷാ ചുമതലയുളള ഇബ്രാഹിം ഹുസൈന്‍ ജസീനിയും നസറുള്ളയുടെ മുഖ്യ ഉപദേഷ്ടാവായ സമീര്‍ തൗഫീഖ് ദിബും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. നസറുള്ളയുമായി ഏറ്റവും അടുത്ത് ബന്ധം പുലര്‍ത്തുന്നവര്‍ എന്ന നിലയില്‍

ഇവര്‍ എപ്പോഴും അയാള്‍ക്കൊപ്പം ഉണ്ടായിരിക്കുമെന്ന് അറിയാമായിരുന്നു എന്ന് ഇസ്രയേല്‍ വെളിപ്പെടുത്തി. ഹിസ്ബുള്ളയുടെ സെന്‍ട്രല്‍ കൗണ്‍സില്‍ ഉപമേധാവിയായ നബില്‍ കൗക്കും കഴിഞ്ഞ ദിവസത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേല്‍ നടത്തിയ ആക്രമണം ഹിസ്ബുളളയുടെ നേതൃനിരയെ തന്നെ തുടച്ചുനീക്കിയതായി അമേരിക്കയുടെ ദേശീയ സുരക്ഷാ വക്താവ് ജോണ്‍കിര്‍ബി അഭിപ്രായപ്പെട്ടു.

എന്നാല്‍ ഇതില്‍ നിന്ന് ഭീകരസംഘടന വീണ്ടും ഉയര്‍ന്ന് വരാന്‍ സാധ്യതയുള്ളതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനിടെ നസറുള്ളയുടെ വധത്തില്‍ സന്തോഷം പ്രകടിപ്പിച്ച് കൊണ്ട് സിറിയയില്‍ ചില സ്ഥലങ്ങളില്‍ ആഹ്ലാദപ്രകടനങ്ങള്‍ നടന്നു. ലണ്ടനില്‍ ഇറാനിലെ മതഭരണകൂടത്തെ എതിര്‍ക്കുന്ന ഇറാന്‍കാര്‍ ഇസ്രയേല്‍ എംബസിക്ക് മുന്നില്‍ ആഹ്ലാദപ്രകടനം നടത്തി. എന്നാല്‍ ലണ്ടനിലെ ഇറാന്‍ എംബസി നസറുള്ളയോടുള്ള ആദരസൂചകമായി ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി. ഇറാന്‍ രാജ്യത്ത് അഞ്ച് ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്യത്തെ പരമോന്നത നേതാവായ അയത്തൊള്ള അലി ഖമേനിയാണ് ഇതിന് ആഹ്വാനം നല്‍കിയത്. അതേ സമയം ഹസന്‍ നസറുള്ളക്ക് പകരം ആരെയാണ് പിന്‍ഗാമിയായി പ്രഖ്യാപിക്കുക എന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ഇറാനുമായുള്ള ആശയവിനമയ സംവിധാനം കൂടി തകര്‍ന്ന് തരിപ്പണമായതോടെ ഒരു കാര്യത്തിലും അന്തിമ തീരുമാനം എടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് നിലവിലെ ഹിസ്ബുളള നേതൃത്വം. ഇസ്രയേല്‍ ഇപ്പോഴും ലബനനിലേക്ക് ശക്തമായ വ്യോമാക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ അടുത്ത ഏത് ഹിസ്ബുള്ള നേതാവാണ് വധിക്കപ്പെടുക എന്ന ആശങ്കയും അവര്‍ക്കിടയിലുണ്ട്.

നസ്റല്ല കൊല്ലപ്പെടുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പ് ഒരു ഇറാനിയന്‍ ചാരന്‍, നസ്റല്ല എവിടെയാണെന്ന് ഇസ്രായേല്‍ അധികൃതരെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ബെയ്റൂട്ടിന്റെ തെക്ക് ഹിസ്ബുള്ളയുടെ ഭൂഗര്‍ഭ ആസ്ഥാനത്ത് മുതിര്‍ന്ന നേതാക്കളുടെ യോഗം ചേരുന്നുണ്ടെന്നും ഇതില്‍ പങ്കെടുക്കാന്‍ നസ്റല്ല എത്തുമെന്നും ഈ ചാരന്‍ ഇസ്രയേലിനെ അറിയിക്കുകയായിരുന്നു. ലെബനനിലെ സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് ഫ്രഞ്ച് ദിനപ്പത്രമായ 'ലെ പാരീസിയന്‍' റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ സമയം 28 ന് ഉച്ചയ്ക്ക് 1.30നാണ് നസ്റല്ലയെ കൊലപ്പെടുത്തിയതായി ഇസ്രയേല്‍ സൈന്യം അറിയിച്ചത്. പിന്നാലെ ഹിസ്ബുള്ളയും ഇക്കാര്യം സ്ഥിരീകരിച്ചു.

