ഒട്ടാവ: കാനഡ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് മാര്‍ക്ക് കാര്‍നി. കാനഡയിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് തന്റെ കടമയെന്നും അമേരിക്കയുടെ അമ്പത്തി ഒന്നാമത് സംസ്ഥാനമായി മാറാന്‍ ഒരു തരത്തിലും സമ്മതിക്കുകയില്ലെന്നുമാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഡൊണാള്‍ഡ് ട്രംപ് നിരന്തരമായി കാനഡയെ അമേരിക്കയുടെ അമ്പത്തി ഒന്നാമത് സംസ്ഥാനമാക്കി മാറ്റാം എന്ന വാഗ്ദാനം നല്‍കുകയായിരുന്നു.

അങ്ങനെ സംഭവിച്ചാല്‍ പിന്നെ അതിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമല്ലോ എന്നും ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നു. ഒരിക്കലും ഒരിക്കലും ഒരു തരത്തിലും ഒരു രൂപത്തിലും കാനഡ അമേരിക്കയുടെ ഭാഗമാകില്ലെന്ന് കാര്‍നി അസന്നിഗ്ധമായി പ്രഖ്യാപിച്ചു. അമേരിക്ക കാനഡയല്ല

എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നമ്മള്‍ വളരെ വ്യത്യസ്തമായ രാജ്യമാണെന്ന് ചൂണ്ടിക്കാട്ടിയ കാര്‍നി നമ്മുടെ വീട്ടിലെ യജമാനന്‍മാര്‍ നമ്മള്‍ തന്നെയാണെന്നും പറഞ്ഞു.

അതിന്റെ മുഖ്യ ചുമതല വഹിക്കുന്നത് നമ്മള്‍ തന്നെയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നമ്മള്‍ ഇപ്പോള്‍ നടത്തിയ സത്യപ്രതിജ്ഞാ

ചടങ്ങ് തന്നെ നോക്കുക ഇത്തരത്തില്‍ ഒരു ചടങ്ങ് ഒരിക്കലും അമേരിക്കയില്‍ നടത്താന്‍ പറ്റുകയില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്റെ മന്ത്രിസഭയെ നിങ്ങള്‍ ശ്രദ്ധിക്കുക ഇത്തരമൊരു മന്ത്രിസഭ ഒരിക്കലും അമേരിക്കയില്‍ ഉണ്ടാകില്ല എന്നും കാര്‍നി പറഞ്ഞു. കാനഡ അമേരിക്കയുടെ സാമ്പത്തിക പങ്കാളിയാണെന്ന് തെളിയിച്ചിട്ടുണ്ടെന്നും ട്രംപ് ഉചിതമായി പെരുമാറുന്നതാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി.

ട്രംപ് വ്യവസായരംഗത്ത് വളരെയേറെ വിജയിച്ച വ്യക്തിയാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള വ്യക്തി ആണെങ്കിലും കാനഡ അദ്ദേഹത്തിന്റെ പല കച്ചവടങ്ങളിലേയും പ്രധാന കക്ഷി ആണെന്ന കാര്യവും കാര്‍നി ഓര്‍മ്മിപ്പിച്ചു. കക്ഷികള്‍ തമ്മില്‍ മികച്ച പരസ്പര ബഹുമാനം പ്രതീക്ഷിക്കുന്നതായും അമേരിക്ക കാനഡയോട് ശരിയായ വാണിജ്യ മര്യാദകളോടെ പ്രവര്‍ത്തിക്കണം എന്നും കാര്‍നി ആവശ്യപ്പെട്ടു. കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ആവര്‍ത്തിച്ച് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് കാര്‍നി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

നേരത്തേ അമേരിക്കയിലെ മൂന്ന് സംസ്ഥാനങ്ങളിലേക്കുള്ള വൈദ്യുതി വിഛേദിക്കാന്‍ കാനഡയിലെ ഒന്റേറിയോ സംസ്ഥാനം തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ തീരുമാനം പിന്‍വലിക്കുകയായിരുന്നു. ഉയര്‍ന്ന താരിഫ് അടുത്ത മാസം വരെ നിര്‍ത്തി വെയ്ക്കാന്‍ ട്രംപ്

തീരുമാനിച്ച സാഹചര്യത്തിലാണ് ഒന്റേറിയോ ഈ നിലപാടില്‍ മാറ്റം വരുത്തിയത്. രാജ്യത്തെ പൗരന്‍മാരുടെ നല്ല ഭാവിക്കായി വിദേശ രാജ്യങ്ങളില്‍ ശ്രമം തുടരുമെന്നും കാര്‍നി പറഞ്ഞു.

നിഷേധ സ്വഭാവം കാട്ടുന്നത് ശക്തിയുള്ളവര്‍ക്ക് ചേര്‍ന്നതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ടാഴ്ച മുമ്പ് വൈറ്റ്ഹൗസ് സന്ദര്‍ശിച്ച യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയോട് ട്രംപും സഹപ്രവര്‍ത്തകരും മോശമായി പെരുമാറിയ സംഭവമാണ് കാര്‍നി ചൂണ്ടിക്കാട്ടിയത് എന്നാണ് കരുതപ്പെടുന്നത്. ഇക്കാര്യത്തില്‍ സെലന്‍സ്‌കിക്ക് കാനഡ പ്രധാനമന്ത്രി ആയിരുന്ന് ജസ്റ്റിന്‍ ട്രൂഡോ പിന്തുണ അറിയിക്കുകയും ചെയ്തു.