- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപിന് വേണ്ടി വോട്ട് പിടിക്കാന്‍ മസ്‌ക്? ഒരു ദിവസം ഒരു ലക്ഷം ഡോളര്‍ നല്‍കുമെന്ന് പ്രഖ്യാപനം; പാരിതോഷികം ഭരണഘടനാവകാശങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള പെറ്റീഷന്‍ ഒപ്പിടുന്നവര്‍ക്ക്
വാഷിങ്ടണ്‍: നവംബര്‍ 5 ന് നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍ക്ക് ഒരു ദിവസം ഒരു ലക്ഷം ഡോളര്‍ വീതം നല്‍കുമെന്ന് ടെക് ശതകോടീശ്വരന്‍ എലോണ്‍ മസ്‌ക്. ഭരണഘടനാവകാശങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള പെറ്റീഷന്‍ ഒപ്പിടുന്നവര്‍ക്കാണ് മസ്‌ക് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.
അഭിപ്രായസ്വാതന്ത്ര്യവും ആയുധം കൈവശംവെക്കാനുള്ള അവകാശവും നല്‍കുന്ന, ഭരണഘടനയുടെ ഒന്നും രണ്ടും ഭേദഗതികളെ പിന്തുണയ്ക്കുന്നു എന്ന പെറ്റീഷനില്‍ ഒപ്പിടുന്ന വോട്ടര്‍മാരില്‍ ഒരാള്‍ക്കാണ് ഈ തുക നല്‍കുക. പദ്ധതിയുടെ തുടക്കമെന്ന നിലയില്‍ ശനിയാഴ്ച പെന്‍സില്‍വേനിയയിലെ പരിപാടിയില്‍ ജോണ്‍ ഡ്രിഹെര്‍ എന്നയാള്‍ക്ക് തുകയുടെ ചെക്ക് മസ്‌ക് കൈമാറി. വരും ദിവസങ്ങളിലും ഇത്തരത്തിലൊരാള്‍ക്ക് പണം നല്‍കും.
എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ഇത്തരത്തില്‍ പണം നല്‍കുന്നത് ട്രംപിനെ പിന്തുണയ്ക്കാനാണെന്നാണ് വിമര്‍ശനമുയരുന്നത്. മാത്രമല്ല ട്രംപിന്റെ പ്രചരണത്തിനായി മസ്‌ക് ഒരു രാഷ്ട്രീയകര്‍മസമിതിയുണ്ടാക്കിയിരുന്നു. ഈ കര്‍മസമിതിക്ക് 7.5 കോടി ഡോളര്‍ ഇതുവരെ നല്‍കിയത്. തിരഞ്ഞെടുപ്പ് സമയത്തെ ഇത്തരം പ്രചരണവുമായി ബന്ധപ്പെട്ട് നിയമവിദഗ്ദ്ധരും ആശങ്ക അറിയിച്ചിട്ടുണ്ട്.
അതേസമയം, കമലാ ഹാരിസിനെ പിന്തുണയ്ക്കുന്ന ഡെമോക്രാറ്റായ പെന്‍സില്‍വാനിയ ഗവര്‍ണര്‍ ജോഷ് ഷാപ്പിറോ മസ്‌കിന്റെ തന്ത്രത്തില്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. നിയമപാലകര്‍ അദ്ദേഹത്തിന്റെ പണമിടപാട് അന്വേഷിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മസ്‌ക്കിന്റെ ഈ ഓഫര്‍ തികച്ചും നിയമവിരുദ്ധമാണെന്ന് തിരഞ്ഞെടുപ്പ് നിയമ വിദഗ്ദനായ റിക്ക് ഹാസെന്‍ തന്റെ സ്വകാര്യ തിരഞ്ഞെടുപ്പ് നിയമ ബ്ലോഗില്‍ പറഞ്ഞിട്ടുണ്ട്. ഫെഡറല്‍ നിയമം പറയുന്നതിനുസരിച്ച് പണം നല്‍കുകയോ, പണം നല്‍കാന്‍ വാഗ്ദാനം ചെയ്യുന്നതോ, വോട്ട് ചെയ്യുന്നതിനായി പണം സ്വീകരിക്കുന്നതോ തെറ്റാണെന്നാണ്. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവരില്‍ നിന്നും 10,000 ഡോളര്‍ പിഴയോ അഞ്ച് വര്‍ഷം തടവോ അനുഭവിക്കേണ്ടി വരും.
എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മസ്‌ക്കിന്റെ സമ്മാനത്തെ കുറിച്ച് ട്രംപിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം ഒരു നല്ല സുഹൃത്താണെന്നും, മസ്‌ക്കിന്റെ പാത പിന്തുടര്‍ന്നിട്ടില്ലെന്നുമാണ് പറഞ്ഞത്. അതേസമയം, ട്രംപിനായി ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് ചെലവിട്ടത് 75 മില്യണ്‍ ഡോളറില്‍ അധികമെന്ന് റിപ്പോര്‍ട്ട്. ഇത് ഇന്ത്യന്‍ രൂപയില്‍ 630 കോടിയിലധികം വരും. ട്രംപിന്റെ പ്രചാരണത്തിനായാണ് മസ്‌ക് ഈ തുക ചെലവിട്ടത് എന്നാണ് റിപ്പോര്‍ട്ട്.
പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ ട്രംപിനായി മസ്‌ക് പരസ്യമായി രംഗത്തുണ്ട്. ഇതിനകം ചില പ്രചാരണ യോഗങ്ങളില്‍ ട്രംപിനൊപ്പം പങ്കെടുക്കുകയും ചെയ്തു. ട്രംപിന്റെ യുഎസ് പ്രസിഡന്‍ഷ്യല്‍ കാമ്പെയ്നിനെ പിന്തുണയ്ക്കുന്നതിനായി മസ്‌ക് രൂപീകരിച്ച പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിക്ക് സംഭാവനയായി മാത്രം മസ്‌ക് നല്‍കിയ തുകയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അടുത്തിടെ പെന്‍സില്‍വാനിയയില്‍ നടന്ന ഒരു റാലിയില്‍ വേദിയില്‍ ട്രംപിനൊപ്പം വന്ന ടെസ്ല സിഇഒ എതിരാളിയായ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി കമലാ ഹാരിസിനെ ആക്ഷേപിക്കുകയും ചെയ്തിരുന്നു.