വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പിലുള്‍പ്പെടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയേറ്റതിന് പിന്നാലെ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തോല്‍വിയുടെ കാരണം തന്റെ പേര് ബാലറ്റില്‍ ഇല്ലാത്തതാണെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്. തന്റെ പേര് ബാലറ്റില്‍ ഇല്ലാതിരുന്നതും യുഎസിലെ ഷട്ഡൗണുമാണ് പരാജയത്തിന് കാരണമായതെന്ന് ട്രംപ് പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.

''ട്രംപ് ബാലറ്റില്‍ ഇല്ലായിരുന്നു, പിന്നെ ഷട്ഡൗണും. ഇതാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പില്‍ തോല്‍ക്കാനിടയായ രണ്ടുകാരണങ്ങളായി തിരഞ്ഞെടുപ്പ് വിദഗ്ധര്‍ പറയുന്നത്' എന്നായിരുന്നു ട്രംപിന്റെ കുറിപ്പ്. ഡൊണാള്‍ഡ് ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റായതിന് ശേഷം രാജ്യത്ത് നടന്ന പ്രധാന തിരഞ്ഞെടുപ്പുകളിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നത്. ന്യൂയോര്‍ക്ക്, വിര്‍ജിനിയ, ന്യൂജേഴ്സ് എന്നീ മൂന്ന് പ്രധാനനഗരങ്ങളിലും ഡെമക്രാറ്റിക് സ്ഥാനാര്‍ഥികള്‍ക്കായിരുന്നു വിജയം. അടുത്തവര്‍ഷം യുഎസ് കോണ്‍ഗ്രസിലേക്കുള്ള ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡെമക്രാറ്റിക് പാര്‍ട്ടിക്ക് ഇത് വലിയ ആത്മവിശ്വാസമാണ് സമ്മാനിക്കുന്നത്.

ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറായാണ് ഡെമക്രാറ്റിക് സ്ഥാനാര്‍ഥി സൊഹ്റാന്‍ മംദാനി തിരഞ്ഞെടുക്കപ്പെട്ടത്. 34-കാരനായ അദ്ദേഹം ന്യൂയോര്‍ക്കിന്റെ ആദ്യത്തെ മുസ്ലീം മേയറും ആദ്യത്തെ ദക്ഷിണേഷ്യന്‍, ഇന്ത്യന്‍ വംശജനായ മേയറുമാണ്. മംദാനിയെ ശക്തമായി എതിര്‍ത്തയാളാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മംദാനിയെ മേയറായി തിരഞ്ഞെടുത്താല്‍ സാമ്പത്തികമായും സാമൂഹികമായും ന്യൂയോര്‍ക്ക് സമ്പൂര്‍ണ ദുരന്തത്തിലാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. 'കമ്യൂണിസ്റ്റ്' മംദാനി ജയിച്ചാല്‍ നാമമാത്രമായ ഫെഡറല്‍ സഹായധനമേ ന്യൂയോര്‍ക്കിന് നല്‍കൂവെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയുംചെയ്തു.

സ്വതന്ത്ര സ്ഥാനാര്‍ഥിയായ മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വോമോയെ ജയിപ്പിക്കണമെന്നും ട്രംപ് ജനങ്ങളോട് ആഹ്വാനംചെയ്തിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി കര്‍ട്ടിസ് സ്ലീവ മത്സരിക്കുമ്പോഴാണ് ബലാത്സംഗക്കേസിലുള്‍പ്പെട്ട ക്വോമോയെ ട്രംപ് ഔദ്യോഗികമായി പിന്തുണച്ചത്. എന്നാല്‍, സ്വതന്ത്ര സ്ഥാനാര്‍ഥിയായ ആന്‍ഡ്രൂ ക്വോമോയെയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി കര്‍ട്ടിസ് സ്ലീവയെയും ബഹുദൂരം പിന്നിലാക്കിയായിരുന്നു മംദാനിയുടെ വിജയം.

