- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താലിബാന്‍ മന്ത്രി അല്‍ഹാജ് നൂറുദ്ദീന്‍ അസീസി ഇന്ത്യയില്‍; ലക്ഷ്യം വ്യാപാര-നിക്ഷേപ ബന്ധം ശക്തിപ്പെടുത്തല്‍; ഉടമ്പടികളില്‍ ഒപ്പുവെക്കും; ധാതു, ഊര്‍ജ മേഖലകളില്‍ അഫ്ഗാനില്‍ ഇന്ത്യ ഖനനം നടക്കും; കാബൂളിലെ എംബസി പൂര്‍വസ്ഥിതിയില്‍ ആയതിന് പിന്നാലെ അഫ്ഗാനെ കൂടുതല്‍ ചേര്‍ത്തു നിര്‍ത്താന്‍ ഇന്ത്യ
താലിബാന്‍ മന്ത്രി അല്‍ഹാജ് നൂറുദ്ദീന്‍ അസീസി ഇന്ത്യയില്‍
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനുമായി കൂടുതല്‍ നയതന്ത്രബന്ധം ഊര്‍ജ്ജിതപ്പെടുത്താന്‍ ഒരുങ്ങി ഇന്ത്യ. ഇതിന്റെ ഭാഗമായി അഫ്ഗാന്‍ വാണിജ്യ മന്ത്രി ഇന്ത്യയിലെത്തി. വിദേശകാര്യ മന്ത്രിയും താലിബാന്‍ നേതാവുമായ ആമിര്‍ ഖാന്‍ മുത്തഖിയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് അഫ്ഗാന്‍ വാണിജ്യ മന്ത്രി ഇന്ത്യയിലെത്തിയത്. ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ വാണിജ്യ മന്ത്രി അല്‍ഹാജ് നൂറുദ്ദീന്‍ അസീസിക്ക് ഇന്ത്യന്‍ അധികൃതര്‍ വന്‍വരവേല്‍പ്പ് നല്‍കി. പാക്കിസ്താനുമായി അഫ്ഗാനിസ്ഥാന്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ താലിബാന്‍ മന്ത്രിയുടെ സന്ദര്‍ശനം പ്രാധാന്യമര്‍ഹിക്കുന്നവയാണ്.
ഇന്ത്യ-അഫ്ഗാന്‍ ഉഭയകക്ഷി വ്യാപാര, നിക്ഷേപ ഉടമ്പടികളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്നതാണ് സന്ദര്‍ശനത്തിന്റെ പ്രത്യേകതയെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ എക്‌സില്‍ കുറിച്ചു. അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനാണ് അഫ്ഗാന്‍ മന്ത്രി എത്തിയിട്ടുള്ളത്. ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയര്‍- 2025 (ഐ.ഐ.ടി.എഫ്) അസീസി സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്. വ്യാപാര, വാണിജ്യ മേഖലകളുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ അധികൃതരുമായി അസീസി ചര്‍ച്ചകള്‍ നടത്തും. 2021 ആഗസ്റ്റില്‍ അഫ്ഗാനില്‍ അധികാരം പിടിച്ച ശേഷം നടത്തുന്ന ഉന്നതതല സന്ദര്‍ശനമാണ് അസീസിയുടേത്.
2025 ഒക്ടോബറില്‍ ആറു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി അഫ്ഗാന്‍ വിദേശകാര്യ മന്ത്രിയും താലിബാന്‍ നേതാവുമായ ആമിര്‍ ഖാന്‍ മുത്തഖി ഇന്ത്യയിലെത്തിയിരുന്നു. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ മുത്തഖിയുടെ സന്ദര്‍ശനത്തോടെ സാധിച്ചു. തുടര്‍ന്ന് സാമ്പത്തിക മേഖലയിലെ സഹകരണവുമായി ബന്ധപ്പെട്ട ഉന്നത വ്യാപാര സമിതിക്ക് രൂപം നല്‍കാന്‍ ഇന്ത്യയും അഫ്ഗാനും കരാറില്‍ ഏര്‍പ്പെട്ടിരുന്നു.
ധാതുക്കള്‍, ഊര്‍ജം എന്നീ മേഖലകളില്‍ ഇന്ത്യക്ക് നിക്ഷേപത്തിനും ഖനനത്തിനും അഫ്ഗാന്‍ അനുമതി നല്‍കിയിട്ടുണ്ട്. മുത്തഖിയുടെ സന്ദര്‍ശനത്തിന് പിന്നാലെ സാങ്കേതിക ആവശ്യങ്ങള്‍ക്ക് മാത്രമായി പ്രവര്‍ത്തിച്ചിരുന്ന കാബൂളിലെ എംബസി പൂര്‍വസ്ഥിതിയിലേക്ക് മാറ്റുകയുമുണ്ടായി. നേരത്തെ, സെപ്റ്റംബറില്‍ ഇന്ത്യ സന്ദര്‍ശിക്കാനായിരുന്നു മുത്തഖിയുടെ തീരുമാനം. എന്നാല്‍, യു.എന്‍ അനുമതി വൈകിയതിനാല്‍ യാത്ര മാറ്റിവെക്കുകയായിരുന്നു. 2021 ആഗസ്റ്റില്‍ അഫ്ഗാനില്‍ ഭരണത്തിലേറിയ ശേഷം താലിബാന്‍ മന്ത്രിയുടെ ആദ്യ ഔദ്യോഗിക സന്ദര്‍ശനം കൂടിയായിരുന്നു മുത്തഖിയുടേത്.
