- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഇന്ത്യയില്‍; ഇന്ത്യാക്കാരുടെ വിസ നടപടി ചട്ടങ്ങളില്‍ ഇളവും സ്വതന്ത്ര വ്യാപാരക്കരാറിലും ചര്‍ച്ച; മോദിയുമായി കൂടിക്കാഴ്ച്ച
ന്യൂഡല്‍ഹി: മന്ത്രിമാരുമായും വ്യവസായ പ്രമുഖരുമായുമുള്ള ചര്‍ച്ചകള്‍ക്കായി ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഡേവിഡ് ലാമി ഇന്ത്യയിലെത്തി. ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഈ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്. ബ്രിട്ടന്റെ സാമ്പത്തിക വളര്‍ച്ചയിലും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്‌നങ്ങള്‍ നിയന്ത്രിക്കുന്നതിലും ഒഴിവാക്കാന്‍ കഴിയാത്ത പങ്കാളിയാണ് ഇന്ത്യ എന്നാണ് ലാമി പറഞ്ഞത്. പ്രധാനമന്ത്രി മോദിയുമായി ലാമി കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്.
അധികം താമസിയാതെ തന്നെ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകാന്‍ പോകുന്ന ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാര്‍ ഉണ്ടാക്കാന്‍ പുതിയ ലേബര്‍ സര്‍ക്കാര്‍ അതിയായി ആഗ്രഹിക്കുന്നുണ്ട്. അധികാരത്തിലേറി വെറും മൂന്നാഴ്ച മാത്രം കഴിഞ്ഞപ്പോള്‍ തന്നെ ഇന്ത്യയെ ലക്ഷ്യം വച്ചു എന്നതു തന്നെ ബ്രിട്ടനിലെ പുതിയ സര്‍ക്കാര്‍ ഇന്ത്യയുമായുള്ള ബന്ധത്തിന് എത്രമാത്രം വില നല്‍കുന്നു എന്നതിന് തെളിവാണ്. ബ്രിട്ടീഷ് വ്യവസായ സ്ഥാപനങ്ങളും ഇന്ത്യയുമായുള്ള വ്യാപാരത്തിന് ആഗ്രഹിക്കുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷമായി നടന്നു വന്നിരുന്ന ഇന്ത്യ - ബ്രിട്ടന്‍ സ്വതന്ത്ര വ്യാപാര കരാറിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി നിര്‍ത്തി വച്ചിരിക്കുകയാണ്. കഴിഞ്ഞ മര്‍ച്ചില്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ അല്ലാത്ത നോര്‍വേ, സ്വിറ്റ്‌സര്‍ലന്‍ഡ്, ഐസ്ലാന്‍ഡ്, ലിക്‌റ്റെന്‍സ്‌റ്റൈന്‍ എന്നീ രാജ്യങ്ങളുമായി ഇന്റ്യ സ്വതന്ത്ര വ്യാപാര കരാറുകള്‍ ഉണ്ടാക്കിയിരുന്നു.
ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ ചര്‍ച്ചകള്‍ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുന്നു എന്നായിരുന്നു കഴിഞ്ഞ് വര്‍ഷം കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍, സങ്കീര്‍ണ്ണതകള്‍ ഏറെയുണ്ടെന്നുള്ള സൂചനകളും നല്‍കിയിരുന്നു. ഇന്ത്യയുമായി കരാര്‍ ഒപ്പു വച്ചാല്‍, ബ്രെക്സിറ്റിന് ശേഷം ബ്രിട്ടന്‍ ഏതെങ്കിലും രാജ്യവുമായി ഉണ്ടാക്കുന്ന എറ്റവും വലിയ വ്യാപാര കരാര്‍ ആയിരിക്കും അത്.
വിദേശകാര്യ മന്ത്രിയായി ചുമതല ഏറ്റ ഉടന്‍ തന്നെ ലാമി യൂറോപ്യന്‍ യൂണിയന്‍ നേതാക്കളെ സന്ദര്‍ശിക്കാനായിരുന്നു ആദ്യ യാത്ര നടത്തിയത്. ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം എന്നാല്‍, ഇപ്പോഴത്തെ യാത്രയില്‍ പ്രധാനമായും സാമ്പത്തിക കാര്യങ്ങളാണ് ഉന്നം വയ്ക്കുന്നത്. ഭൂമിയുടെ ദക്ഷിണാര്‍ദ്ധ ഗോളത്തിലെ സ്വാധീനമുള്ള രാഷ്ട്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട രാജ്യമായാണ് ബ്രിട്ടന്‍ ഇന്ത്യയെ കാണുന്നത്. അതുകൊണ്ടു തന്നെ ലാമിയുടെ ഈ യാത്രയെ ഏറെ പ്രാധാന്യത്തോടെ തന്നെയാണ് ബ്രിട്ടന്‍ കാണുന്നത്.