വിര്‍ജീനിയ, ന്യൂജേഴ്സി എന്നിവിടങ്ങളിലെ ഗവര്‍ണര്‍ തിരഞ്ഞെടുപ്പിലും ഡെമോക്രാറ്റുകള്‍ക്കായിരുന്നു ജയം. ഇക്കൊല്ലം ഗവര്‍ണര്‍ തിരഞ്ഞെടുപ്പു നടന്ന സംസ്ഥാനങ്ങള്‍ ഇവ രണ്ടുമായിരുന്നു. ന്യൂജേഴ്സിയുടെ 57-ാമത് ഗവര്‍ണറായി മിക്കി ഷെറിലും വിര്‍ജീനിയ ഗവര്‍ണറായി അബിഗെയ്ല്‍ സ്പാന്‍ബെര്‍ഗറും തിരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും മുന്‍ സ്റ്റേറ്റ് റെപ്രസെന്റേറ്റീവുമായിരുന്ന ജാക്ക് സിയാട്ടറെലിയെ പരാജയപ്പെടുത്തിയാണ് ന്യൂജേഴ്സിയുടെ ഗവര്‍ണറായി മിക്കി തിരഞ്ഞെടുക്കപ്പെട്ടത്. റിപ്പബ്ലിക്കന്‍ ലെഫ്.ഗവര്‍ണര്‍ വിന്‍സം ഏര്‍ലി സിയേഴ്സിനേയൊണ് വിര്‍ജീനിയയില്‍ അബിഗെയ്ല്‍ പരാജയപ്പെടുത്തിയത്. രണ്ട് വനിതകളെ ഗവര്‍ണര്‍മാരായി തിരഞ്ഞെടുത്തുവെന്ന ചരിത്രവും ന്യൂജേഴ്സിയും വിര്‍ജീനിയയും കുറിച്ചു.

2026-ല്‍ നടക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പുകളെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ പുറത്തുവന്ന തിരഞ്ഞെടുപ്പു ഫലങ്ങള്‍ ഏറെ നിര്‍ണായകമെന്നാണ് വിലയിരുത്തപ്പെടുന്നത്. അടുത്തകൊല്ലം നവംബര്‍ മൂന്നിന് യുഎസ് പ്രതിനിധിസഭയിലെ 435 സീറ്റുകളിലേക്കും യുഎസ് സെനറ്റിലെ 100-ല്‍ 35 സീറ്റുകളിലേക്കും തിരഞ്ഞെടുപ്പ് നടക്കും. മാത്രമല്ല, മുപ്പത്തൊമ്പതിടത്തെ ഗവര്‍ണര്‍ തിരഞ്ഞെടുപ്പുകളും പ്രാദേശികതലത്തിലുള്ള തിരഞ്ഞെടുപ്പും നടക്കും. ഈ നവംബറിലെ വിജയം അടുത്ത നവംബറിലെ മികച്ച പ്രകടനത്തിന് വഴിപാകുമെന്ന പ്രതീക്ഷയിലാണ് ഡെമോക്രാറ്റുകള്‍.

വിജയിച്ച ഡെമോക്രാറ്റ് സ്ഥാനാര്‍ഥികള്‍ക്ക് അഭിനന്ദനം അറിയിച്ചുകൊണ്ടുള്ള യുഎസ് മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ എക്സിലെ കുറിപ്പിലും ഡെമോക്രാറ്റുകള്‍ക്ക് തിരിച്ചുവരാന്‍ സാധിക്കുമെന്ന പ്രതീക്ഷ പങ്കുവെക്കുന്നുണ്ട്. ഇന്നത്തെ രാത്രി വിജയിച്ച മുഴുവന്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികള്‍ക്കും അഭിനന്ദനങ്ങള്‍. പ്രാധാന്യമുള്ള വിഷയങ്ങള്‍ക്ക് പരിഗണന നല്‍കുന്ന ശക്തരും ദീര്‍ഘവീക്ഷണമുള്ളവരുമായ നേതാക്കള്‍ക്ക് ചുറ്റും നാമൊത്തുചേരുമ്പോള്‍ നമുക്ക് വിജയിക്കാനാകുമെന്നതിന്റെ ഓര്‍മപ്പെടുത്തലാണ് ഇത്. ഇനിയും ധാരാളം കാര്യങ്ങള്‍ നമുക്ക് ചെയ്തുതീര്‍ക്കേണ്ടതുണ്ട്. എന്നിരുന്നാലും ഭാവി അല്‍പംകൂടി പ്രകാശമാനമായി തോന്നുന്നു, എന്നായിരുന്നു ഒബാമയുടെ കുറിപ്പ്.

അടുത്ത കൊല്ലത്തെ ഇടക്കാല തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ അന്തരീക്ഷത്തെ കുറിച്ച് സൂചന നല്‍കുന്നതാണ് ഇപ്പോഴത്തെ ഫലങ്ങളെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ട്രംപിന്റെ ഭരണകാലയളവിന്റെ രണ്ടാംപകുതിയില്‍ യുഎസ് കോണ്‍ഗ്രസിനെ ആര് നിയന്ത്രിക്കണമെന്ന് ആ തിരഞ്ഞെടുപ്പിലൂടെ വോട്ടര്‍മാര്‍ നിശ്ചയിക്കും.