രഹസ്യാന്വേഷണ സ്രോതസുകളെ കൂടുതലായി ഉപയോഗപ്പെടുത്തിയതാണ് അടുത്തിടെ ഹിസ്ബുള്ളയ്ക്കെതിരേ ഇസ്രയേല്‍ നേടിയ പല വിജയങ്ങള്‍ക്കും കാരണമെന്ന് 'ന്യൂയോര്‍ക്ക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. 2006 ല്‍ നടന്ന ഇസ്രയേല്‍-ഹിസ്ബുള്ള യുദ്ധത്തില്‍ ഇസ്രയേലിനു കാര്യമായ വിജയമുണ്ടായിരുന്നില്ല. യു.എന്നിന്റെ മധ്യസ്ഥതയിലാണ് 34 ദിവസം നീണ്ട അന്നത്തെ യുദ്ധം അവസാനിച്ചത്.

തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഹിസ്ബുള്ളയുടെ നേതൃത്വത്തെക്കുറിച്ചും തന്ത്രങ്ങളെക്കുറിച്ചും വിവരങ്ങള്‍ ശേഖരിക്കാന്‍ ഇസ്രയേല്‍ ശ്രമം തുടങ്ങി. സിഗ്‌നല്‍സ് ഇന്റജലിജന്‍സ് ഏജന്‍സിയായ യൂണിറ്റ് 8200, ഹിസ്ബുള്ളയുടെ സെല്‍ഫോണുകളും മറ്റു വാര്‍ത്താവിനിമയ സംവിധാനങ്ങളും ചോര്‍ത്താല്‍ സൈബര്‍ ഉപകരണങ്ങള്‍ നിര്‍മിച്ചു. നിര്‍ണായക വിവരങ്ങള്‍ സൈന്യത്തിനും വ്യോമസേനയ്ക്കും കൈമാറാന്‍ സൈന്യത്തില്‍ പ്രത്യേക വിഭാഗം രൂപീകരിച്ചു.

ഹിസ്ബുള്ള അംഗങ്ങള്‍ ഉപയോഗിച്ചിരുന്ന പേജറുകളും വാക്കിടോക്കികളും പൊട്ടിത്തെറിച്ച് അടുത്തിടെ 37 പേര്‍ മരിച്ചിരുന്നു. രണ്ടു ദിവസങ്ങളിലായി നടന്ന സംഭവങ്ങളില്‍ 3,000 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ഇതിനു പിന്നാല്‍ ഇസ്രയേല്‍ ആയിരുന്നെന്ന് ലെബനന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

സെല്‍ഫോണുകള്‍ ചോര്‍ത്തപ്പെടുന്നതായി മനസിലായതോടെയാണ് ഹിസ്ബുള്ള ആശയവിനിമയത്തിനു പേജറുകളും വാക്കി-ടോക്കികളും ഉപയോഗിച്ചു തുടങ്ങിയത്. എന്നാല്‍, ഇസ്രയേല്‍ ചാരസംഘടനയായ മൊസാദ്, ബുഡാപെസ്റ്റില്‍ ഒരു വ്യാജ കമ്പനി സൃഷ്ടിക്കുകയും തയ്വാനിലെ ഒരു കമ്പനിയുടെ ലൈസന്‍സ് പ്രകാരം പേജറുകള്‍ സൃഷ്ടിക്കുകയും ചെയ്തു. ഈ പേജറുകള്‍ ലബനനില്‍ എത്തുന്നതിനു മുമ്പ് ഇസ്രേലി ഏജന്റുമാര്‍ അവയില്‍ സ്ഫോടകവസ്തുക്കള്‍ സ്ഥാപിക്കുകയായിരുന്നു.