- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നമ്മുടെ സൈനിക മേധാവി അപൂര്‍വ ധാതുക്കള്‍ അടങ്ങുന്ന ബ്രീഫ്കേസുമായി നടക്കുകയാണ്; എന്തൊരു തമാശയാണിത്; ഏതെങ്കിലും സൈനിക മേധാവി ഇങ്ങനെ പെട്ടിയുമായി നടക്കുമോ? ട്രംപിന് പെട്ടി നല്‍കിയതില്‍ അസിം മുനീറിനെതിരെ രൂക്ഷ വിമര്‍ശനം
'നമ്മുടെ സൈനിക മേധാവി അപൂര്‍വ ധാതുക്കള്‍ അടങ്ങുന്ന ബ്രീഫ്കേസുമായി നടക്കുകയാണ്
ഇസ്ലാമാബാദ്: ഇന്ത്യയുമായി അമേരിക്ക തീരുവ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ തന്നെ ട്രംപുമായി അടുക്കാന്‍ ശ്രമം ശക്തമാക്കുകയാണ് പാക്കിസ്ഥാന്‍. ഇതിനായി ട്രംപുമായി പാക് സൈനിക മേധാവി അസിം മുനീര്‍ തുടര്‍ച്ചയായി സന്ദര്‍ശനം നടത്തിയിരുന്നു. ഇങ്ങനെ ട്രംപിനെ കാണാന്‍ പോയ മുനീറിനെതിരെ പാക്കിസ്ഥാനുള്ളില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് പാകിസ്താന്‍ സൈനിക മേധാവി അസിം മുനീര്‍ അപൂര്‍വ ധാതുക്കള്‍ സമ്മാനമായി നല്‍കിയതിലാണ് വിമര്‍ശനം. സെനറ്റര്‍ മേധാവി ഐമല്‍ വലി ഖാന്‍ അസിം മുനീറിന്റെ പ്രവര്‍ത്തിയെ കുറ്റപ്പെടുത്തി രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്. ഒരു കടയുടമ ഉപഭോക്താവിന് വില കൂടിയ സാധനങ്ങള്‍ കാണിച്ച് കൊടുക്കുന്നത് പോലെയാണ് അസിം മുനീറിന്റെ പ്രവര്‍ത്തി എന്നായിരുന്നു ഐമലിന്റ പരിഹാസം.
'നമ്മുടെ സൈനിക മേധാവി അപൂര്‍വ ധാതുക്കള്‍ അടങ്ങുന്ന ബ്രീഫ്കേസുമായി നടക്കുകയാണ്. എന്തൊരു തമാശയാണിത്.' എന്നായിരുന്നു ഐമലിന്റെ വാക്കുകള്‍. ഏതെങ്കിലും സൈനിക മേധാവി ഇങ്ങനെ അപൂര്‍വ ധാതുക്കളും പെട്ടിയിലാക്കി നടക്കുമോ? എന്നും അദ്ദേഹം ചോദിച്ചു.
ഈ നടപടി ഭരണഘടനയോടും പാര്‍ലമെന്റിനോടുമുള്ള അവഹേളനമാണെന്ന് ഖാന്‍ പറഞ്ഞു. 'ഏത് നിയമപ്രകാരം, എന്ത് അധികാരത്തിലാണ് അദ്ദേഹം ഇത് ചെയ്തത്? ഇത് സ്വേച്ഛാധിപത്യമാണ്, ജനാധിപത്യമല്ല,' അദ്ദേഹം ചോദിച്ചു. ഇത്തരം സംഭവങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ അധികാരത്തെ ദുര്‍ബലപ്പെടുത്തുകയും ഏകാധിപത്യപരമായ രീതികളെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു. സെനറ്റര്‍ ഖാന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം വിളിക്കണമെന്നും ഐമല്‍ ആവശ്യപ്പെട്ടു. പാകിസ്താന്‍-സൗദി അറേബ്യ പ്രതിരോധ ഇടപാട്, ട്രംപിന്റെ ഗാസ സമാധാന നിര്‍ദ്ദേശത്തിനുള്ള പാക് പിന്തുണ, മുനീര്‍-ട്രംപ് കൂടിക്കാഴ്ച എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ തേടിയാണ് ഈ ആവശ്യം.
ഈ ആഴ്ച്ച വൈറ്റ് ഹൗസ് ഫോട്ടോ പുറത്തുവിട്ടതോടെയാണ് വിവാദങ്ങള്‍ പുകഞ്ഞ് തുടങ്ങിയത്. പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് നോക്കി നില്‍ക്കേ, അസിം മുനീര്‍ സമ്മാനിച്ച വസ്തുക്കള്‍ കൗതുകത്തോടെ നോക്കുന്ന ട്രംപിനെയും നമുക്ക് ചിത്രത്തില്‍ കാണാനാവും. ട്രംപുമായി പാക് നേതാക്കള്‍ നടത്തിയ അടച്ചിട്ട ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു ഈ ചിത്രങ്ങള്‍ പുറത്തുവന്നത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് മൂനീര്‍ അമേരിക്ക സന്ദര്‍ശിക്കുന്നത്.