- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകവ്യാപകമായി വലതുപക്ഷ നേതാക്കളെ ഇടതുപക്ഷം ആക്രമിക്കുന്നു; 'നേഷന്‍ ഫസ്റ്റ്' ഇല്ലാതാക്കാന്‍ കഴിയില്ല; ട്രംപ് സുഖംപ്രാപിക്കട്ടെയെന്ന് ഹിമന്ത ബിശ്വ ശര്‍മ
ന്യൂഡല്‍ഹി: ലോകവ്യാപകമായി വലതുപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് ഇടതുപക്ഷം ആക്രമണം നടത്തുന്നുവെന്ന് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ. ഇത്തരം ആക്രമണങ്ങള്‍ക്കൊണ്ട് 'നേഷന്‍ ഫസ്റ്റ്' എന്ന ആശയത്തെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു നേര്‍ക്കുണ്ടായ വധശ്രമത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.
'ആഗോളതലത്തില്‍ വലതുപക്ഷ നേതാക്കള്‍ ശാരീരികമായോ അല്ലാതെയോ ആക്രമണ ലക്ഷ്യങ്ങളായി മാറുകയാണ്. എന്നാല്‍ ഇത്തരം ആക്രമണങ്ങള്‍ക്കൊണ്ട് 'നേഷന്‍ ഫസ്റ്റ്' എന്ന ആശയത്തെ പരാജയപ്പെടുത്താനാവില്ല. അതിന് 'ജനനി ജന്മഭൂമി ച സ്വര്‍ഗാദപി ഗരീയസി' എന്ന സനാതനധര്‍മ ആശയത്തിലും അധ്യാത്മികതയിലും ആഴത്തില്‍ വേരോട്ടമുണ്ട്. ശക്തിയോടെ നിലകൊള്ളുന്നതിന് ട്രംപിന് എല്ലാ ആശംസകളും', ഹിമന്ത ബിശ്വ ശര്‍മ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
പെന്‍സില്‍വേനിയയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് ഡൊണാള്‍ഡ് ട്രംപിനുനേരെ വെടിവെപ്പുണ്ടായത്. നിരവധി തവണ വെടിയുതിര്‍ത്തെങ്കിലും ഒരു വെടിയുണ്ട മാത്രമാണ് ട്രംപിന്റെ ശരീരത്തില്‍ കൊണ്ടത്. വലത് ചെവിയുടെ മുകള്‍ഭാഗത്ത് വെടിയുണ്ട തട്ടിയതിനേത്തുടര്‍ന്നുള്ള നേരിയ പരിക്ക് മാത്രമാണ് ട്രംപിന് ഉണ്ടായത്. പെന്‍സില്‍വേനിയയിലെ ബെതല്‍ പാര്‍ക്ക് സ്വദേശിയായ തോമസ് മാത്യു ക്രൂക്ക് എന്ന ഇരുപതുകാരനാണ് അക്രമി. വെടിയുതിര്‍ത്ത് നിമിഷങ്ങള്‍ക്കകംതന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ വെടിവെച്ചുവീഴ്ത്തി. സംഭവസ്ഥലത്തുതന്നെ ഇയാള്‍ മരിച്ചു.
സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. 'എന്റെ സുഹൃത്ത് യു.എസ്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ആക്രമണത്തില്‍ ആശങ്കയുണ്ട്. ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും അക്രമത്തിന് സ്ഥാനമില്ല. അദ്ദേഹം വേഗത്തില്‍ സുഖം പ്രാപിക്കട്ടെ', പ്രധാനമന്ത്രി കുറിപ്പില്‍ പറഞ്ഞു.
ഇത്തരത്തിലുള്ള അക്രമങ്ങള്‍ക്ക് യു.എസ്സില്‍ സ്ഥാനമില്ലെന്ന് സംഭവത്തെക്കുറിച്ച് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരിച്ചു. വിഷയത്തെ എല്ലാവരും അപലപിക്കേണ്ടതുണ്ട്. ട്രംപുമായി ഫോണില്‍ സംസാരിച്ചതായും ബൈഡന് വ്യക്തമാക്കി.