വാഷിങ്ടണ്‍: പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഇറാനെതിരെയുള്ള നീക്കം ശക്തമാക്കി അമേരിക്ക. ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ കപ്പല്‍പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കില്‍ ഇറാനിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പല്‍നീക്കങ്ങളും തടയുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഇസ്ലാമാബാദില്‍ നടന്ന സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഇറാനെതിരെ സമ്പൂര്‍ണ്ണ ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്ക തീരുമാനിച്ചത്. ഇറാന്‍ തുറമുഖങ്ങളിലേക്കുള്ള കപ്പലുകളെ തടയുന്നതോടെ മേഖലയില്‍ സൈനിക സംഘര്‍ഷം ഏത് നിമിഷവും പൊട്ടിപ്പുറപ്പെട്ടേക്കാമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ഇറാന്‍ സൈന്യത്തിന്റെ സ്പീഡ് ബോട്ടുകളും യുഎസ് നാവികസേനയുടെ വമ്പന്‍ യുദ്ധക്കപ്പലുകളും നേര്‍ക്കുനേര്‍ വരുന്നത് ആഗോള വിപണിയെയും എണ്ണവിലയെയും ഗുരുതരമായി ബാധിക്കുമെന്നുറപ്പാണ്. ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചുയരുകയാണ്. ഇറാന്‍ നാവികസേനയുടെ വലിയ യുദ്ധക്കപ്പലുകളില്‍ ഭൂരിഭാഗവും ഇതിനകം അമേരിക്ക തകര്‍ത്തതായാണ് വിവരം. എന്നാല്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ വശമുള്ള അയ്യായിരത്തോളം വരുന്ന സ്പീഡ് ബോട്ടുകള്‍ യുഎസ് സേനയ്ക്ക് വലിയ വെല്ലുവിളിയാണ്. റഡാറുകളെ വെട്ടിച്ച് അതിവേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഈ ബോട്ടുകള്‍ കടലില്‍ മൈനുകള്‍ വിതറാനും കപ്പലുകളെ ആക്രമിക്കാനും ശേഷിയുള്ളവയാണ്. അമേരിക്കയുടെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായാല്‍ കര്‍ശനമായി നേരിടുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ക്ക് ഇറാന്‍ നാവികസേന മുന്നറിയിപ്പ് നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അനുവാദമില്ലാതെ കടലിടുക്കിലൂടെ കടക്കാന്‍ ശ്രമിക്കുന്ന കപ്പലുകളെ തകര്‍ക്കുമെന്നാണ് റെവല്യൂഷണറി ഗാര്‍ഡിന്റെ നിലപാട്. അമേരിക്കന്‍ യുദ്ധക്കപ്പലായ യുഎസ്എസ് ഫ്രാങ്ക് ഇ. പീറ്റേഴ്സണോട് തിരിച്ചുപോകാന്‍ ഇറാന്‍ സൈന്യം ആവശ്യപ്പെടുന്ന ഓഡിയോ റെക്കോര്‍ഡിംഗുകളും പുറത്തുവന്നു. എന്നാല്‍ തങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ച് മാത്രമാണ് മുന്നോട്ട് പോകുന്നതെന്നാണ് അമേരിക്കയുടെ മറുപടി. കടലിടുക്കിലെ ഇറാന്‍ സ്ഥാപിച്ച കടല്‍മൈനുകള്‍ നീക്കം ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.

യുദ്ധം ശക്തമായതോടെ ആഗോള എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഈ പാതയിലൂടെയുള്ള ഗതാഗതം കുത്തനെ കുറഞ്ഞു. പ്രതിദിനം നൂറിലധികം കപ്പലുകള്‍ കടന്നുപോയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ വിരലിലെണ്ണാവുന്നവ മാത്രമാണ് യാത്ര ചെയ്യുന്നത്. എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നത് ആഗോള സമ്പദ്വ്യവസ്ഥയില്‍ പണപ്പെരുപ്പത്തിന് കാരണമാകുമെന്ന് ഉറപ്പാണ്. സംഘര്‍ഷം മുറുകുന്നതിനിടെ ചൈനയും ഇറാനും തമ്മിലുള്ള ബന്ധവും ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇറാനു സൈനിക സഹായം നല്‍കിയാല്‍ ചൈനയ്ക്ക് മേല്‍ 50 ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. ചൈന ഇറാനിലേക്ക് അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങള്‍ അയക്കുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണിത്.

എന്നാല്‍ ഈ ആരോപണങ്ങള്‍ ചൈന നിഷേധിച്ചിട്ടുണ്ട്. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഫ്രാന്‍സും ബ്രിട്ടനും ആരംഭിച്ചിട്ടുണ്ട്. ഇരുപക്ഷത്തോടും ചേരാതെ കപ്പല്‍ ഗതാഗതത്തിന് സംരക്ഷണം നല്‍കാന്‍ ബഹുരാഷ്ട്ര സേനയെ നിയോഗിക്കാനാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആലോചിക്കുന്നത്. വരും ദിവസങ്ങളില്‍ ലണ്ടനില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. യുഎസ് കോണ്‍ഗ്രസിനുള്ളിലും ട്രംപിന്റെ നീക്കത്തിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. ഏകപക്ഷീയമായ ഉപരോധം ഇറാനെ കൂടുതല്‍ പ്രകോപിപ്പിക്കുകയേയുള്ളൂവെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ ആരോപിക്കുന്നു. എണ്ണവില വര്‍ദ്ധിക്കുന്നത് വരാനിരിക്കുന്ന യുഎസ് തെരഞ്ഞെടുപ്പിലും ട്രംപിന് തിരിച്ചടിയായേക്കാം.

'ബ്ലോക്കേഡ്' വരുന്നത് വഴി അമേരിക്കക്കാര്‍ക്ക് പഴയ പെട്രോള്‍ വില ഓര്‍ത്ത് നൊസ്റ്റാള്‍ജിയ അടിക്കേണ്ടി വരുമെന്ന് ഇറാന്‍ പരിഹസിച്ചു. നിലവില്‍ രണ്ട് വിമാനവാഹിനിക്കപ്പലുകളും മുപ്പതോളം യുദ്ധക്കപ്പലുകളുമാണ് അമേരിക്ക മേഖലയില്‍ വിന്യസിച്ചിരിക്കുന്നത്. ഏപ്രില്‍ ആറിന് ശേഷം ഇറാന്റെ 155 ഓളം ബോട്ടുകള്‍ തങ്ങള്‍ മുക്കിയതായി യുഎസ് സൈന്യം അവകാശപ്പെടുന്നു. ഏതായാലും വരും മണിക്കൂറുകള്‍ ലോകത്തിന് നിര്‍ണ്ണായകമാണ്; ഹോര്‍മുസിലെ ഓരോ നീക്കവും ലോകസമാധാനത്തിന്റെ ഗതി മാറ്റിയേക്കാം.