ലണ്ടന്‍: തങ്ങള്‍ അധികാരത്തില്‍ വന്നാല്‍, ഏഴര ലക്ഷത്തിലധികം വരുന്ന അഭയാര്‍ത്ഥികളെ നാടു കടത്താനും, അനധികൃത കുടിയേറ്റം തടയാനും അമേരിക്കന്‍ മാതൃകയില്‍ 'റിമൂവല്‍ ഫോഴ്സ്' രൂപീകരിക്കുമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രഖ്യാപിച്ചു. മാഞ്ചസ്റ്ററില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ കെമി ബെയ്ഡ്‌നോക്ക് ആണ് ഇക്കാര്യം പറഞ്ഞത്. കുടിയേറ്റ വിരുദ്ധത ശക്തിപ്രാപിച്ചു വരുന്ന സാഹചര്യത്തില്‍ ട്രംപിനെ മാതൃകയാക്കി രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാനുള്ള ശ്രമമാണിതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ ഓണ്‍ ഹ്യുമന്‍ റൈറ്റ്‌സ് (ഇ സി എച്ച് ആര്‍) ല്‍ നിന്നും മാറുമ്പോള്‍ ലഭിക്കുന്ന സ്വാതന്ത്ര്യം പരമാവധിയാക്കാനുള്ള ഏഴിന പരിപാടിയും അവര്‍ പാര്‍ട്ടിക്ക് മുന്‍പാകെ ചര്‍ച്ചയ്ക്കായി അവതരിപ്പിച്ചു. യൂറോപ്യന്‍ മനുഷ്യാവകാശ കരാറില്‍ നിന്നും പിന്മാറാനുള്ള ആവശ്യം ശക്തമായി ഉന്നയിക്കുന്നത് ബെയ്ഡ്‌നോക്കിന്റെ പിന്‍ഗാമിയാകും എന്ന് കരുതപ്പെടുന്ന റോബര്‍ട്ട് ജെന്റിക്ക് ആണ്. പല അഭയാര്‍ത്ഥികളും നാടുകടത്തപ്പെടുന്നതില്‍ നിന്നും രക്ഷപ്പെടാന്‍ ഈ കരാറിലെ വ്യവസ്ഥകളാണ് ആയുധമാക്കാറുള്ളത്.

അഭിപ്രായ സര്‍വ്വേകളില്‍ നെയ്ജല്‍ ഫരാജിന്റെ റിഫോം യു കെ പാര്‍ട്ടി, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയേക്കാള്‍ ഇരട്ടിയോളം പോയിന്റുകള്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍, കുടിയേറ്റ വിഷയത്തില്‍ ഫരാജിന്റേതിനോട് സമാനമായ കര്‍ശന നയം സ്വീകരിക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇപ്പോള്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് മുന്നിലില്ല എന്നതാണ് വസ്തുത. സെപ്റ്റംബര്‍ 11 ലെ തീവ്രവാദ ആക്രമണങ്ങളെ തുടര്‍ന്ന് അനധികൃത കുടിയേറ്റം തടയുന്നതിനായി രൂപീകരിച്ച അമേരിക്കന്‍ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റിന്റെ മാതൃകയിലായിരിക്കും 'റിമൂവല്‍ ഫോഴ്സ്' രൂപീകരിക്കുക.

ഈ വര്‍ഷം, ഡൊണാള്‍ഡ് ട്രംപ് ഇതിനെ അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലുതും, മികച്ച സാമ്പത്തിക സ്ഥിതിയുള്ളതുമായ ഫെഡറല്‍ ലോ എന്‍ഫോഴ്സ്‌മെന്റ് ഏജന്‍സിയാക്കി മാറ്റിയിരുന്നു. അനധികൃതമായി അതിര്‍ത്തി കടന്ന് എത്തുന്നവര്‍ക്ക് അഭയാപേക്ഷ നല്‍കുന്നത് നിര്‍ത്തലാക്കുന്നതും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പദ്ധതികളില്‍ ഉള്‍പ്പെടുന്നു. ഇത്തരത്തില്‍ എത്തുന്നവരെ ഒരാഴ്ചയ്ക്കുള്ളില്‍ സ്വന്തം നാടുകളിലെക്ക് നാട് കടത്തും. ഇത്തരത്തില്‍ നാടുകടത്തുന്നതിനായി കൂടുതല്‍ രാജ്യങ്ങളുമായി പുതിയ കരാറുകള്‍ ഉണ്ടാക്കും.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പുതിയ നയം അനുസരിച്ച് യൂറോപ്പ് കണ്‍വെന്‍ഷന്‍ ഓണ്‍ ആക്ഷന്‍ എഗനിസ്റ്റ് ട്രാഫിക്കിംഗ് ഇന്‍ ഹ്യുമന്‍ ബിയിംഗ്‌സില്‍ നിന്നും ബ്രിട്ടന്‍ പിന്മാറും. നാടുകടത്തല്‍ തടയാന്‍ പലപ്പോഴും ഇതും ഉപയോഗിക്കുന്നതിനാലാണിത് എന്ന് ബെയ്ഡ്‌നോക്കിന്റെ ക്യാമ്പ് പറയുന്നു. ലേബര്‍ സര്‍ക്കാരിന്റെ ഫ്രാന്‍സുമായി ഉണ്ടാക്കിയ വണ്‍ ഇന്‍ വണ്‍ ഔട്ട് കരാര്‍ പരാജയമാണെന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിലയിരുത്തുന്നു. അനധികൃതമായി എത്തുന്നവര്‍ക്ക് ഒരിക്കലും അഭയത്തിനായി അപേക്ഷിക്കാന്‍ പോലും ആകില്ലെന്ന് വന്നാല്‍, അത് ബോട്ടുകളില്‍ ചാനല്‍ കടന്ന് എത്തുന്നവരെ തടയുമെന്നും പാര്‍ട്ടി അവകാശപ്പെടുന്നു.

നിലവില്‍ ഹോം ഓഫീസിന് കീഴിലുള്ള ഇമിഗ്രേഷന്‍ ഇന്‍ഫോഴ്സ്‌മെന്റ് ടീമിന് പകരമായിട്ടാകും റിമൂവല്‍ ഫോഴ്സ് നിലവില്‍ വരിക. മാത്രമല്ല, ഇവരുടെ ബജറ്റ് വിഹിതം നിലവിലുള്ള 800 മില്യന്‍ പൗണ്ടില്‍ നിന്നും 1.6 ബില്യന്‍ പൗണ്ടാക്കി ഉയര്‍ത്തുകയും ചെയ്യും. പ്രതിവര്‍ഷം 34,000 മുതല്‍ 1,50,000 വരെ അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനാണ് ഉദ്ദേശിക്കുന്നത്. അതായത്, പാര്‍ലമെന്റിന്റെ കാലാവധിക്കുള്ളില്‍ ഏഴര ലക്ഷം പേരെ നാടുകടത്തിയിരിക്കും. ആഭ്യന്തര ആധുനിക അടിമത്ത നിയമത്തിലും ഭേദഗതി വരുത്തും.