ബംഗ്ലാദേശില്‍ യൂനുസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും; ഉപദേശക കൗണ്‍സിലില്‍ 15 അംഗങ്ങള്‍; ഇനിയും അഭയം കിട്ടാതെ ഹസീനയും
ധാക്ക: ബംഗ്ലാദേശില്‍ നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. രാത്രി എട്ടിനായിരിക്കും സത്യപ്രതിജ്ഞയെന്ന് സൈനിക മേധാവി ജനറല്‍ വാഖിറുസ്സമാന് അറിയിച്ചു. ഉപദേശക കൗണ്‍സിലില്‍ 15 അംഗങ്ങളുണ്ടാകും. വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് ശൈഖ് ഹസീന രാജിവെച്ച് രാജ്യം വിട്ട സാഹചര്യത്തിലാണ് ഇടക്കാല സര്‍ക്കാര്‍ ചുമതലയേല്‍ക്കുന്നത്. രണ്ടാം വിജയദിനം സാധ്യമാക്കിയ ധീര വിദ്യാര്‍ഥികളെ അഭിനന്ദിക്കുന്നതായി മുഹമ്മദ് യൂനുസ് പാരിസില്‍നിന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. സമരത്തിന് പൂര്‍ണ പിന്തുണ നല്കിയ ജനങ്ങളെ അഭിനന്ദിക്കുന്നു. വിജയത്തിന്റെ […]
- Share
- Tweet
- Telegram
- LinkedIniiiii
ധാക്ക: ബംഗ്ലാദേശില്‍ നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. രാത്രി എട്ടിനായിരിക്കും സത്യപ്രതിജ്ഞയെന്ന് സൈനിക മേധാവി ജനറല്‍ വാഖിറുസ്സമാന് അറിയിച്ചു. ഉപദേശക കൗണ്‍സിലില്‍ 15 അംഗങ്ങളുണ്ടാകും. വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് ശൈഖ് ഹസീന രാജിവെച്ച് രാജ്യം വിട്ട സാഹചര്യത്തിലാണ് ഇടക്കാല സര്‍ക്കാര്‍ ചുമതലയേല്‍ക്കുന്നത്.
രണ്ടാം വിജയദിനം സാധ്യമാക്കിയ ധീര വിദ്യാര്‍ഥികളെ അഭിനന്ദിക്കുന്നതായി മുഹമ്മദ് യൂനുസ് പാരിസില്‍നിന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. സമരത്തിന് പൂര്‍ണ പിന്തുണ നല്കിയ ജനങ്ങളെ അഭിനന്ദിക്കുന്നു. വിജയത്തിന്റെ ശോഭകെടുത്തുന്ന തെറ്റുകള്‍ സംഭവിക്കാതിരിക്കട്ടെയെന്ന് പറഞ്ഞ അദ്ദേഹം സമാധാനം പാലിക്കാനും അക്രമങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാനും ജനങ്ങളോട് ആഹ്വാനം ചെയ്തു.
സര്‍ക്കാറിലുള്ള വിശ്വാസം വീണ്ടെടുക്കുകയെന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് അദ്ദേഹം ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനോ ഇടക്കാല സര്‍ക്കാറിന്റെ കാലാവധിക്കുശേഷം അധികാരത്തില്‍ തുടരാനോ ആഗ്രഹിക്കുന്നില്ല. പുതിയ തെരഞ്ഞെടുപ്പിനും നേതൃത്വത്തിനുമുള്ള കര്‍മപദ്ധതി തയാറാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാരിസിലെ ചികിത്സക്കുശേഷം മുഹമ്മദ് യൂനുസ് വ്യാഴാഴ്ച വൈകീട്ട് ബംഗ്ലാദേശില്‍ തിരിച്ചെത്തുമെന്ന് അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു. സംവരണ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയവര്‍ക്ക് പ്രത്യേക പങ്കാളിത്തമുണ്ടാകുമെന്നറിയുന്നു. അതേസമയം അതേസമയം പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് നാടുവിട്ടോടിയ ശേഖ് ഹസീന ഇപ്പോഴും ഇന്ത്യയില്‍ തുടരുകയാണ്. ലണ്ടനിലടക്കം രാഷ്ട്രീയ അഭയം ലഭിക്കില്ലെന്ന് ഉറപ്പായതോടെ അവര്‍ മറ്റ് രാജ്യങ്ങളിലേക്ക് ശ്രമം തുടരുകയാണ്. രാഷ്ട്രീയ അഭയം ഏതെങ്കിലും രാജ്യത്ത് ലഭിക്കുന്നതുവരെ അഭയം നല്‍കാമെന്നാണ് മോദി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.
പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ബംഗ്ലാദേശ് ശാന്തമാകുമെന്നാണ ഇന്ത്യ അടക്കമുള്ളവരുടെ പ്രതീക്ഷ. അശാന്തമായ രാഷ്ട്രത്തെ സ്ഥിരതയിലേക്ക് നയിക്കുകയെന്ന വലിയ ഉത്തരവാദിത്വമാണ് നോബേല്‍ ജേതാവിന് മുമ്പിലുള്ളത്. അക്രമങ്ങള്‍ നിയന്ത്രിക്കണമെന്നും സമാധാനം പാലിക്കണമെന്നും യൂനുസ് ആഹ്വാനം ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളില്‍ വിദ്യാര്‍ത്ഥി പ്രതിനിധികളുടെ താല്പര്യങ്ങള്ക്ക് തന്നെയാണ് മുന്‍തൂക്കം.
വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് ജയില്‍ മോചിതയായ മുന്‍ പ്രധാനമന്ത്രി ഖലേദ സിയ ഇന്നലെ ബി എന്‍ പി റാലിയെ അഭിസംബോധന ചെയ്തത്. മൂന്ന് മാസത്തിനകം രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നും ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു സംഘം രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്നും സ്വതന്ത്ര ബംഗ്ലാദേശിനെ സംരക്ഷിക്കാന്‍ തെരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നുമാണ് ബി എന്‍ പി ആക്ടിംഗ് ചെയര്മാന് താരിഖ് റഹ്മാന് ആവശ്യപ്പെട്ടത്.
ധാക്കയിലെ നയാ പള്‍ട്ടാനില്‍ നടന്ന വമ്പന്‍ റാലി ബി എന്‍ പി പാര്‍ട്ടിയുടെ ശക്തി പ്രകടനമായി. ബംഗ്ലാദേശിലെ അധികാര കേന്ദ്രങ്ങളില്‍ നിന്ന് ഷെയ്ഖ് ഹസീന അനുകൂലികളെ തുടച്ചുനീക്കിക്കൊണ്ടിരിക്കുകയാണ്. പൊലീസ് അസോസിയേഷന് നേതൃത്വത്തെ മുഴുവന്‍ പുറത്താക്കി പുതിയ 39 അംഗ കമ്മിറ്റി അധികാരം ഏറ്റെടുത്തു.