വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുള്‍' ബജറ്റ് ബില്‍ ജനപ്രതിനിധി സഭയില്‍ പാസായി. ഇലോണ്‍ മസ്‌ക്ക് അടക്കം ഉടക്കിട്ട് രംഗത്തുവന്ന ബില്ലാണ് പാസായിരിക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സഭയില്‍ 218-214 വോട്ടിന് ബില്‍ പാസായി. ബില്ലില്‍ യുഎസിന്റെ സ്വാതന്ത്ര്യദിനമായ വെള്ളിയാഴ്ച പ്രസിഡന്റ് ട്രംപ് ഒപ്പുവയ്ക്കും.

'വിജയം, വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ യുഎസ് കോണ്‍ഗ്രസില്‍ പാസായി, ഇനി പ്രസിഡന്റ് ട്രംപിന്റെ മേശയിലേക്ക്' എന്ന് വൈറ്റ് ഹൗസ് എക്‌സില്‍ കുറിച്ചു. അതേസമയം, ക്രൂരമായ ബജറ്റ് ബില്‍ എന്ന് മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വിമര്‍ശിച്ചു. ദശലക്ഷക്കണക്കിന് അമേരിക്കക്കാരുടെ ആരോഗ്യ പരിരക്ഷ എടുത്തുകളയുന്നതാണ് ബില്ലെന്നും ശതകോടീശ്വരന്മാര്‍ക്ക് വന്‍തോതില്‍ നികുതി ഇളവ് നല്‍കുന്നതിനാണ് ട്രംപ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ചൊവ്വാഴ്ച സെനറ്റില്‍ ബില്‍ പാസായിരുന്നു. സെനറ്റിലെ 100 അംഗങ്ങളില്‍ 50 പേര്‍ അനുകൂലിച്ചും 50 പേര്‍ എതിര്‍ത്തും വോട്ടുചെയ്തു. സെനറ്റ് അധ്യക്ഷനായ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് അനുകൂലിച്ച് വോട്ടുചെയ്തതോടെയാണ് ബില്‍ സെനറ്റ് കടന്നത്.

ബില്‍ പാസായതോടെ സാധാരണ അമേരിക്കക്കാരെയും ചെറുകിട ബിസിനസുകളെയും എന്തിന് സ്റ്റേറ്റുകളെയും വരെ ദോഷകരമായി ബാധിക്കുമെന്നും വന്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്നും പരക്കെ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണവേളയിലുടനീളം ട്രംപ് എടുത്തു വീശിയ പരിഷ്‌കാരമായിരുന്നു ബിഗ് ബ്യൂട്ടിഫുള്‍ ബില്‍. ട്രംപിന്റെ സ്വപ്നതുല്യമായ ആഗ്രഹമാണിതെന്ന് പറയാം. 'അമേരിക്ക ഫസ്റ്റ്' നയം മുറുകെപ്പിടിക്കുന്ന വ്യക്തിഗത, ബിസിനസ് നികുതി ഇളവുകളും ചെലവുകളും കൂടിച്ചര്‍ന്ന ബില്‍ സമ്പന്നരെ തലോടുന്നു.

നികുതി ഇളവ് വിഭാവനം ചെയ്യുന്ന ഈ ബില്‍ അനുസരിച്ച് അടുത്ത വര്‍ഷം താഴ്ന്ന വരുമാനക്കാര്‍ക്ക് തുച്ഛമായ 150 ഡോളറിന്റെയും ഇടത്തരക്കാര്‍ക്ക് 1750 ഡോളറിന്റെയും സമ്പന്നര്‍ക്ക് 10,950 ഡോളറിന്റെയും ഇളവാണ് നല്‍കുന്നത്. ചെലവ് വെട്ടിക്കുറയ്ക്കലും കൂടുതല്‍ ബാധിക്കുന്നത് താഴെത്തട്ടിലുള്ളവരെയും അവശത അനുഭവിക്കുന്നവരെയുമാണ്. പോഷകാഹാരത്തിന്റെയും ആരോഗ്യ പരിചരണത്തിന്റെയും ചെലവുകള്‍ വെട്ടി കുറയ്ക്കുന്നത് 12 ലക്ഷം മുതല്‍ 42 ലക്ഷം വരെ വരുന്ന ആളുകളെ ബാധിക്കുമെന്നാണ് കണക്കാക്കുന്നത്.

