- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്‌കലേറ്റര്‍ നിലച്ചത് ഒരു അട്ടിമറി നീക്കമാണ്; താന്‍ പ്രസംഗിക്കുന്നതിനിടെ ടെലിപ്രോംപ്റ്റര്‍ തകരാറിലായി; ഇയര്‍പീസുകള്‍ തകരാറില്‍ ആയതോടെ തന്റെ പ്രസംഗം ഭാര്യ മെലാനിയ ഉള്‍പ്പെടെ പലര്‍ക്കും കേള്‍ക്കാന്‍ സാധിച്ചില്ല; തുടര്‍ച്ചയായ മൂന്ന് ദുരൂഹ സംഭവങ്ങള്‍ക്ക് പിന്നില്‍ ദുരൂഹത; ഐക്യരാഷ്ട്രസംഘടനയില്‍ തനിക്കെതിരെ നടന്നത് അട്ടിമറിനീക്കം; കട്ടക്കലിപ്പില്‍ ട്രംപ്
എസ്‌കലേറ്റര്‍ നിലച്ചത് ഒരു അട്ടിമറി നീക്കമാണ്
വാഷിങ്ടന്‍: ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയില്‍ പ്രസംഗിക്കാന്‍ എത്തിയ ഡൊണാള്‍ഡ് ട്രംപ് കയറിയ എസ്‌കലേറ്റര്‍ നിലച്ചത് ഏറെ വിവാദമായിരുന്നു. ഇതോടെ മെലാനിയയും ട്രംപും നടക്കു കയറുകയാണ് ഉണ്ടായത്. ഈ സംഭവത്തില്‍ ട്രംപ് കടുത്ത അമര്‍ഷത്തിലാണ്. ഈ സംഭവം ദുരൂഹമാണെന്നും അട്ടിമറി നീക്കമാണ് നടന്നതെന്നുമാണ് ട്രംപിന്റെ ആരോപണം.
തനിക്കെതിരെ ഐക്യരാഷ്ട്ര സംഘടനയില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇത് അട്ടിമറി നീക്കമാണെന്നും ട്രംപ് ആരോപിച്ചു. ഐക്യരാഷ്ട്ര സംഘടനയില്‍ എത്തിയ തനിക്ക് ഒരേ ദിവസം മൂന്ന് അപകടങ്ങള്‍ സംഭവിച്ചതില്‍ താന്‍ അസ്വസ്ഥനാണെന്നും സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചു.
എസ്‌കലേറ്ററില്‍ വച്ചായിരുന്നു ആദ്യ സംഭവമെന്നും ട്രംപ് പറയുന്നു. താനും ഭാര്യയും മുകളിലേക്ക് പോകുന്നതിനിടെ എസ്‌കലേറ്റര്‍ നിലച്ചു. ഇത് തികച്ചും ഒരു അട്ടിമറി നീക്കമാണ്. തുടര്‍ന്ന് താന്‍ പ്രസംഗിക്കുന്നതിനിടെ ടെലിപ്രോംപ്റ്റര്‍ തകരാറിലായെന്നും ട്രംപ് ചൂണ്ടിക്കാട്ടി. മൂന്നാമതായി താന്‍ നടത്തിയ പ്രസംഗം ഭാര്യ മെലാനിയ ഉള്‍പ്പെടെ പലര്‍ക്കും കേള്‍ക്കാന്‍ സാധിച്ചില്ലെന്നും ഇയര്‍പീസുകളില്‍ തകരാര്‍ ഉണ്ടായതായും ട്രംപ് ആരോപിച്ചു. ഉത്തരവാദികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
അതേസമയം ട്രംപിന്റെ ആരോപണങ്ങള്‍ യുഎന്‍ അധികൃതര്‍ നിഷേധിച്ചു. എസ്‌കലേറ്റര്‍ നില്‍ക്കാന്‍ കാരണം ട്രംപിന്റെ സംഘത്തിലെ വീഡിയോഗ്രാഫര്‍ എമര്‍ജന്‍സി സ്വിച്ച് അമര്‍ത്തിയതിനാലാണെന്ന് യുഎന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. ടെലിപ്രോംപ്റ്റര്‍ പ്രവര്‍ത്തിപ്പിച്ചതിന്റെ ഉത്തരവാദിത്തം ഐക്യരാഷ്ട്ര സംഘടനയ്ക്കല്ലെന്നും യുഎസ് അധികൃതര്‍ നേരിട്ടാണ് അത് ചെയ്തിരുന്നതെന്നും യുഎന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍ പ്രസംഗം കേള്‍ക്കുന്ന ഇയര്‍പീസുകളിലെ തകരാറിനെ കുറിച്ച് യുഎന്‍ അധികൃതര്‍ മറുപടി നല്‍കിയിട്ടില്ല. അതിനിടെ യുഎസ് രഹസ്യാന്വേഷണ വിഭാഗം സംഭവത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
