ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ കാനഡ വിദേശകാര്യ മന്ത്രി അനിത ആനന്ദ് പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി. കാനഡയില്‍ ഒരു സിഖ് വിഘടനവാദി നേതാവ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് തകര്‍ന്ന ബന്ധം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് അനിത ആനന്ദ് ഇന്ത്യയിലെത്തിയത്. ഇന്ത്യന്‍ വംശജയാണ് അനിത ആനന്ദ്. ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ തമ്മിലുള്ള ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയും കാനഡയും നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ഇരു രാജ്യങ്ങളുടെയും പങ്കാളിത്തത്തിന് ആക്കം കൂട്ടാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്താന്‍ ഈ സന്ദര്‍ശനം സഹായിക്കുമെന്ന് നരേന്ദ്രമോദി കാനഡ വിദേശകാര്യ മന്ത്രിയോട് പറഞ്ഞു. 2023-ല്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കാനഡയുടെ അന്നത്തെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ആഴത്തില്‍ വിള്ളലുണ്ടാകുക ആയിരുന്നു.

ഡല്‍ഹി ഇക്കാര്യം നിഷേധിച്ചിരുന്നു. തുടര്‍ന്ന് ഇരു രാജ്യങ്ങളും വിസ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും പരസ്പരം ഉന്നത നയതന്ത്രജ്ഞരെ പുറത്താക്കുകയും ചെയ്തിരുന്നു. കാനഡയില്‍ ഏകദേശം 1.7 ദശലക്ഷം ഇന്ത്യന്‍ വംശജരാണ് താമസിക്കുന്നത്. ഇരു രാജ്യങ്ങളിലെയും സംഭവവികാസങ്ങള്‍ ആശങ്കയോടെയാണ് ഇന്ത്യന്‍ വംശജര്‍ വീക്ഷിച്ചത്. കാനഡയിലെ വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് മന്ത്രിതല ചര്‍ച്ചകള്‍ നടത്താന്‍ ധാരണയായിട്ടുണ്ട്.

മാര്‍ക്ക് കാര്‍ണി കനേഡിയന്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റതിനുശേഷം ഈ വര്‍ഷം ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങളില്‍ മഞ്ഞുരുകാന്‍ തുടങ്ങിയിരുന്നു. ജൂണില്‍, കാനഡയില്‍ നടന്ന ജി7 ഉച്ചകോടിക്കിടെ കാര്‍ണിയും മോദിയും കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ട് മാസത്തിന് ശേഷം ഇരു രാജ്യങ്ങളും പുതിയ ഹൈക്കമ്മീഷണര്‍മാരെ നിയമിച്ചു. സെപ്റ്റംബറില്‍ ന്യൂയോര്‍ക്കില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ സമ്മേളനത്തിനിടെ അനിതാ ആനന്ദും ജയ്ശങ്കറും കണ്ടുമുട്ടിയിരുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യ-കാനഡ ഉഭയകക്ഷി ബന്ധം സ്ഥിരമായി പുരോഗമിക്കുകയാണെന്ന് ഡോ.എസ്.ജയശങ്കര്‍ വ്യക്തമാക്കിയിരുന്നു. ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വര്‍ദ്ധിപ്പിക്കുന്നതിനായി ഇരു രാജ്യങ്ങളിലെയും എക്സിക്യൂട്ടീവുകളെ ഒരുമിച്ച് കൊണ്ടുവരുന്ന കാനഡ-ഇന്ത്യ സിഇഒ ഫോറം ഇരു രാജ്യങ്ങളും പുനരാരംഭിക്കും. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ 50% അധിക തീരുവ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് പ്രഖ്യാപനം. അനിതാ ആനന്ദ് വാണിജ്യ മന്ത്രി പിയൂഷ് ഗോയലുമായും ചര്‍ച്ച നടത്തും. മുംബൈയില്‍ വ്യവസായികളുമായും അവര്‍ കൂടിക്കാഴ്ച നടത്തും. ഇന്ത്യയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയതിന് ശേഷം അനിതാ ആനന്ദ് ചൈനയിലേക്കും സിംഗപ്പൂരിലേക്കും പോകും.