ലണ്ടന്‍: ജനപ്രതിനിധി സഭയില്‍ പൊട്ടിക്കരഞ്ഞ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ശക്തിപകരുന്നത്, താന്‍ പുറത്താകുമെന്ന ഊഹോപോഹങ്ങള്‍ക്ക്. എടുത്ത തീരുമാനങ്ങളില്‍ നിന്നുമുള്ള സര്‍ക്കാരിന്റെ മലക്കം മറിച്ചിലുകള്‍ തന്റെ മേല്‍ ഏറെ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് സമ്മതിച്ചുകൊണ്ടായിരുന്നു പൊട്ടിക്കരച്ചില്‍. ഉരുക്ക് ചാന്‍സലര്‍ എന്നറിയപ്പെടുന്ന റീവ്‌സ് പൊട്ടിക്കരയുന്ന ദൃശങ്ങള്‍ ടി വി ക്യാമറകള്‍ ഒപ്പിയെടുത്തു. അതേസമയം, അവര്‍ ചാന്‍സലറായി തുടരുമോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാതെ പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ ഒഴിഞ്ഞുമാറുകയായിരുന്നു.

സാമ്പത്തിക കാര്യത്തില്‍ ലേബര്‍ പാര്‍ട്ടിക്ക് മെല്‍ അവശേഷിച്ച വിശ്വാസ്യത കൂടി നഷ്ടപ്പെടുത്തിക്കൊണ്ട് റീവ്‌സ് പടിയിറങ്ങിയേക്കുമെന്ന സൂചന വന്നതോടെ പൗണ്ടിന്റെ മൂല്യം കൂപ്പുകുത്തി. സര്‍ക്കാരിന്റെ വായ്പയെടുക്കല്‍ ചെലവ് കുതിച്ചുയരുകയും ചെയ്തു. ചാന്‍സലറെ തത്സ്ഥാനത്തു നിന്നും നീക്കില്ല എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഉറപ്പിച്ചു പറയുമ്പോഴും, ഡിസെബിലിറ്റി ബെനെഫിറ്റുകളിലും വിന്റര്‍ ഫ്യുവല്‍ പേയ്‌മെന്റിലും വലിയതോതിലുള്ള വെട്ടിച്ചുരുക്കലുകള്‍ കൊണ്ടുവന്ന ചാന്‍സലര്‍ക്കെതിരെ എം പിമാര്‍ രോഷാകുലരാണ്. ഈ വിഷയങ്ങളിലായിരുന്നു സര്‍ക്കാര്‍ന് മുന്‍ തീരുമാനങ്ങളില്‍ നിന്നും പിന്മാറേണ്ടി വന്നത്.

ക്ഷേമ പദ്ധതികള്‍ വെട്ടിച്ചുരുക്കിയ നടപടികളില്‍ ഇളവുകള്‍ നല്‍കി ആ നടപടി തന്നെ ഫലത്തില്‍ ഇല്ലാതാവുന്ന തരത്തില്‍ മുന്‍ തീരുമാനങ്ങളില്‍ നിന്നും വ്യതിചലിച്ചതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയും ചാന്‍സലറും തമ്മില്‍ തിങ്കളാഴ്ച രാത്രി ചൂടേറിയ വാക്കുതര്‍ക്കം ഉണ്ടായതായി ചില റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് പാടെ നിരാകരിച്ചിട്ടുണ്ട്. അതേസമയം, ചില വ്യക്തിഗത പ്രശ്നങ്ങള്‍ അലട്ടിയിരുന്നു എന്നതാണ് ചാന്‍സലറിന്റെ കരച്ചിലിനു കാരണമെന്ന് ധനകാര്യ വകുപ്പ് വിശദീകരിക്കുന്നു.

ജനപ്രതിനിധി സഭയില്‍, ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സമയം കൂടുതല്‍ എടുക്കുന്നതിന് സ്പീക്കര്‍ സര്‍ ലിന്‍ഡ്‌സേ ഹോയ്ല്‍ നേരത്തെ ചാന്‍സലറെ ശാസിച്ചിരുന്നു. താന്‍ അതീവ സമ്മര്‍ദ്ധത്തിലാണ് എന്ന് പറഞ്ഞ്, താന്‍ വരുത്തുന്ന കാലതാമസത്തിന് വിശദീകരണം നല്‍കാന്‍ തുടങ്ങുകയായിരുന്നു അവര്‍ എന്ന് ചില വൃത്തങ്ങളെ ഉദ്ധരിച്ച് മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറെ ചെലവുണ്ടാക്കുന്ന മലക്കം മറിച്ചിലുകളും, നിശ്ചലാവസ്ഥയിലായ സാമ്പത്തിക സ്ഥിതിയും കൂടി പൊതുധനത്തില്‍ 20 ബില്യന്‍ പൗണ്ടിന്റെ കമ്മി വരുത്തിവയ്ക്കും എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത് നേരത്തെ നല്‍കിയ ഉറപ്പ് ലംഘിച്ചുകൊണ്ട് വരുന്ന ശരത്ക്കാല ബജറ്റില്‍ വീണ്ടും നികുതികള്‍ വര്‍ദ്ധിപ്പിക്കാന്‍ ചാന്‍സലറെ നിര്‍ബന്ധിതയാക്കും.

