- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യക്കും ചൈനക്കും മേല്‍ 500 ശതമാനം തീരുവ യുഎസ് ചുമത്തുമോ? റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ നടപടി കടുപ്പിക്കുന്ന ബില്ലിന് ട്രംപിന്റെ അംഗീകാരം; പുടിന്റെ യുദ്ധസന്നാഹങ്ങള്‍ക്ക് പണം നല്‍കുന്ന രാജ്യങ്ങളെ ശിക്ഷിക്കാനെന്ന പേരില്‍ കൊണ്ടുവരുന്ന പുതിയ ബില്‍ ഇന്ത്യക്ക് വന്‍ പ്രഹരമാകും
ഇന്ത്യക്കും ചൈനക്കും മേല്‍ 500 ശതമാനം തീരുവ യുഎസ് ചുമത്തുമോ?
വാഷിങ്ടണ്‍: ഇന്ത്യക്കെതിരെ ശത്രുതാ മാനോഭാവത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ട്. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരില്‍ ഇന്ത്യയെ വലയ്ക്കുന്ന കൂടുതല്‍ നടപടികളിലേക്ക് ട്രംപ് കടുക്കുമെന്നാണ് സൂചന. റഷ്യയുമായി എണ്ണ വ്യാപാരം തുടരുന്ന രാജ്യങ്ങള്‍ക്കെതിരെ താരിഫ് യുദ്ധം കടുപ്പിക്കാനാണ് ട്രംപിന്റെ നീക്കം. ഇത് ഏറ്റവും തിരിച്ചടിയാകുക ഇന്ത്യയ്ക്കാണ്.
റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്റെ യുദ്ധസന്നാഹങ്ങള്‍ക്ക് പണം നല്‍കുന്ന രാജ്യങ്ങളെ ശിക്ഷിക്കാനെന്ന പേരില്‍ കൊണ്ടുവരുന്ന പുതിയ ബില്ലാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളെ ബാധിക്കുക. ഈ പ്രതിരോധ ബില്ലിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പച്ചക്കൊടി കാണിച്ചതായി റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം പറയുന്നു. ഇതോടെ ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇറക്കുമതി താരിഫിന് വന്‍ വര്‍ധനവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
ബില്‍ പാസായാല്‍, റഷ്യയില്‍ നിന്ന് എണ്ണയോ യുറേനിയമോ 'അറിഞ്ഞുകൊണ്ട്' വാങ്ങുകയും പുടിന്റെ 'യുദ്ധ യന്ത്രത്തിന് ഇന്ധനം നല്‍കുകയും' ചെയ്യുന്ന രാജ്യങ്ങള്‍ക്ക് യുഎസ് 500 ശതമാനം വരെ തീരുവ ചുമത്തുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത ആഴ്ച തന്നെ ഈ ബില്‍ വോട്ടിങ്ങിന് വരാന്‍ സാധ്യതയുണ്ടെന്ന് ലിന്‍ഡ്‌സെ ഗ്രഹാം പറയുന്നു. ബുധനാഴ്ച ട്രംപുമായി കൂടിക്കാഴ്ച നടത്തിയെന്നും മാസങ്ങളായി ചര്‍ച്ചയിലായിരുന്ന ബില്ലിന് പ്രസിഡന്റ് പിന്തുണ നല്‍കിയെന്നും ലിന്‍ഡ്‌സെ ഗ്രഹാം കൂട്ടിച്ചേര്‍ത്തു.
റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാമും ഡെമോക്രാറ്റിക് സെനറ്റര്‍ റിച്ചാര്‍ഡ് ബ്ലൂമെന്റലും ചേര്‍ന്നാണ് ഈ ബില്‍ തയ്യാറാക്കിയിരിക്കുന്നത്. റഷ്യയുടെ എണ്ണ, വാതകം, യുറേനിയം, മറ്റ് കയറ്റുമതികള്‍ എന്നിവ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് 500 ശതമാനം വരെ താരിഫുകളും ദ്വിതീയ ഉപരോധങ്ങളും ഏര്‍പ്പെടുത്താന്‍ ഈ ബില്‍ യുഎസ് ഭരണകൂടത്തെ അനുവദിക്കും. ഇതുവഴി റഷ്യയുടെ സൈനിക നടപടികള്‍ക്ക് ധനസഹായം നല്‍കുന്നത് ഇല്ലാതാക്കാനാണ് യുഎസിന്റെ ലക്ഷ്യം.
റഷ്യയില്‍ നിന്ന് ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്നത് ഇന്ത്യയാണ്. ഇത് ഇന്ത്യ-യുഎസ് ബന്ധത്തില്‍ ഇതിനോടകം തന്നെ അസ്വസ്ഥതകള്‍ ഉണ്ടാക്കി തുടങ്ങിയിട്ടുണ്ട്. യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെയാണ് ഇന്ത്യ റഷ്യന്‍ എണ്ണ കൂടുതലായും ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയത്. 2024ല്‍ ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ 36 ശതമാനവും എത്തിയത് റഷ്യയില്‍ നിന്നായിരുന്നു. എന്നാല്‍ യുഎസില്‍ നിന്നുള്ള സമ്മര്‍ദത്തിന്റെ ഫലമായി റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു.
