ടെല്‍ അവീവ്: ഹമാസ് ഭീകരര്‍ ഇസ്രയേലില്‍ കടന്നു കയറി കൂട്ടക്കൊലയും തട്ടിക്കൊണ്ട് പോകലും നടത്തിയതിന്റെ രണ്ടാം വാര്‍ഷികം പ്രമാണിച്ച് ഇസ്രയേലില്‍ എങ്ങും സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കിതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. 2023 ഒക്ടോബര്‍ 7 ന് ഹമാസിന്റെ നേതൃത്വത്തിലുള്ള ആയിരക്കണക്കിന് ഭീകരര്‍ തെക്കന്‍ ഇസ്രായേലില്‍ 1,200 പേരെ കൊലപ്പെടുത്തുകയും 251 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്ത അധിനിവേശത്തിന്റെയും കൂട്ടക്കൊലയുടെയും രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. നാല്‍പ്പത്തിയെട്ട് ബന്ദികള്‍ ഇപ്പോഴും ഗാസയില്‍ തടവിലാണ്. ഇവരില്‍ പലരും കൊല്ലപ്പെട്ടിട്ടുണ്ട്.

സൈന്യത്തിന് ജാഗ്രത പരമാവധി വര്‍ദ്ധിപ്പിക്കാന്‍ ഐ.ഡി.എഫ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇസ്രായേല്‍ പ്രതിരോധ സേനയുടെ ഉന്നത ഉദ്യോഗസ്ഥരുമായി സമീര്‍ തിങ്കളാഴ്ച നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് ഈ നീക്കം എന്നാണ് സൈനിക വൃത്തങ്ങള്‍ അറിയിച്ചത്. ഹീബ്രു കലണ്ടറിലെ സുക്കോത്തിന് തൊട്ടുപിന്നാലെയുള്ള ഉത്സവ ദിനമായ സിംചാറ്റ് തോറയിലാണ് ഒക്ടോബര്‍ 7-ന് കൂട്ടക്കൊല നടന്നത്.

ഇത് ഐഡിഎഫിനെ അത്ഭുതപ്പെടുത്തിയിരുന്നു. ഹമാസ് അധിനിവേശത്തിന് തയ്യാറെടുക്കുകയാണെന്ന തെളിവുകളും ഇന്റലിജന്‍സും ഇസ്രായേലിന്റെ രാഷ്ട്രീയ, സൈനിക നേതൃത്വം അവഗണിക്കുകയായിരുന്നു. യുദ്ധം അവസാനിപ്പിക്കാനും ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാനും ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഭ്യര്‍ത്ഥനപ്രകാരം ശനിയാഴ്ച ഗാസ മുനമ്പില്‍ ഇസ്രയേല്‍ ആക്രമണം കുറച്ചിരുന്നു.

തിങ്കളാഴ്ച നേരത്തെ, ആക്രമണം നിര്‍ത്തിവച്ചിട്ടും ഗാസയില്‍ ഏറ്റുമുട്ടലുകള്‍ നടന്നതായി ഐഡിഎഫ് റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ചയും ഹമാസ് ആക്രമണങ്ങള്‍ക്ക് മറുപടിയായി നിരവധി തവണയാണ് വ്യോമാക്രമണം നടന്നത്. തീവ്രവാദികളുടെ ഒരു സെല്ലിന് നേര്‍ക്ക് ഇസ്രായേല്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ നടത്തിയ ഒരു ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു.

ഗാസ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സൈനികര്‍ക്കെതിരെ ഭീകരാക്രമണം നടത്താന്‍ ഈ സംഘം പദ്ധതിയിട്ടിരുന്നു' എന്നാണ് ഐഡിഎഫ് പറയുന്നത്. അതേ സമയം ഹമാസും മധ്യസ്ഥരും തമ്മിലുള്ള ചര്‍ച്ചകളുടെ ആദ്യ റൗണ്ട് ഈജിപ്തില്‍ പൂര്‍ത്തിയായി. വളരെ പോസീറ്റീവായ ഒരന്തരീക്ഷത്തിലാണ് ചര്‍ച്ചകള്‍ അവസാനിച്ചത് എന്നാണ് ് ഈജിപ്ത് ഭരണകൂടവുമായി ബന്ധപ്പെട്ട മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ചര്‍ച്ചകള്‍ ഇന്നും തുടരുമെന്നാണ് കരുതപ്പെടുന്നത്. ബന്ദികളെ കൈമാറുന്നതിനും ദീര്‍ഘകാല വെടിനിര്‍ത്തലിനും വേണ്ടിയുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശത്തിന്റെ വിശദാംശങ്ങളില്‍ ഇസ്രായേലും ഹമാസും ചര്‍ച്ചകളില്‍ ഏര്‍പ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.