ബെയ്ജിങ്: ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ വര്‍ധിപ്പിച്ചു കൊണ്ടുള്ള അമേരിക്കയുടെ തീരുമാനത്തില്‍ കുലുങ്ങാതെ ചൈന. അമേരിക്കയുടെ താരിഫ് വര്‍ധനക്ക് തല്‍ക്കാലം ശ്രദ്ധ കൊടുക്കാനില്ലെന്നാണ് ചൈന വ്യക്തമാക്കുന്നത്. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 245 ശതമാനം വരെ തീരുവ ചുമത്തുമെന്ന വൈറ്റ് ഹൗസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം.

ചൈനീസ് ഇറക്കുമതിക്ക് 245% വരെ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചതോടെ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര സംഘര്‍ഷം അയവില്ലാതെ തുടരുകയാണ്. അമേരിക്കയ്ക്ക് വഴങ്ങില്ലെന്നും തിരിച്ചടിക്കുമെന്നും ചൈന നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ നിലപാടാണ് അമേരിക്കയെ ചൊടിപ്പിക്കുന്നത്. എന്നാല്‍, എടുത്ത നിലപാടില്‍ നിന്നും പിന്നോട്ടു പോകാത്ത നയമാണ് അമേരിക്ക സ്വീകരിക്കുന്നത്.

പുതിയ വ്യാപാര കരാറുകളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചൈനയൊഴികെ 75ലധികം രാജ്യങ്ങള്‍ തയ്യാറായിട്ടുണ്ടെന്നും ഇതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ ചുമത്തിയ ഉയര്‍ന്ന താരിഫുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്നുമാണ് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നുണ്ട്. അതായത് ചര്‍ച്ചക്കൊരുങ്ങാതെയുള്ള നിലപാട് സ്വീകരിച്ചതാണ് അമേരിക്കയെ കൂടുതല്‍ പ്രകോപിക്കുന്നതെന്നാണ് വൈറ്റ് ഹൗസിന്റെ പ്രസ്താവന ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം യുഎസ് താരിഫുകളില്‍ 'ഗുരുതരമായ ആശങ്ക' പ്രകടിപ്പിച്ചുകൊണ്ട്, ആഗോള വ്യാപാര നിയമങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് ലോക വ്യാപാര സംഘടനയില്‍ ചൈന അടുത്തിടെ പരാതി നല്‍കിയിരുന്നു. യുഎസില്‍ പ്രസിഡന്റായി ട്രംപ് അധികാരമേറ്റതിനുശേഷം, ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകള്‍ തമ്മില്‍ നടക്കുന്നത് രൂക്ഷമായ താരിഫ് യുദ്ധമാണ്. അതേസമയം യുഎസ് കമ്പനിയായ ബോയിങ്ങില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത വിമാനങ്ങളൊന്നും സ്വീകരിക്കേണ്ടെന്ന് ചൈനീസ് എയര്‍ലൈന്‍ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമേരിക്ക, ചൈനയ്ക്കെതിരെയുള്ള തീരുവ 145 ശതമാനമായി ഉയര്‍ത്തിയത്. ഇതിന് തിരിച്ചടിയായി ചൈന ബോയിംഗ് ജെറ്റുകളുടെ വിതരണം നിര്‍ത്താന്‍ തങ്ങളുടെ വിമാനക്കമ്പനിളോട് ഉത്തരവിട്ടിരുന്നു. ഇതിന് ശേഷമാണ് അമേരിക്കയുടെ ഭാഗത്തുനിന്നും വീണ്ടും താരിഫ് വര്‍ദ്ധന ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഇത് പുതിയ താരിഫ് എര്‍പ്പെടുത്തിയതല്ലെന്നും ചില ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രം 245 ശതമാനം താരിഫ് നേരിടേണ്ടിവരുന്നതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതായത്, ചില ഉത്പന്നങ്ങളുടെ തീരുവ 2025 ന് മുമ്പ് 100 ശതമാനം നിരക്ക്, ഫെന്റനൈല്‍ ലെവിയുടെ 20 ശതമാനം, 125 ശതമാനം പരസ്പര താരിഫ് എന്നിവ സംയോജിപ്പിച്ച് ആകെ 245 ശതമാനം തീരുവയാണ് ഇത് എന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധത്തെ തുടര്‍ന്ന് ഏറെ വലഞ്ഞിരിക്കുന്ന ആഗോള വിപണികളെ വീണ്ടും ആശങ്കയിലാക്കുന്ന നീക്കമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കെതിരെ പകരച്ചുങ്കം ഏര്‍പ്പെടുത്തിയതിന് മറുപടിയായാണ് ചൈനയ്ക്കുള്ള തീരുവ കൂട്ടിയത്.

താരിഫ് യുദ്ധം തുടരുന്നതിനിടെ കഴിഞ്ഞദിവസമാണ് ട്രംപ് ഭരണകൂടം ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 145 ശതമാനം വരെ നികുതി വര്‍ധിപ്പിച്ചത്. ഇതിന് തിരിച്ചടിയായി അമേരിക്കന്‍ ഉത്പന്നങ്ങളുടെ മേലും ചൈന 145 ശതമാനം നികുതി ചുമത്തുകയും പല യു.എസ് കമ്പനികള്‍ക്കുമേലും നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ചൈനീസ് വ്യോമയാന കമ്പനികളോട് അമേരിക്കന്‍ കമ്പനിയായ ബോയിങ്ങില്‍ നിന്ന് വിമാനങ്ങള്‍ വാങ്ങുന്നത് നിര്‍ത്തിവെയ്ക്കണമെന്ന് കഴിഞ്ഞദിവസം ചൈനീസ് സര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്തു.

ഇതിനോടുള്ള പ്രതികരണമായാണ് നികുതി ഇരട്ടിയായി യു.എസ് വര്‍ധിപ്പിച്ചത്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് നികുതി പ്രഖ്യാപിച്ചതോടെ 75 രാജ്യങ്ങള്‍ യു.എസ്സുമായി വ്യാപാര കരാറിനുള്ള ചര്‍ച്ചകള്‍ക്ക് സന്നദ്ധമായി. ഈ രാജ്യങ്ങള്‍ക്ക് അധിക നികുതി ചുമത്തുന്നത് നടപ്പാക്കുന്നത് 90 ദിവസത്തേക്ക് ട്രംപ് നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ഭീഷണിപ്പെടുത്തി ചര്‍ച്ചക്കില്ലെന്ന് വ്യക്തമാക്കിയ ചൈനയ്ക്ക് മേല്‍ കൂടുതല്‍ നികുതി ചുമത്തുകയാണ് ട്രംപ് ഭരണകൂടം ചെയ്യുന്നത്.

യു.എസ്- ചൈന വ്യാപാര യുദ്ധത്തേപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക്, പന്ത് ഇപ്പോള്‍ ചൈനയുടെ കോര്‍ട്ടിലാണ് എന്നാണ് വൈറ്റ് ഹൗസ് മറുപടി നല്‍കിയത്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയുടെ പ്രസ്താവനയ്ക്ക് മണിക്കുറുകള്‍ക്കകമാണ് 245 ശതമാനം നികുതി പ്രഖ്യാപനം വന്നത്. പന്തിപ്പോള്‍ ചൈനയുടെ കോര്‍ട്ടിലാണ്. ഞങ്ങളുമായി വ്യാപാര കരാറുണ്ടാക്കേണ്ടത് അവരുടെ ആവശ്യമാണ്. ഞങ്ങള്‍ക്ക് അതിന്റെ ആവശ്യമില്ല എന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിന്‍ ലെവിറ്റ് പറഞ്ഞത്.