ചൈനയും ഇന്ത്യയും ബ്രസീലുമാണ് റഷ്യന്‍ എണ്ണ ഏറ്റവുമധികം വാങ്ങുന്നത്. ഇക്കാര്യത്തില്‍ ചൈന ഒന്നാം സ്ഥാനത്തും ഇന്ത്യ രണ്ടാം സ്ഥാനത്തുമാണ്. പുതിന്റെ യുദ്ധസന്നാഹങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയുക എന്ന പ്രഖ്യാപനത്തോടെയെത്തുന്ന പുതിയ ഉപരോധ ബില്ല് വലിയ തിരിച്ചടിയാകും ചൈനക്കും ഇന്ത്യക്കും സമ്മാനിക്കുക. ട്രംപിന്റെ താരിഫ് യുദ്ധം നിലവില്‍ ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധത്തെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തന്നെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ട്രംപ് ഭരണകൂടം നികുതി വര്‍ദ്ധിപ്പിച്ചിരുന്നു. റഷ്യന്‍ എണ്ണ വാങ്ങുന്നതിനുള്ള പിഴയായി 25 ശതമാനം അധിക നികുതി ചുമത്തിയതോടെ ചില ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ആകെ നികുതി 50 ശതമാനത്തോളം ഉയര്‍ന്നിരുന്നു.
റഷ്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ ചൈനയും വലിയ തോതിലുള്ള നികുതി യുദ്ധമാണ് അമേരിക്കയില്‍ നിന്നും നേരിടുന്നത്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 145 ശതമാനം നികുതി ചുമത്തിയപ്പോള്‍, പകരമായി അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ 125 ശതമാനം നികുതി ഏര്‍പ്പെടുത്തി ചൈനയും തിരിച്ചടിച്ചിട്ടുണ്ട്. പുതിയ ബില്‍ കൂടി പ്രാബല്യത്തില്‍ വരുന്നതോടെ ആഗോള വിപണിയില്‍ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതിനിടെ ഇന്ത്യയുടെ പ്രതിരോധ ഇടപാടുകളും വ്യാപാരപ്രശ്‌നങ്ങളും പങ്കുവെക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് സമീപിച്ചതായി വെളിപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ കാലതാമസത്തെക്കുറിച്ച് 'സര്‍' എന്ന് വിളിച്ച് മോദി തന്നോട് സംസാരിച്ചതായും ട്രംപ് പറഞ്ഞു.
'ഇന്ത്യ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഓഡര്‍ ചെയ്തു, അഞ്ചുവര്‍ഷമായിട്ടും അത് ലഭിച്ചില്ല. പ്രധാനമന്ത്രി മോദി എന്നെ കാണാന്‍ വന്നു. സര്‍, ഞാന്‍ താങ്കളെ വന്നു കാണട്ടെ? അതെ!, അദ്ദേഹം ചോദിച്ചു', ട്രംപ് പറഞ്ഞു. മോദിയുമായി തനിക്ക് ശക്തമായ ബന്ധമുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. തീരുവകളെച്ചൊല്ലി പ്രധാനമന്ത്രി മോദി തന്നോട് അതൃപ്തിയിലാണെന്നും ട്രംപ് അവകാശപ്പെട്ടു. ഹൗസ് ജിഒപി മെമ്പര്‍ റിട്രീറ്റില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.
'അദ്ദേഹം ഇപ്പോള്‍ എന്നോട് അത്ര പ്രീതിയിലല്ല, കാരണം, നിങ്ങള്‍ക്കറിയാമല്ലോ, അവര്‍ ഇപ്പോള്‍ അധികതീരുവ നല്‍കുന്നു-' ട്രംപ് പറഞ്ഞു. റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ ഇന്ത്യ ഗണ്യമായി കുറച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎസ് സമ്പദ്വ്യവസ്ഥയില്‍ തീരുവകളുടെ സ്വാധീനത്തെ കുറിച്ചും ട്രംപ് പറഞ്ഞു. തീരുവകള്‍ കാരണം തങ്ങള്‍ ധനികരാകുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. പ്രതിരോധ ബന്ധങ്ങളെയും വ്യാപാരത്തെയും കുറിച്ച് സംസാരിക്കവെ, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയുടെ സൈനിക സംഭരണത്തിലെ കാലതാമസത്തെയും പ്രത്യേകിച്ച് അപ്പാച്ചെ ഹെലികോപ്റ്ററുകളെയും പരാമര്‍ശിച്ചു.




