കരാക്കസ്: വെനസ്വേലന്‍ പ്രസിഡന്റ് നികോളാസ് മഡുറോയെ പിടികൂടി ന്യൂയോര്‍ക്കിലെ ഫെഡറല്‍ ജയിലിലടച്ചതിന് പിന്നാലെ ആ രാജ്യത്ത് കടുത്ത അനിശ്ചിതത്വങ്ങളാണ് നിലനില്‍ക്കുന്നത്. മഡുറോയെ പിടികൂടിയതിന് അപ്പുറത്തേക്ക് അമേരിക്കന്‍ നീക്കമുണ്ടാകുമോ എന്നാണ് ആശങ്ക. ഇതിനിടെ ഇടക്കാല പ്രസിഡന്റായി നിയമിക്കപ്പെട്ട ഡെല്‍സി റോഡ്രിഗസ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷമായ ഭീഷണികളുമായി രംഗത്തെത്തുകയും ചെയത്ു.

മയക്കുമരുന്ന് കടത്ത് കേസില്‍ കുടുക്കി മഡുറോയെയും ഭാര്യയെയും അമേരിക്കന്‍ സൈന്യം പൊക്കി നേരെ ന്യൂയോര്‍ക്കിലെ കൊടും കുറ്റവാളികളെ പാര്‍പ്പിക്കുന്ന ജയിലിലെത്തിച്ചതിന് പിന്നാലെയാണ് വെനസ്വേലന്‍ സുപ്രീം കോടതി വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസിനെ രാജ്യത്തിന്റെ ഇടക്കാല പ്രസിഡന്റായി വാഴിച്ചത്. ഇതോടെ ട്രംപിന്റെ കണക്കുകൂട്ടലുകള്‍ തെറ്റുകയാണോ എന്ന സംശയങ്ങളും ഉയരുന്നുണ്ട്.

പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോയ്ക്ക് പകരം റോഡ്രിഗസിനെ മുന്‍ഗണന നല്‍കുന്നതായി ട്രംപ് പറഞ്ഞെങ്കിലും, ഈ 'സോഷ്യലിസ്റ്റ് റാണി' ട്രംപിനോട് കടക്ക് പുറത്തെന്ന നിലപാടിലാണ്. മഡുറോയുടെ അറസ്റ്റിനെ 'അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം' എന്നാണ് റോഡ്രിഗസ് വിശേഷിപ്പിച്ചത്. അമേരിക്കന്‍ ഭരണകൂടത്തിന് മുന്നില്‍ വഴങ്ങില്ലെന്ന് പ്രഖ്യാപിച്ച് അവര്‍ നടത്തിയ പ്രസംഗം വെനസ്വേലയെ ഇളക്കിമറിച്ചിരിക്കുകയാണ്.

വെനസ്വേലയെ ഇനി അമേരിക്ക 'ഭരിക്കുമെന്ന്' ട്രംപ് പ്രഖ്യാപിച്ചു കഴിഞ്ഞു. ലോകത്തെ ഏറ്റവും വലിയ എണ്ണ ശേഖരമുള്ള രാജ്യം സ്വന്തം വരുതിയിലാക്കി അമേരിക്കന്‍ കമ്പനികളെ അവിടേക്ക് അയക്കാനാണ് ട്രംപിന്റെ പദ്ധതി. 'വെനസ്വേലയെ വീണ്ടും മഹത്തരമാക്കാന്‍ അവര്‍ സഹായിക്കും' എന്ന് ട്രംപ് പറയുന്നുണ്ട്. എന്നാല്‍ ഡെല്‍സി റോഡ്രിഗസ് എന്ന കടുത്ത സോഷ്യലിസ്റ്റ് അതിന് കൂട്ടുനില്‍ക്കുമോ എന്നാണ് അറിയേമ്ടത്. ഡെല്‍സി റോഡ്രിഗസ് ട്രംപുമായി ഒത്തുകളിക്കുമെന്ന് കരുതുന്നില്ലെന്ന് അമേരിക്കന്‍ സെനറ്റിലെ പ്രമുഖര്‍ തന്നെ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. 'തെളിയിക്കപ്പെടുന്നത് വരെ അവരെ വിശ്വസിക്കരുത്' എന്നാണ് സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ടോം കോട്ടണ്‍ പറഞ്ഞത്.

