വാഷിങ്ടണ്‍: യുഎസ് രാഷ്ട്രീയത്തില്‍ ട്രംപിന്റെ പ്രധാന എതിരാളികളില്‍ ഒരാളാണ് നാന്‍സി പെലോസി. അവര്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുന്നു എന്ന കാര്യം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തെ പരിഹസിച്ചു കൊണ്ടാണ് ട്രംപ് രംഗത്തുവന്നത്. രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാനുള്ള ഡെമോക്രാറ്റ് നേതാവ് നാന്‍സി പെലോസിയുടെ തീരുമാനം ഏറ്റവും സന്തോഷമുണ്ടാക്കുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു.

ദുഷ്ടയായ സ്ത്രീയാണ് നാന്‍സി പെലോസി എന്നാണ് മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തിന് ട്രംപ് മറുപടി നല്‍കിയത്. അവര്‍ വിരമിക്കുന്നതില്‍ താന്‍ അതിയായ സന്തോഷത്തിലാണ്. വിരമിക്കാനുള്ള നാന്‍സിയുടെ തീരുമാനം രാജ്യത്തോടുള്ള ഏറ്റവും വലിയ സേവനമാണെന്നും ട്രംപ് പരിഹസിച്ചു. രാജ്യത്തിന് വലിയ നഷ്ടങ്ങളുണ്ടാക്കിയ മോശം സേവനമായിരുന്നു നാന്‍സിയുടേതെന്നും ട്രംപ് പറഞ്ഞു. ഫോക്സ് ന്യൂസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

നാന്‍സി പെലോസി തന്നെ രണ്ട് തവണ ഇംപീച്ച് ചെയ്തതിലും രണ്ട് തവണയും ദയനീയമായി പരാജയപ്പെട്ടതിലും താന്‍ അഭിമാനിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. യുഎസ് പ്രതിനിധി സഭയുടെ ആദ്യ വനിതാ സ്പീക്കര്‍ ആണ് നാന്‍സി പെലോസി. നാല് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നുവെന്നും ഇനി മത്സരിക്കാനില്ലെന്നുമായിരുന്നു നാന്‍സി പെലോസിയുടെ പ്രതികരണം.

യുഎസ് രാഷ്ട്രീയത്തിലെ ഉരുക്കു വനിതയെന്ന് വിശേഷിപ്പിക്കപ്പെട്ട നാന്‍സി ട്രംപിന്റെ കടുത്ത വിമര്‍ശകയാണ്. ഡെമോക്രാറ്റുകളുടെ കരുത്തുറ്റ നേതാവ് കൂടിയാണവര്‍. 2026 ലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്നും, സഭയിലെ തന്റെ കാലാവധി അവസാനിക്കുന്ന 2027ഓടെ ഔദ്യോഗികജീവിതത്തിന് വിരാമമാകുമെന്നും പെലോസി വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.

രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ നിരാശയെന്തെന്ന ചോദ്യത്തിന്, റിപബ്ലിക്ക് പാര്‍ട്ടിയെയും ട്രംപിനെയും അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ വേണ്ട തെരഞ്ഞെടുപ്പ് വിജയങ്ങള്‍ തനിക്കില്ല എന്നാണ് 2022ല്‍ പെലോസി നല്‍കിയ മറുപടി. സഭയില്‍ ഒരുമയെക്കുറിച്ച് ട്രംപ് പ്രസംഗിച്ചപ്പോള്‍ പെലോസിയുടെ മറുപടി പരിഹാസച്ചിരിയായിരുന്നു. ട്രംപിനെതിരെ 2019ലും 20ലും രണ്ടുതവണ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചു. 2020ല്‍ യുഎസ് ഹൗസില്‍ സ്പീക്കറായിരുന്ന പെലോസിക്ക് കൈകൊടുക്കാതെ യൂണിറ്റി പ്രസംഗം നടത്തി ട്രംപ്. പിന്നാലെ സഭയില്‍ എഴുന്നേറ്റ് നിന്ന നാന്‍സി പെലോസി പ്രസംഗത്തിന്റെ പതിപ്പ് രണ്ടായി വലിച്ചുകീറിയത് വലിയ വാര്‍ത്തയായിരുന്നു.