ന്യൂഡല്‍ഹി: ബംഗ്ലദേശിലെ വെള്ളപ്പൊക്കത്തിനു കാരണം ത്രിപുരയിലെ റിസര്‍വോയര്‍ തുറന്ന് വെള്ളം പുറത്തേക്കുവിട്ടതാണെന്ന ആരോപണം നിഷേധിച്ച് ഇന്ത്യ. ഡംബൂരിലെ റിസര്‍വോയറിന്റെ സ്ലൂയിസ് ഗേറ്റ് തുറന്ന് ഗോമതി നദിയിലൂടെ ബംഗ്ലദേശിലെ കോമില്ലയിലേക്ക് രാത്രി വെള്ളം ഒഴുക്കിവിട്ടെന്നാണ് ആരോപണം.

ഇതോടെ ബുധനാഴ്ച രാവിലെ മുതല്‍ കോമില്ല വെള്ളത്തിനടിയിലാണ്. എന്നാല്‍ ഡംബുര്‍ റിസര്‍വോയര്‍ തുറന്നതാണ് ബംഗ്ലദേശിന്റെ കിഴക്കന്‍ മേഖലകളിലെ വെള്ളപ്പൊക്കത്തിന് കാരണമെന്ന ആരോപണം വസ്തുതാവിരുദ്ധമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

റിസര്‍വോയര്‍ തുറക്കുന്നതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ത്രിപുര സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും ബംഗ്ലദേശ് ആരോപിച്ചു. കനത്ത മഴയെത്തുടര്‍ന്നാണ് 31 വര്‍ഷത്തിനുശേഷം ഗേറ്റ് തുറന്നതെന്നത് മനസിലാക്കാനാകുന്ന കാര്യമാണെങ്കിലും ഇത് ബംഗ്ലദേശിനെ അറിയിക്കാത്തത് മോശമാണെന്നും ബംഗ്ലദേശ് ജല വികസന ബോര്‍ഡ് പറഞ്ഞതായി ബംഗ്ലദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി റിസര്‍വോയറിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴയാണ് പെയ്യുന്നതെന്നും ഇതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്നും ഇന്ത്യന്‍ മന്ത്രാലയം അറിയിച്ചു. ത്രിപുരയിലും അതിനോട് ചേര്‍ന്നുള്ള ബംഗ്ലദേശിന്റെ മേഖലകളിലും ജനങ്ങള്‍ സമാന ദുരിതമാണ് അനുഭവിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

ഓഗസ്റ്റ് 21 മുതല്‍ തുടരുന്ന മഴയെത്തുടര്‍ന്ന് റിസര്‍വോയറിന്റെ ഗേറ്റ് ഉയര്‍ത്തിയിട്ടുണ്ട്. വൈദ്യുതി തടസം കാരണം ഇക്കാര്യം ബംഗ്ലദേശിനെ അറിയിക്കുന്നതില്‍ താല്‍ക്കാലിക തടസം നേരിട്ടെങ്കിലും മറ്റ് അടിയന്തര മാര്‍ഗങ്ങളിലൂടെ കഴിയുന്നതും വേഗം വിവരം കൈമാറിയെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.