ടെല്‍ അവീവ്: ഇസ്രയേലിലേക്ക് വീണ്ടും മിസൈലാക്രമണം നടത്തി ഹൂത്തി വിമതര്‍. ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമാണ് ആക്രമണം നടന്നത്. എന്നാല്‍ ഇസ്രയേലിന്റെ പ്രതിരോധ സംവിധാനങ്ങള്‍ അവ തകര്‍ത്തെറിഞ്ഞു. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഹൂത്തികള്‍ ഇസ്രയേലിന് നേര്‍ക്ക് ബാലിസ്റ്റിക് മിസൈലുകള്‍ അയച്ചത്. അപായ സൈറനുകള്‍ മുഴങ്ങിയതിനെ തുടര്‍ന്ന് ആയിരക്കണക്കിന് ഇസ്രയേല്‍ പൗരന്‍മാര്‍ ഭൂഗര്‍ഭ ഷെല്‍ട്ടറുകള്‍ക്കുള്ളിലേക്ക് കുതിച്ചെത്തി.

ഇസ്രയേല്‍ സമയം വൈകുന്നേരം ആറരയോടെയാണ് ആദ്യ മിസൈലാക്രമണം നടന്നത്. വെസ്റ്റ് ബാങ്കിലും ജോര്‍ദ്ദാന്‍ താഴ്വരയിലും എല്ലാം ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളില്‍ അഭയം തേടിയെത്തി. പലപ്പോഴും മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ മിസൈലുകള്‍ തകര്‍ക്കുമ്പോള്‍ അവയുടെ അവശിഷ്ടങ്ങള്‍ വന്ന്് പതിച്ച്് വന്‍ നാശനഷ്ടം ഉണ്ടാകാറുണ്ട് എങ്കിലും ഇക്കുറി അത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് രണ്ടാമത്തെ മിസൈലാക്രമണം നടക്കുന്നത്. മധ്യ ഇസ്രയേലില്‍ എങ്ങും ഇതിനി തുടര്‍ന്ന് അപായ സൈറനുകള്‍ നിരന്തരമായി മുഴങ്ങിയിരുന്നു. രണ്ടാമത്തെ ബാലിസ്റ്റിക് മിസൈലും തകര്‍ത്തു എന്നാണ് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നത് എങ്കിലും ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കാന്‍ അവര്‍ തയ്യാറായിരുന്നില്ല. എന്നാല്‍ രണ്ട് ആക്രമണങ്ങളിലും ആള്‍നാശമോ മറ്റെന്തെങ്കിലും നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

എന്നാല്‍ അപായ സൈറനുകള്‍ മുഴങ്ങിയതിനെ തുടര്‍ന്ന് സുരക്ഷാ കേന്ദ്രങ്ങളിലേക്ക് ഓടുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട്് 11 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേ സമയം ആദ്യ മിസൈലാക്രമണത്തിന് തൊട്ടു പിന്നാലെ മിസൈലയച്ചത് തങ്ങള്‍ തന്നെയാണെന്ന് ഹൂത്തി നേതൃത്വം വ്യക്തമാക്കി. ഇസ്രയേലിലെ പ്രധാന നഗരമായ ടെല്‍ അവീവ് ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും മിസൈല്‍ ലക്ഷ്യ സ്ഥാനത്ത് തന്നെ എത്തിയെന്നും അവര്‍ അവകാശപ്പെട്ടു. എന്നാല്‍ മിസൈല്‍ ലക്ഷ്യസ്ഥാനത്തെത്തി എന്നത് നുണയാണെന്ന് പിന്നീട് വ്യക്തമായി.

2023 ഒക്ടോബര്‍ ഏഴിന് ഹമാസ് തീവ്രവാദികള്‍ ഇസ്രയേലിലേക്ക് ആക്രമണം നടത്തിയതിന്റെ തൊട്ടടുത്ത ദിവസം മുതല്‍ തന്നെ ഹമാസിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ട് ഹൂത്തികള്‍ ഇസ്രയേലിന് നേര്‍ക്ക് നിരന്തരമായി ആക്രമണം നടത്തുകയായിരുന്നു. ഇതു വരെ നാല്‍പ്പതോളം ബാലിസ്റ്റിക് മിസൈലുകളാണ് അവര്‍ ഇസ്രയേല്‍ ലക്ഷ്യമാക്കി അയച്ചത്. എന്നാല്‍ ഈ മിസൈലുകള്‍ എല്ലാം തന്നെ ഇസ്രയേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനമായ അയണ്‍ഡോമുകള്‍ തകര്‍ത്തു തള്ളിയിരുന്നു.

ഒരിക്കല്‍ മാത്രമാണ് ഹൂത്തി മിസൈല്‍ ഇസ്രയേലില്‍ പതിച്ചത്. അന്നാകട്ടെ ആളപായം ഉണ്ടായതുമില്ല. കഴിഞ്ഞ വെളളിയാഴ്ച ഇരുപതോളം ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ഹൂത്തികളുടെ ശക്തികേന്ദ്രമായ യെമനിലെ സനായില്‍ ശക്തമായ ആക്രമണം നടത്തിയിരുന്നു. സനായിലെ പ്രധാന തുറമുഖങ്ങളും മറ്റ് സുപ്രധാന കേന്ദ്രങ്ങളും എല്ലാം ഈ ആക്രമണത്തില്‍ തകര്‍ന്നിരുന്നു. 50 കേന്ദ്രങ്ങളിലാണ് ഇസ്രയേല്‍ വ്യോമസേന അന്ന് ആക്രമണം നടത്തിയത്.