- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്യൂബാ മുകുന്ദന്റെ സ്വപ്നലോകമല്ല ക്യൂബ! രാജ്യത്ത് ഭിക്ഷക്കാരില്ലെന്ന് പറഞ്ഞ മന്ത്രി വെട്ടിലായി; വിവാദ പ്രസ്താവനയില്‍ പ്രതിഷേധം ഇരമ്പിയപ്പോള്‍ രാജിവെച്ചു മന്ത്രി എലീന; ഭക്ഷ്യക്ഷാമവും ഇന്ധന ക്ഷാമവും വൈദ്യുതി തടസവും ക്യൂബയില്‍ പതിവുകാഴ്ച്ച
ക്യൂബാ മുകുന്ദന്റെ സ്വപ്നലോകമല്ല ക്യൂബ!
ഹവാന: ക്യൂബയില്‍ വിവാദ പ്രസ്താവന നടത്തിയ തൊഴില്‍ വകുപ്പ് മന്ത്രി രാജി വെച്ചു. രാജ്യത്ത് ഭിക്ഷക്കാരില്ല എന്നായിരുന്നു മന്ത്രിയായ മാര്‍ട്ട എലീന ഫെയ്റ്റോ കാബ്രേര പ്രസ്താവന നടത്തിയിരുന്നത്. ക്യൂബയില്‍ ഭിക്ഷാടകര്‍ എന്നൊന്നില്ലെന്നും മാലിന്യക്കൂമ്പാരങ്ങളിലൂടെ നടക്കുന്ന ആളുകള്‍ എളുപ്പത്തില്‍ പണം സമ്പാദിക്കാനുള്ള ആഗ്രഹത്തോടെയാണ് അങ്ങനെ ചെയ്യുന്നതെന്നുമാണ് മന്ത്രി പറഞ്ഞത്. പാര്‍ലമെന്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാല്‍ ഇതിനെ തുടര്‍ന്ന് നടത്തിയ സ്വദേശത്തും വിദേശത്തുമുള്ള ക്യൂബക്കാര്‍ വ്യാപകമായി പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ക്യൂബന്‍ പ്രസിഡന്റ് മിഗുവല്‍ ഡയസ് കാനല്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടത്. ക്യൂബന്‍ സര്‍ക്കാര്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഇപ്പോഴും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. രാജ്യത്ത് ഇപ്പോഴും കടുത്ത ദാരിദ്യമാണ് നിലനില്‍ക്കുന്നത്. കൂടാതെ ഭക്ഷ്യക്ഷാമവും രൂക്ഷമാണ്.
കമ്മ്യൂണിസ്റ്റ് രാജ്യമായ ക്യൂബയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ ഒരു കാരണവശാലും അനുവദിക്കുന്ന പതിവില്ല. കൂടാതെ സര്‍ക്കാരിനോടുള്ള തുറന്ന് പറഞ്ഞ് വിമര്‍ശിക്കുന്നവരെ തടവിലിടുന്നതും പതിവാണ്. എന്നാല്‍ മന്ത്രിയുടെ പ്രസ്താവനക്ക് നേരേ ഉയര്‍ന്ന ജനരോഷവും അതിന്‍ മേല്‍ സര്‍ക്കാര്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടതും വളരെ പ്രാധാന്യത്തോടെയാണ് എല്ലാവരും നോക്കിക്കാണുന്നത്. വലിയ തോതിലുള്ള ജനരോഷം തന്റെ പ്രസ്താവനയെ തുടര്‍ന്ന് ഉണ്ടാകുമെന്ന് മുന്‍കൂട്ടി കാണാന്‍ മന്ത്രിക്ക് കഴിഞ്ഞില്ല എന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.
രാജ്യം ഭരിക്കുന്നവര്‍ വികാരശൂന്യരാണെന്നും സ്വേച്ഛാധിപതികളെ പോലെ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കാത്ത ദന്തഗോപുരവാസികള്‍ ആണെന്നും ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ മന്ത്രിയുടെ പ്രസ്താവന കാരണമായി എന്നും അവര്‍ വിലയിരുത്തി. പാര്‍ലമെന്റില്‍ തന്നെ മന്ത്രിയുടെ പേരെടുത്ത് പറയാതെ പ്രസിഡന്റ് മിഗുവല്‍ ഡയസ് കാനല്‍ രൂക്ഷമായി വിമര്‍ശിച്ചു. സര്‍ക്കാരിന് യാഥാര്‍ത്ഥ്യം കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്നാണ് പ്രസിഡന്റ് വ്യക്തമാക്കിയത്.
ഭക്ഷണത്തിനും പാര്‍പ്പിടത്തിനും ക്ഷാമം നേരിടുന്നത് കാരണം ആളുകള്‍ ഭക്ഷണത്തിനായി ചവറ്റുകുട്ടകളില്‍ തെരച്ചില്‍ നടത്തുന്നതും കടകളുടെ മുന്നില്‍ ഉറങ്ങുന്നതും എല്ലാം ക്യൂബയില്‍ സ്ഥിരം കാഴ്ചയാണ്. ഇന്ധന ക്ഷാമവും വൈദ്യുതി തടസവും ഇവിടെ പതിവാണ്. ആശുപത്രികളിലും മെഡിക്കല്‍ സ്റ്റോറുകളിലും അവശ്യ മരുന്നുകള്‍ പോലും ലഭിക്കുന്നില്ല. ക്യൂബന്‍ സര്‍്ക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളാണ് ഇതിന് കാരണമെന്നാണ് വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നത്.
എന്നാല്‍ അമേരിക്കയുടെ ഉപരോധമാണ് ഇതിനെല്ലാം കാരണമെന്നാണ് സര്‍ക്കാര്‍ ന്യായീകരിക്കുന്നത്. അമേരിക്കയില്‍ ആദ്യ തവണ പ്രസിഡന്റായിരുന്ന സമയത്ത് ട്രംപാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. പിന്നീട് പ്രസിഡന്റായ ജോ ബൈഡനും അത് തുടരുകയായിരുന്നു.