17800 കോടി ഡോളറിന്റെ കുടിയേറ്റ നിയന്ത്രണത്തിനുള്ള ചെലവ്, ഹരിത ഇന്ധനങ്ങള്‍ക്കുള്ള സബ്‌സിഡി കുറയ്ക്കല്‍ ഇവയൊക്കെ ബില്ലിന്റെ പരിധിയില്‍ വരുന്നു. പ്രതിരോധ, അതിര്‍ത്തി സുരക്ഷാ ചെലവിന്റെ പരിധി 15300 കോടി ഡോളറായി ഉയര്‍ത്തുമ്പോള്‍ വിവിധ സാമൂഹ്യ സുരക്ഷ പദ്ധതികളുടെ ചെലവ് വെട്ടിക്കുറയ്ക്കും. അമേരിക്കയില്‍ വളരെ ജനപ്രീതിയുള്ള ആരോഗ്യ, പോഷകാഹാര പദ്ധതികള്‍ക്കുള്ള വിഹിതം വെട്ടിക്കുറയ്ക്കാനും ബില്ലില്‍ വിഭാവനം ചെയ്യുന്നു.

ഫോസില്‍ ഇന്ധനത്തെ പ്രോല്‍സാഹിപ്പിക്കുന്നതിനും അതേ സമയം ഇലക്ട്രിക് വാഹനം, ക്ലീന്‍ എനര്‍ജി എന്നിവയുടെ സബ്‌സിഡി നിര്‍ത്തലാക്കുന്നതിനും ബില്ലില്‍ നീക്കമുണ്ട്. 2017ല്‍ ട്രംപ് തുടങ്ങിയ പല നികുതി ഇളവുകളുടെയും കാലാവധി ഈ വര്‍ഷം അവസാനിക്കുന്നത് നീട്ടി കൊടുക്കുന്നതിനുള്ള നടപടി കൂടിയാണിത്. ഇതില്‍ കടുത്ത എതിര്‍പ്പാണ് ഉയരുന്നത്.

നിലവില്‍ 36 ലക്ഷം കോടിയുടെ കടക്കെണിയില്‍ നീങ്ങുന്ന യു എസ് സര്‍ക്കാരിന്റെ ചെലവ് ചുരുക്കലിനും കടം കുറച്ചു കൊണ്ടു വരുന്നതിനുമുള്ള പരിഷ്‌കാരങ്ങളാണ് ബില്‍ ലക്ഷ്യം വയ്ക്കുന്നതെങ്കിലും ഫലത്തില്‍ കടം അടുത്ത 10 വര്‍ഷത്തിനകം 3.3 ലക്ഷം കോടി ഡോളര്‍ കൂടി ഉയരുമെന്ന് യുഎസ് ബജറ്റ് ഓഫീസ് കണക്കുകൂട്ടുന്നു.

അമേരിക്കന്‍ കോണ്‍ഗ്രസ് ബില്‍ പാസാക്കിയില്ലെങ്കില്‍ 68% നികുതി വര്‍ധനവ് ഉണ്ടാകുമെന്നാണ് ട്രംപ് ഉന്നയിക്കുന്ന വാദം. ജൂലൈ 4ന് മുമ്പ് ബില്‍ പാസാക്കണമെന്ന ട്രംപിന്റെ സമയപരിധി കോണ്‍ഗ്രസില്‍ വലിയ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ബില്‍ പാസാകുന്നത് സാധാരണ അമേരിക്കക്കാരെയും ചെറുകിട ബിസിനസുകളെയും എന്തിന് സ്റ്റേറ്റുകളെയും വരെ ദോഷകരമായി ബാധിക്കുമെന്നും വന്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്നും പരക്കെ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

ട്രംപിന്റെ ബജറ്റ് ബില്‍ പാസാകുന്നതോടെ ഏകദേശം 1.2 കോടി അമേരിക്കക്കാരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാതാക്കും. ദേശീയ കടം 3.3 ലക്ഷം കോടി ഡോളര്‍ വര്‍ധിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ആരോഗ്യ സംരക്ഷണ ഫണ്ടില്‍ ലക്ഷം കോടി ഡോളര്‍ വെട്ടിക്കുറവുണ്ടാകുമെന്ന തീരുമാനത്തില്‍ കടുത്ത എതിര്‍പ്പാണുള്ളത്. പ്രായമായവരും ഭിന്നശേഷിക്കാരും താഴ്ന്ന വരുമാനക്കാരും ആശ്രയിക്കുന്ന ആരോഗ്യ സംരക്ഷണ പദ്ധതിയായ മെഡിക്എയ്ഡിന്റെ വിഹിതം വെട്ടിക്കുറയ്ക്കുന്നത് വലിയ രാഷ്ട്രീയ വിഷയമായി ഡെമോക്രാറ്റുകള്‍ ഉയര്‍ത്തിയിരുന്നു.