താലിബാന്‍ ഭരണകൂടവുമായി ഇന്ത്യ കൂടുതല്‍ അടുക്കുന്നതായിരുന്നു മുത്തഖിയുടെ സന്ദര്‍ശനം. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി മേയ് മാസത്തില്‍ ഇദ്ദേഹം സംഭാഷണം നടത്തുകയും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുമായി ജനുവരിയില്‍ ദുബൈയില്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. കൂടാതെ, ഏപ്രില്‍ അവസാന വാരത്തില്‍ പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ ചുമതലയുള്ള ജോയിന്റ് സെക്രട്ടറി എം. ആനന്ദ് പ്രകാശിനെ ഇന്ത്യ കാബൂളിലേക്ക് അയക്കുകയും ചെയ്തു.
പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിര്‍ത്തലിന് പിന്നാലെയാണ് മേയ് 15ന് ജയ്ശങ്കര്‍ മുത്തഖിയുമായി സംഭാഷണം നടത്തിയത്. പഹല്‍ഗാം ആക്രമണത്തെ മുത്തഖി അപലപിച്ചതിനെ അദ്ദേഹം അഭിനന്ദിക്കുകയും ഇന്ത്യ- അഫ്ഗാന്‍ ബന്ധം വഷളാക്കുന്ന തരത്തിലുള്ള തെറ്റായ റിപ്പോര്‍ട്ടുകള്‍ താലിബാന്‍ തള്ളിക്കളഞ്ഞതിനെ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.
ഇതിനിടെ പാക്കിസ്ഥാനുമായുള്ള വ്യാപാരബന്ധം പൂര്‍ണമായി അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാന്‍ ബദര്‍മാര്‍ഗ്ഗങ്ങള്‍ തേടുകയാണ്. ഇനി പാക്കിസ്ഥാനെ ആശ്രയിക്കേണ്ടെന്നും ചരക്കുനീക്കത്തിനും കച്ചവടത്തിനും ബദല്‍വഴി നോക്കണമെന്നും താലിബാന്‍ സര്‍ക്കാരിലെ സാമ്പത്തികകാര്യ ഉപപ്രധാനമന്ത്രി മുല്ലാ അബ്ദുല്‍ ഘനി ബറാദര്‍ വ്യാപാരികളോട് നിര്‍ദേശിച്ചിരുന്നു. അകാരണമായും അന്യായമായും പാക്കിസ്ഥാന്‍ അതിര്‍ത്തി അടച്ചിട്ടിരിക്കുകയാണെന്നും ചരക്കുനീക്കം മുടങ്ങിയതിനാല്‍ അഫ്ഗാനിസ്ഥാനിലെ വ്യാപാരികള്‍ പ്രതിമാസം 200 മില്യന്‍ ഡോളറിന്റെ (ഏകദേശം 1,800 കോടി രൂപ) നഷ്ടമാണ് നേരിടുന്നുണ്ട്.
ഒരടിസ്ഥാനവുമില്ലാതെ, ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം വഷളാക്കുന്ന നീക്കങ്ങളാണ് പാക്കിസ്ഥാന്‍ നടത്തുന്നത്. അഫ്ഗാനിസ്ഥാന്റെ ക്ഷമ നശിച്ചു. കാര്‍ഷിക കയറ്റുമതി സീസണില്‍ പോലും പാക്കിസ്ഥാന്‍ അതിര്‍ത്തി അടച്ചിട്ടത് തിരിച്ചടിയായി. കയറ്റുമതിക്ക് അഫ്ഗാന്‍ വ്യാപാരികള്‍ പാക്കിസ്ഥാന്‍ തുറമുഖങ്ങളെയാണ് ആശ്രയിച്ചിരുന്നത്. ഇനി പാക്കിസ്ഥാനു പകരം ഇറാന്‍, തുര്‍ക്കി, ചൈന, മധ്യേഷ്യന്‍ രാജ്യങ്ങളായ താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍ എന്നിവയെ സമീപിക്കാനും ഉപ പ്രധാനമന്ത്രി നിര്‍ദേശിച്ചു.
പാക്കിസ്ഥാനില്‍ നിന്നുള്ള മരുന്ന് ഇറക്കുമതി പൂര്‍ണമായും നിരോധിക്കുന്നതായും അദ്ദേഹം പറഞ്ഞു. മരുന്നുകള്‍ക്ക് ഇനി മറ്റു രാജ്യങ്ങളെ ആശ്രയിച്ചാല്‍ മതി. പാക്കിസ്ഥാനിലെ ഭീകരാക്രമണങ്ങള്‍ അഫ്ഗാന്റെ മണ്ണില്‍നിന്നാണ് നടക്കുന്നതെന്ന് കഴിഞ്ഞദിവസം ആരോപിച്ച പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്, അഫ്ഗാനെ ആക്രമിക്കുമെന്നും സൂചിപ്പിച്ചിരുന്നു. ആരോപണങ്ങള്‍ തള്ളിയ താലിബാന്‍ പാക്കിസ്ഥാന്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അടുത്തിടെ കാബൂളില്‍ കടന്നുകയറി തെഹ്‌രീക് ഇ താലിബാന്‍ പാക്കിസ്ഥാന്‍ (ടിടിപി) ക്യാംപുകള്‍ക്ക് നേരെ പാക്കിസ്ഥാന്‍ ആക്രമണം നടത്തിയിരുന്നു. താലിബാന്‍ ശക്തമായി തിരിച്ചടിച്ചതോടെ സംഘര്‍ഷം രൂക്ഷമായി. പിന്നീട് സമാധാന ചര്‍ച്ച നടന്നെങ്കിലും പൊളിഞ്ഞു. നിലവില്‍ പ്രതിവര്‍ഷം 150 കോടി ഡോളറിന്റെ (13,300 കോടി രൂപ) ഉഭയകക്ഷി വ്യാപാരവുമായി അഫ്ഗാനിസ്ഥാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിയാണ് പാക്കിസ്ഥാന്‍.