ക്ഷേമപദ്ധതികള്‍ വെട്ടിച്ചുരുക്കുന്നതില്‍ നിന്നും പിന്നോട്ടു പോകുന്നതിനെ ചാന്‍സലര്‍ ശക്തമായി എതിര്‍ത്തതായാണ് സൂചന. അത് സര്‍ക്കാരിന്റെ സാമ്പത്തിക വിശ്വാസ്യത തകര്‍ക്കുമെന്നും അവര്‍ വാദിച്ചു. ഇന്നലെ പാര്‍ലമെന്റില്‍, പ്രധാനമന്ത്രിക്ക് തൊട്ടടുത്തുള്ള ഇരിപ്പിടത്തില്‍ ഇരുന്നപ്പോള്‍ മുതല്‍ ചാന്‍സലര്‍ അസ്വസ്ഥയായാണ് കാണപ്പെട്ടത്. കീര്‍ സ്റ്റാര്‍മറുടെ പാര്‍ലമെന്ററി സയായി ക്രിസ് വാര്‍ഡ് അവരുടെ തോളത്തു തട്ടി ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. എന്നാല്‍, ചാന്‍സലറെ ഒരു മനുഷ്യ കവചമായി ഉപയോഗിക്കുകയായിരുന്നു പ്രധാനമന്ത്രി എന്ന കെമി ബെയ്ഡ്‌നോക്കിന്റെ ആരോപണം ഉയര്‍ന്നതോടെ റീവ്‌സിന്റെ നിയന്ത്രണം പൂര്‍ണ്ണമായും നഷ്ടപ്പെടുകയായിരുന്നു.

ചാന്‍സലറെ സംരക്ഷിക്കുന്നതില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടു എന്നും ബെയ്ഡ്‌നോക്ക് ആരോപിച്ചു. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ കഴിവില്ലായ്മ മറച്ചു പിടിക്കാന്‍ ചാന്‍സലറെ ഒരു കവചമായി ഉപയോഗിക്കുകയാണെന്ന് ഭരണപക്ഷത്തെ എം പിമാര്‍ പോലും ആരോപിക്കുന്നതായി ബെയ്ഡ്‌നോക്ക് ചൂണ്ടിക്കാട്ടി. അടുത്ത തെരഞ്ഞെടുപ്പ് വരെ റീവ്‌സ് ചാന്‍സലറായി തുടരും എന്നായിരുന്നു സ്റ്റാര്‍മര്‍ നേരത്തെ പറഞ്ഞിരുന്നത്. അത് ഓര്‍മ്മപ്പെടുത്തിക്കൊണ്ട്, യഥാര്‍ത്ഥത്തില്‍ റീവ്‌സ് ചാന്‍സലറായി തുടരുമോ എന്നും അവര്‍ ചോദിച്ചു. എന്നാല്‍, അതിന് വ്യക്തമായ ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറുകയായിരുന്നു പ്രധാനമന്ത്രി.

ഇത്രയൊക്കെ സംഭവിച്ചിട്ടും, പൊട്ടിക്കരഞ്ഞ ചാന്‍സലറെ ഒന്ന് ആശ്വസിപ്പിക്കാന്‍ പോലും നില്‍ക്കാതെയാണ് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ നിന്നും പുറത്തേക്ക് പോയത്. ചാന്‍സലറുടെ സഹോദരി എല്ലീ റീവ്‌സ് വന്നാണ് പിന്നീട് അവരെ ആശ്വസിപ്പിച്ച് പാര്‍ലമെന്റിന് പുറത്തേക്ക് കൊണ്ടുപോയത്. ഇതോടെ ചാന്‍സലര്‍ എത്രകാലം ആ പദവിയില്‍ ഉണ്ടാകുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഇത് വിപണിയില്‍ വലിയൊരു ഞെട്ടല്‍ ഉണ്ടാക്കിയിട്ടുമുണ്ട്.