''സംഭവിച്ചതൊന്നും യാദൃശ്ചികമല്ല, ഇത് യുഎന്നില്‍ നടന്ന മൂന്ന് അട്ടിമറിയാണ്. അവര്‍ സ്വയം ലജ്ജിക്കണം. ഈ കത്തിന്റെ ഒരു പകര്‍പ്പ് ഞാന്‍ സെക്രട്ടറി ജനറലിന് അയയ്ക്കുന്നു. സംഭവത്തില്‍ അടിയന്തര അന്വേഷണം ഞാന്‍ ആവശ്യപ്പെടുന്നു. ഐക്യരാഷ്ട്രസംഘടനയ്ക്ക് അവരെ ഏല്‍പ്പിച്ച ജോലി ചെയ്യാന്‍ കഴിയാത്തതില്‍ വലിയ അതിശയമൊന്നുമില്ല. എസ്‌കലേറ്ററിന് സമീപത്തെ എല്ലാ സിസിടിവി ടേപ്പുകളും സംരക്ഷിക്കണം. സീക്രട്ട് സര്‍വീസ് കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്'' ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
അതേസമയം, യുഎന്‍ ആസ്ഥാനത്തുണ്ടായ സംഭവത്തില്‍ അന്വേഷണം വേണമെന്ന് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് ആണ് യുഎന്‍ അധികൃതര്‍ സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ആരെങ്കിലും മനഃപൂര്‍വം എസ്‌കലേറ്റര്‍ നിര്‍ത്തിയതാണെങ്കില്‍ അവരെ പുറത്താക്കണമെന്നും വിശദമായ അന്വേഷണം വേണമെന്നും പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് സാമൂഹികമാധ്യമത്തില്‍ കുറിച്ചു.
ഏഴു യുദ്ധങ്ങള്‍ അവസാനിപ്പിച്ചിട്ടും മധ്യത്തില്‍നിന്നുപോയ എസ്‌കലേറ്ററാണ് തനിക്ക് യുഎന്നില്‍നിന്ന് കിട്ടിയതെന്നായിരുന്നു സംഭവത്തെക്കുറിച്ച് ഡൊണാള്‍ഡ് ട്രംപ് തന്റെ പ്രസംഗത്തില്‍ പ്രതികരിച്ചത്. മെലാനിയ നല്ല ആരോഗ്യാവസ്ഥയില്‍ അല്ലായിരുന്നുവെങ്കില്‍ അവര്‍ വീണുപോകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ചതും നയതന്ത്ര തലത്തില്‍ ചര്‍ച്ചയായിരുന്നു. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് ഇന്ത്യയും ചൈനയും സഹായം നല്‍കുന്നുവെന്ന് ആരോപിച്ച ട്രംപ്, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നതിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു.
യുഎന്‍ വേദിയില്‍ ഇന്ത്യക്കെതിരെ ട്രംപ് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത് ഇതാദ്യമായാണ്. ട്രംപിന്റെ പ്രധാന ആരോപണം റഷ്യന്‍ എണ്ണ ഇടപാടുകളുമായി ബന്ധപ്പെട്ടാണ്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നതിലൂടെ ഇന്ത്യയും ചൈനയുമാണ് യുക്രെയ്‌നിലെ യുദ്ധത്തിന് പ്രധാനമായും പണം നല്‍കുന്നതെന്ന് ട്രംപ് പ്രസംഗത്തില്‍ പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ റഷ്യന്‍ ഊര്‍ജ ഉല്‍പന്നങ്ങള്‍ വാങ്ങുന്നത് നിര്‍ത്താത്തതിനെയും അദ്ദേഹം വിമര്‍ശിച്ചു. ഈ നിലപാട് തുടര്‍ന്നാല്‍, ഇന്ത്യയ്ക്ക് മേല്‍ കൂടുതല്‍ ശക്തമായ താരിഫുകള്‍ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.
യുക്രെയ്ന്‍ യുദ്ധം വേഗത്തില്‍ അവസാനിപ്പിക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ-പാക്ക് സംഘര്‍ഷവും ട്രംപിന്റെ പ്രസംഗത്തില്‍ പരാമര്‍ശവിഷയമായി. താന്‍ അധികാരമേറ്റതിന് ശേഷം ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചുവെന്ന് ട്രംപ് അവകാശപ്പെട്ടു. ഇതിലൊന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഇതിന് നൊബേല്‍ സമ്മാനം ലഭിക്കാന്‍ താന്‍ അര്‍ഹനാണെന്നും ട്രംപ് പറഞ്ഞു. എന്നാല്‍, ട്രംപിന്റെ ഈ വാദം ഇന്ത്യ നേരത്തെ തന്നെ തള്ളിക്കളഞ്ഞതാണ്.