ആര്‍ട്ടിക്കിള്‍ 233, 234 പ്രകാരമുള്ള ഭരണഘടനാ വ്യവസ്ഥകള്‍ പ്രകാരമാണ് ഡെല്‍സി പ്രസിഡന്റ് സ്ഥാനത്ത് എത്തിയത്. പ്രസിഡന്റിന്റെ അഭാവത്തില്‍ എക്‌സിക്യൂട്ടീവ് അധികാരം വൈസ് പ്രസിഡന്റിനായിരിക്കുമെന്നാണ് ഭരണഘടനാ വ്യവസ്ഥ. മഡുറോയെ യുഎസ് ബന്ദിയാക്കി കൊണ്ടു പോയതിന് മണിക്കൂറുകള്‍ക്കുള്ളില്‍ റോഡ്രിഗസ് വെനിസ്വേലയുടെ ദേശീയ പ്രതിരോധ കൗണ്‍സിലിന്റെ യോഗത്തില്‍ അധ്യക്ഷത വഹിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു




അതേസമയം, യുഎസുമായി റോഡ്രിഗസ് ആശയവിനിമയം നടത്തിയതായുള്ള റിപ്പോര്‍ട്ടുകളുമുണ്ട്. മഡുറോ പിടിക്കപ്പെട്ടതിനു ശേഷം യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവരുമായി റോഡ്രിഗസ് സംസാരിച്ചുവെന്നും വാഷിങ്ടണുമായി സഹകരിക്കാന്‍ തയ്യാറെന്ന് അവര്‍ തുറന്നു സമ്മതിച്ചെന്നും ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. എന്നാല്‍ മഡുറോയെ ബന്ദിയാക്കിയയതിന് പിന്നാലെ റോഡ്രിഗസ് നടത്തിയ പ്രസ്താവനകളില്‍ വിട്ടുവീഴ്ചയുമായി ബന്ധപ്പെട്ട സൂചനകളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിയമനിര്‍മ്മാണം, വിദേശനയം, ആശയവിനിമയം, സാമ്പത്തികം തുടങ്ങിയ മേഖലകളില്‍ രണ്ടു പതിറ്റാണ്ടിലേറെയായി ഡെല്‍സി റോഡ്രിഗസ് പ്രവര്‍ത്തിച്ചു വരുന്നുണ്ട്. 2018-ലാണ് ഡെല്‍സി റോഡ്രിഗസിനെ വെനസ്വേലയിലെ വൈസ് പ്രസിഡന്റ് ആയി നിയമിച്ചത്. വൈസ് പ്രസിഡന്റ് പദവിക്കൊപ്പം തന്നെ ധനകാര്യം, എണ്ണ വകുപ്പുകളുടെ മന്ത്രികൂടിയാണ്. ഇത് രാജ്യത്തെ പ്രധാനവ്യക്തികളില്‍ ഒരാളാക്കി മാറ്റി. സര്‍ക്കാരിനെതിരായ നീക്കങ്ങളെ പ്രതിരോധിച്ചിരുന്ന വ്യക്തികൂടിയായ റോഡ്രിഗസിനെ 'കടുവ' എന്നായിരുന്നു മഡുറോ വിശേഷിപ്പിച്ചിരുന്നത്.

1969 മേയ് 18ന് കാരക്കാസിലാണ് ഡെല്‍സി റോഡ്രിഗസിന്റെ ജനനം. 1970കളില്‍ ലിഗ സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരിച്ച ഗറില്ല പോരാളി ജോര്‍ജ്ജ് അന്റോണിയോ റോഡ്രിഗസിന്റെ മകളാണ് ഡെല്‍ന റോഡ്രിഗസ്. 2013-ല്‍ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രിയായിരുന്നു. 2014-17 കാലത്ത് വിദേശകാര്യ മന്ത്രിയായിരുന്നു. ഐക്യരാഷ്ട്ര സഭ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വേദികളില്‍ വെനിസ്വേലയെ പ്രതിനിധീകരിച്ചു. വിദേശ സര്‍ക്കാരുകള്‍ വെനിസ്വേലയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടുന്നുവെന്ന് നിരന്തരം ആരോപിച്ചിരുന്നു.

2024 ഓഗസ്റ്റിലാണ് എണ്ണ മന്ത്രാലയം റോഡ്രിഗസിന് നല്‍കുന്നത്. വെനസ്വേലയുടെ എണ്ണ വ്യവസായത്തിന്മേല്‍ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ചുമതലയും ഡെല്‍സി റോഡ്രിഗസിനായിരുന്നു. വെനസ്വേലയിലെ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 1993 ല്‍ ബിരുദം നേടി. പഠന കാലത്ത് തന്നെ വിദ്യാഥി പ്രസ്ഥാനങ്ങളില്‍ സജീവമായിരുന്നു. തുടര്‍പഠനത്തിനായി പാരീസിലെത്തി.

