ഗാസ: ഗാസ നഗരത്തില്‍ ഇസ്രയേല്‍ സൈന്യം ശക്തമായ കരയാക്രമണം ആരംഭിച്ചതോടെ ഡസന്‍കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത് എന്ന് റിപ്പോര്‍ട്ട്. ഹമാസ് നേതാക്കളേയും അണികളേയും ലക്ഷ്യമിട്ടാണ് ആക്രമണം നടക്കുന്നതെങ്കിലും മരിച്ചവരില്‍ കൂടുതലും സാധാരണക്കാരാണ്. സാധാരണക്കാരെ മനുഷ്യകവചമാക്കുന്ന തന്ത്രം ഹമാസ് തുടരുന്നു എന്നാണ് സൂചനകള്‍. ഇസ്രായേല്‍ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേ സമയം ഗാസയില്‍ തടവിലാക്കപ്പെട്ട ഇസ്രയേല്‍ ബന്ദികളുടെ കുടുംബങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ ഓര്‍ത്ത് കടുത്ത ആശങ്കയിലാണ്.

ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചതിന് പിന്നാലെ ഏറ്റവും വലിയ പലായനത്തിനാണ്് ഗാസ സാക്ഷ്യം വഹിക്കുന്നത്. കൈയിലുള്ളതെല്ലാം ഇട്ടെറിഞ്ഞ് ജനം ജീവനുമായി ഗാസയില്‍ നിന്ന് യാത്ര തുടരുന്നതായിട്ടാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചതിന് പിന്നാലെ ഗാസയില്‍ ഭക്ഷ്യക്ഷാമവും രൂക്ഷമായിരുന്നു. ലഭിക്കുന്ന വസ്തുക്കള്‍ക്കാകട്ടെ വന്‍ വിലയും നല്‍കേണ്ട അവസ്ഥയാണ്.

ഗാസയില്‍ നിന്ന് നിരവധി പേര്‍ തെക്കന്‍ മേഖലയിലേക്കാണ് പലായനം ചെയ്യുന്നത്. ഇവര്‍ക്ക് ഖാന്‍ യൂനിസില്‍ എത്താന്‍ വേണ്ടി മാത്രം പത്ത് മണിക്കൂറോളമെടുത്തു. അല്‍ റാഷിദ് തീരദേശ റോഡില്‍ കൂടി പലായനം ചെയ്യാന്‍ ഇസ്രയേല്‍ അനുമതി നല്‍കിയിട്ടുണ്ട്. വന്‍തോതില്‍ തിക്കും തിരക്കുമാണ് ഈ റോഡില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നത്. കാറുകളുടേയും ട്രക്കുകളുടേയും നീണ്ട നിരയാണ് റോഡുകളില്‍ കാണാന്‍ കഴിയുന്നത്.

ബോംബാക്രമണം ശക്തമായ സാഹചര്യത്തില്‍ നിരവധി പേര്‍ വഴിയില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇസ്രയേല്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതിനിടെ ഫലസ്തീനികളെ ഇസ്രയേല്‍ വംശഹത്യ നടത്തുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ അന്വേഷണക്കമ്മിഷന്‍ റിപ്പോര്‍ട്ടും പുറത്തുവന്നു. തങ്ങള്‍ ഗാസയില്‍ ശക്തമായ നീക്കമാണ് നടത്തുന്നതെന്ന കാര്യം ഇസ്രയേല്‍ സൈന്യവും സ്ഥിരീകരിച്ചു.

ഇസ്രയേല്‍ സൈന്യം നേരത്തേ തന്നെ ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടിരുന്നു. ഗാസയിലെ നാല്‍പ്പത് ശതമാനത്തോളം ജനങ്ങള്‍ ഇതിനകം പലായനം ചെയ്തു കഴിഞ്ഞു. ഇന്നലെ രാവിലെ വരെയുള്ള കണക്കുകള്‍ പ്രകാരം 370,000-ത്തിലധികം ഫലസ്തീനികള്‍ ഗാസ വിട്ടു പോയി. കഴിഞ്ഞ ഒരു മാസത്തിനിടെ ഏകദേശം 220,000 ഫലസ്തീനികള്‍ വടക്കന്‍ ഗാസയില്‍ നിന്ന് പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ നേരത്തെ പുറത്തിറക്കിയ കണക്കിന് വിരുദ്ധമാണിത്.

അതേ സമയം ഗാസയിലെ ഹോളി ഫാമിലി ചര്‍ച്ചിലെ അന്തേവാസികള്‍ ഇവിടെ തന്നെ തുടരുകയാണ്. ഇവിടെയുള്ള കന്യാസ്ത്രീകള്‍ പ്രായമായ പല വ്യക്തികളെയും പരിചരിക്കുകയാണ്. അത് കൊണ്ട് തന്നെ അവര്‍ ഇവിടെ തുടരാനാണ് താല്‍പ്പര്യം പ്രകടിപ്പിച്ചത്. ഇവിടെ എല്ലാ ദിവസവും പ്രാര്‍്തഥനയും നടക്കുന്നുണ്ട്. അതേ സമയം ഇസ്രയേല്‍ ആക്രമണത്തില്‍ 39 പേര്‍ കൊല്ലപ്പെട്ടു എന്നാണ് ഇവിടെയുള്ള ആശുപത്രി അധികൃതര്‍ പറയുന്നത്.എന്നാല്‍ മരണസംഖ്യ ഇതിലും കൂടുതല്‍ ആകാനാണ് സാധ്യത.

കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി മൃതദേഹങ്ങള്‍ ഉണ്ടായിരിക്കും എന്നാണ് കരുതപ്പെടുന്നത്. ഗാസയിലെ സ്ഫോടനങ്ങളുടെ ശബ്ദം പല ഇസ്രയേല്‍ നഗരങ്ങളിലും കേള്‍ക്കാന്‍ കഴിഞ്ഞിരുന്നു. ഇസ്രയേല്‍ സൈന്യത്തിന്റെ രണ്ട് ഡിവിഷനുകളാണ് ഇപ്പോള്‍ ഗാസയില്‍ ആക്രമണം നടത്തുന്നത് മൂന്നാം ഡിവിഷനും ഉടന്‍ എത്തുമെന്നാണ് സൂചന.