- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാല് ദിവസം കൊണ്ട് ഗാസയില്‍ കൊല്ലപ്പെട്ടത് അറുനൂറിലധികം പേര്‍; ഹമാസ് റോക്കറ്റുകള്‍ തൊടുത്തതോടെ ആക്രമണം കടുപ്പിച്ചു ഇസ്രായേല്‍; നെറ്റ്‌സരിം ഇടനാഴിയുടെ നിയന്ത്രണവും ഏറ്റെടുത്തു ഇസ്രായേല്‍ സൈന്യം
നാല് ദിവസം കൊണ്ട് ഗാസയില്‍ കൊല്ലപ്പെട്ടത് അറുനൂറിലധികം പേര്‍
ഗാസ സിറ്റി: ഗാസയില്‍ ആക്രമണം ശക്തമാക്കി ഇസ്രായേല്‍. ചൊവ്വാഴ്ച ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിന് പിന്നാലെ ഗസ്സയില്‍ നടത്തിയ ആക്രമങ്ങളില്‍ 600 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. മുനമ്പില്‍ ഇസ്രായേല്‍ വ്യോമാക്രമണങ്ങളും കര ആക്രമണങ്ങളും കനപ്പിച്ചതോടെ മരണസംഖ്യ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.
ഇന്നലെ മാത്രം നൂറിലധികം പേരാണ് മേഖലയില്‍ കൊല്ലപ്പെട്ടത്. തെക്കന്‍ ഗസ്സയിലെ റഫയില്‍ കരസേന ആക്രമണം ആരംഭിച്ചതായും മധ്യ പ്രദേശങ്ങള്‍ക്കും ബൈത്ത് ലാഹിയ പട്ടണത്തിന് സമീപം വടക്കന്‍ ഭാഗത്തേക്ക് സൈന്യം കടന്നുകയറിക്കൊണ്ടിരിക്കുകയാണെന്നും ഇസ്രായേല്‍ സൈന്യവും വ്യക്തമാാക്കി.
ഗസ്സ നഗരത്തിലെ സെയ്തൂണ്‍ മേഖലത്തില്‍ ഇസ്രായേല്‍ തീവ്രമായ വ്യോമാക്രമണം നടത്തുന്നതായി അന്താരാഷ്ട്ര മാധ്യമമായ അല്‍ജാസിറ റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാനമായ ഗസ്സ സിറ്റി, ഖാന്‍ യൂനിസ് എന്നിവിടങ്ങളിലും ആക്രമണം കനപ്പിച്ചിട്ടുണ്ട്. ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചതിനു മറുപടിയായി ഹമാസ് റോക്കറ്റുകള്‍ തൊടുത്തതോടെയാണ് ഗസ്സ വീണ്ടും യുദ്ധഭീതിയിലായത്. ഇതോടെ ഹമാസിനെതിരെ ആക്രമണം കടുപ്പിക്കുകയാണ് ഇസ്രായേല്‍ ചെയ്തത്.
പലയിടത്തും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുകയാണ്. നെറ്റ്‌സരിം ഇടനാഴിയുടെ നിയന്ത്രണം കഴിഞ്ഞദിവസം ഇസ്രായേല്‍ സൈന്യം വീണ്ടും ഏറ്റെടുത്തു. തെക്കന്‍ മേഖലയിലുള്ളവരെ വടക്കന്‍ ഗസ്സയിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.
ഗസ്സക്കൊപ്പം വെസ്റ്റ് ബാങ്കിലും ഇസ്രായേല്‍ സൈനിക നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. ഗസ്സയിലെ ഇസ്രായേല്‍ ആക്രമങ്ങളില്‍ ഇതുവരെ കുറഞ്ഞത് 49,617 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 112,950 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.