ഇന്ത്യയുമായി അടുത്ത ബന്ധം

സമീപ വര്‍ഷങ്ങളില്‍, ഇന്ത്യയുമായി ഇടപഴകുന്ന വെനിസ്വേലന്‍ നേതാക്കളില്‍ ഒരാളാണ് റോഡ്രിഗസ്. ഡല്‍ഹിയുടെ പരിചിത നയതന്ത്ര പങ്കാളിയാണവര്‍. ഡെല്‍സി റോഡ്രിഗസ് അടുത്തിടെ നിരവധി ഉന്നതതലചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. ലാറ്റിനമേരിക്കയില്‍ ദീര്‍ഘകാലം ഇന്ത്യയുടെ നിര്‍ണായക ഊര്‍ജ്ജ-ഭൗമരാഷ്ട്രീയ പങ്കാളി ആയിരുന്ന ഒരു രാജ്യത്തിന്റെ പരമോന്നത പദവിയില്‍ ഇപ്പോള്‍ അവര്‍ എത്തി നില്‍ക്കുന്നു.

ഇന്ത്യ എനര്‍ജി വീക്ക് ഉള്‍പ്പെടെയുള്ള ന്യൂഡല്‍ഹിയിലെ പ്രധാന ഫോറങ്ങളിലേക്ക് വെനിസ്വേലന്‍ പ്രതിനിധികളെ അവര്‍ നയിച്ചു. ഊര്‍ജ്ജം, ഡിജിറ്റല്‍ സാങ്കേതികവിദ്യ, വിദ്യാഭ്യാസം, വ്യാപാരം തുടങ്ങിയ മേഖലകളില്‍ സഹകരണം വികസിപ്പിക്കുന്നതില്‍ അവര്‍ പ്രവര്‍ത്തിച്ചു. പ്രത്യേകിച്ച്, അവരുടെ നേതൃത്വത്തില്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യിലെ സംയുക്ത പ്രവര്‍ത്തനവും പ്രൊഫഷണലുകളുടെ പരിശീലനവും ഉള്‍പ്പെടെ ആരോഗ്യം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ എന്നിവയിലെ കൈമാറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 2025 ഫെബ്രുവരിയില്‍ ഇന്ത്യയുമായി ഒരു ഡിജിറ്റല്‍ സഹകരണ കരാറില്‍ ഒപ്പുവച്ചു.




നേരത്തെ, 2023 ഓഗസ്റ്റില്‍, റോഡ്രിഗസ് 9-ാമത് സിഐഐ ഇന്ത്യഎല്‍എസി കോണ്‍ക്ലേവില്‍ (കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ ഇന്ത്യ-ലാറ്റിന്‍ അമേരിക്ക, കരീബിയന്‍ സാമ്പത്തിക ഉച്ചകോടി) പങ്കെടുക്കാന്‍ ന്യൂഡല്‍ഹിയിലേക്ക് ഒരു വെനിസ്വേലന്‍ പ്രതിനിധി സംഘത്തെ നയിച്ചതും ഡെല്‍സിയാണ്. ഇന്ത്യയും വെനിസ്വേലയും തമ്മിലുള്ള സാമ്പത്തിക, വാണിജ്യ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് അവര്‍ ഊന്നല്‍ നല്‍കി. വ്യാപാരം, ഊര്‍ജ്ജം, മരുന്നുകള്‍, രാസവസ്തുക്കള്‍, വിശാലമായ സഹകരണം എന്നിവയുള്‍പ്പെടെയുള്ള മേഖലകള്‍ ചര്‍ച്ചകളില്‍ ഉള്‍പ്പെട്ടിരുന്നു. വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ അവര്‍ കണ്ടുമുട്ടി. ബിസിനസ് സഹകരണത്തിന്റെ പ്രാധാന്യവും ആഗോള വിഷയങ്ങളില്‍ പങ്കിട്ട കാഴ്ചപ്പാടുകളും അവര്‍ അടിവരയിട്ടു.

2024 ഒക്ടോബറില്‍ അവര്‍ വീണ്ടും ഇന്ത്യ സന്ദര്‍ശിച്ചു, സാമ്പത്തിക സഹകരണം, ജനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍, യോഗ, ആയുര്‍വേദത്തിന്റെ പ്രോത്സാഹനം തുടങ്ങിയ സാംസ്‌കാരിക വിനിമയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അന്നത്തെ വൈസ് പ്രസിഡന്റ് ജഗ്ദീപ് ധന്‍ഖറുമായി അവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു പ്രധാന ഊര്‍ജ്ജ ഉപഭോക്താവെന്ന നിലയില്‍ ഇന്ത്യയുടെ പാതയെക്കുറിച്ചും പരസ്പര പൂരകമായ തന്ത്രപരമായ ആസ്തിയായി വെനിസ്വേലയുടെ വലിയ എണ്ണ ശേഖരം അവര്‍ പരാമര്‍ശിക്കുകയുണ്ടായി.