വാഷിംങ്ടണ്‍: അമേരിക്ക നാറ്റോയില്‍ നിന്നും ഐക്യരാഷ്ട്രസഭയില്‍ നിന്നും പിന്‍മാറണമെന്ന ആവശ്യവുമായി ഇലോണ്‍ മസ്‌ക്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് കനത്ത വെല്ലുവിളിയാണ് ഇതിലൂടെ അദ്ദേഹം നടത്തിയിരിക്കുന്നത്. സമൂഹ മാധ്യമമായ എക്സിലൂടെയാണ് മസ്‌ക് ഇക്കാര്യം ഉന്നയിച്ചത്. കഴിഞ്ഞ ദിവസം ഗുന്തര്‍ ഈഗിള്‍മാന്‍ എന്ന രാഷ്ട്രീയ നിരീക്ഷകന്‍ ഇതേ ആവശ്യം എക്സിലൂടെ ഉന്നയിച്ചിരുന്നു.

എക്സില്‍ ഒന്നര മില്യണ്‍ ഫോളോവേഴ്സ് ഉള്ള വ്യക്തിയാണ് ഇദ്ദേഹം. ഈ സന്ദേശത്തെ മസ്‌ക്ക് റിപോസ്റ്റ് ചെയ്തിരിക്കുകയാണ്. താന്‍ ഇതിനോട് പൂര്‍ണമായി യോജിക്കുന്നതായി മസ്‌ക് അഭിപ്രായപ്പെടുന്നു. അമേരിക്കന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി രൂപീകരിച്ച ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയുടെ മുഖ്യ ചുമതലക്കാരന്‍ കൂടിയാണ് മസ്‌ക്. ഇത് കൂടാതെ അമേരിക്കന്‍

കോണ്‍ഗ്രസ് അംഗവും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായ തോമസ് മാസിയുടെ ഒരു ട്വീറ്റും മസ്‌ക്ക് റീപോസ്റ്റ് ചെയ്തിട്ടുണ്ട്.

നാറ്റോയെ ഒരു ശീതയുദ്ധത്തിന്റെ അവശിഷ്ടം എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. അമേരിക്ക നാറ്റോയില്‍ തുടരുന്ന കാര്യം പ്രസിഡന്റ് ട്രംപ് പുനപരിശോധിക്കണമെന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളുടെ ആവശ്യം ശക്തമായ സാഹചര്യത്തിലാണ് മസ്‌ക്കും ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്. അമേരിക്കന്‍ സെനറ്ററായ മൈക്ക് ലീ പറയുന്നത് നാറ്റോയെ കൊണ്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ ഒരുപാട് നേ്ട്ടങ്ങള്‍ ഉണ്ടാക്കിയെങ്കിലും അമേരിക്കക്ക് കൈനഷ്ടമേ ഉണ്ടായിട്ടുള്ളൂ എന്നാണ്.

അമേരിക്കന്‍ സര്‍്ക്കാരില്‍ നിലവില്‍ മസ്‌ക്കിനുള്ള ശക്തമായ സ്വാധീനത്തിന്റെ അടിസ്ഥാനത്തില്‍ അമേരിക്ക ഒരു പക്ഷെ നാറ്റോയില്‍ നിന്ന് പിന്‍മാറാനുള്ള സാധ്യതകളാണ് കാണുന്നത്. ആദ്യതവണ പ്രസിഡന്റായിരുന്ന കാലഘട്ടത്തില്‍ നാറ്റോയില്‍ നിന്ന് പിന്‍മാറുന്ന കാര്യം ട്രംപ് സൂചിപ്പിച്ചിരുന്നില്ല എങ്കിലും ഇപ്പോള്‍ നിരവധി തവണയാണ് ട്രംപ് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടുമായി രംഗത്ത് എത്തിയിരിക്കുന്നത്.

നാറ്റോ അംഗരാജ്യങ്ങളെ സംരക്ഷിക്കുന്നതിനായി അമേരിക്ക ധാരാളം പണം ചെലവാക്കുന്നുണ്ട് എങ്കിലും അമേരിക്കയുടെ സുരക്ഷക്കായി ഇവര്‍ ആരും വരാറില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. നാറ്റോയിലെ അംഗരാജ്യങ്ങളോട് പ്രതിരോധ വിഹിതം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു എങ്കിലും അവര്‍ ആരും ഇക്കാര്യ ചെവിക്കൊണ്ടിരുന്നില്ല. അതിനിടയില്‍ വൈറ്റ്ഹൗസില്‍ ട്രംപുമായി വാക്കേറ്റം നടത്തിയതിന് യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌ക്കിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ഇലോണ്‍ മസ്‌ക് രംഗത്തെത്തി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുക്രൈന്റെ ധാതു സമ്പത്ത് അമേരിക്കക്ക് കൈമാറുന്നത് സംബന്ധിച്ച കരാറില്‍ ഒപ്പ് വെയ്ക്കാനായി എത്തിയ സെലന്‍സ്‌കി വൈറ്റ്ഹൗസില്‍ ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സുമായി ്അടിച്ചു പിരിഞ്ഞത്. യുക്രൈനെ അമേരിക്ക ആവശ്യത്തില്‍ അധികം സഹായിച്ചതായി മസ്‌ക് ചൂണ്ടിക്കാട്ടി.

സെലന്‍സ്‌കി ഇതിലൂടെ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ പോലും മോശക്കരനായി മാറിയതായി അദ്ദേഹം കുറ്റപ്പെടുത്തി. റഷ്യയുമായി യുദ്ധം തുടരാനുള്ള സെലന്‍സ്‌കിയുടെ നീക്കം ക്രൂരവും മനുഷ്യത്വ വിരുദ്ധവും ആണെന്നും മസ്‌ക് വിമര്‍ശിച്ചു.