- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാസയില്‍ വെടിനിര്‍ത്തലിന് വേണ്ടിയുള്ള പ്രമേയം വീറ്റോ ചെയ്ത് യു.എസ്; 15 അംഗങ്ങളില്‍ 14 പേരും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തിട്ടും അമേരിക്കന്‍ എതിര്‍പ്പില്‍ തട്ടി പ്രമേയം തീര്‍ന്നു; യുഎസ് നടപടി ഹമാസിന്റെ ആക്രമണങ്ങളെ അപലപിച്ചില്ലെന്ന് ആരോപിച്ച്; ഇസ്രായേല്‍ ആക്രമണത്തില്‍ പുരാവസ്തുക്കള്‍ ചാമ്പലാകാതിരിക്കാന്‍ അസാധാരണ ദൗത്യം
ഗാസയില്‍ വെടിനിര്‍ത്തലിന് വേണ്ടിയുള്ള പ്രമേയം വീറ്റോ ചെയ്ത് യു.എസ്
വാഷിങ്ടണ്‍: ഗാസയില്‍ ഇസ്രായേല്‍ തീമഴ പെയ്യിക്കുമ്പോഴും വെടിനിര്‍ത്തലിന് വേണ്ടിയള്ള യുഎന്‍ പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക. ഇതോടെ ഇസ്രായേലിന്റെ ആക്രമണങ്ങള്‍ക്ക് ശക്തി വര്‍ധിക്കുകയാണ്. മുമ്പ് നിരവധി തവണ ഗസ്സയില്‍ വെടിനിര്‍ത്തലിന് വേണ്ടിയുള്ള പ്രമേയം വന്നപ്പോഴും യു.എന്നില്‍ യു.എസ് ഇത് വീറ്റോ ചെയ്തിരുന്നു. ഇക്കുറി വെടിനിര്‍ത്തലിനെ അനുകൂലിച്ച് 15 അംഗങ്ങളില്‍ 14 പേരും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ഗസ്സയില്‍ അടിയന്തരമായി ഉപാധികളില്ലാത്ത വെടിനിര്‍ത്തല്‍ ഇരുകക്ഷികളും പ്രാബല്യത്തില്‍ വരുത്തണമെന്നായിരുന്നു പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ ഹമാസിന്റെ തടവിലുള്ള മുഴുവന്‍ ബന്ദികളേയും വിട്ടയക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഹമാസിന്റെ ആക്രമണങ്ങളെ അപലപിച്ചില്ലെന്ന് ആരോപിച്ചായിരുന്നു യു.എസ് പ്രമേയത്തെ വീറ്റോ ചെയ്തത്. വ്യാജ ആരോപണങ്ങളാണ് പ്രമേയത്തിലൂടെ ഉയര്‍ത്തിയതെന്നും ഇത് ഹമാസിന് അനുകൂലമാവുന്ന രീതിയിലായിരുന്നുവെന്നും പ്രമേയത്തില്‍ പറഞ്ഞിരുന്നു.
അതേസമയം, പ്രമേയത്തെ യു.എസ് വീറ്റോ ചെയ്തത് ദുഖഃകരമാണെന്നായിരുന്നു യു.എന്നിലെ ഫലസ്തീന്‍ അംബാസിഡര്‍ റിയാദ് മന്‍സൂറിന്റെ പ്രതികരണം. വംശഹത്യയി നിന്ന് ഫലസ്തീന്‍ ജനതയെ സംരക്ഷിക്കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, യു.എന്‍ രക്ഷാസമിതി ഇപ്പോഴും ഇക്കാര്യത്തില്‍ നിശബ്ദത പാലിക്കുകയാണെന്നും ഫലസ്തീന്‍ ആരോപിച്ചു. ഫലസ്തീന് വേണ്ടി വൈകാരിക പ്രകടനവുമായി അള്‍ജീരിയന്‍ അംബാസിഡര്‍ അമര്‍ ബെന്‍ഡജാമ രംഗത്തെത്തി. ഫലസ്തീനിലെ സഹോദരന്‍മാരും സഹോദരിമാരും ഞങ്ങളോട് ക്ഷമിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, സെന്‍ട്രല്‍ ഗസ്സയെ ലക്ഷ്യമിട്ട് ഇസ്രായേല്‍ അതിവേഗം നീങ്ങുകയാണ്. രണ്ട് ദിശകളിലൂടെയാണ് ഇപ്പോള്‍ ഇസ്രായേലിന്റെ മുന്നേറ്റം. ടാങ്കുകള്‍ ഉള്‍പ്പടെയുള്ളവയുമായാണ് ഇസ്രായേല്‍ മുന്നേറ്റം. ഫലസ്തീനിലെ നിസ്സഹായരായ ജനതക്ക് നേരെ വലിയ ആക്രമണങ്ങളാണ് ഇസ്രായേല്‍ നടത്തുന്നത്.
ഇതിനിടെ ഇസ്രയേല്‍ വ്യോമാക്രമണം മുന്നറിയിപ്പ് നല്‍കിയതോടെ ഗാസാ സിറ്റിയിലെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന അമൂല്യമായ പുരാവസ്തുക്കള്‍ എങ്ങനെ സംരക്ഷിക്കുമെന്ന ആശയക്കുഴപ്പത്തിലായി സന്നദ്ധപ്രവര്‍ത്തകര്‍. ഗാസയുടെ പൈതൃകത്തിന്റെയും ചരിത്രത്തിന്റെയും ശേഷിപ്പുകളായ ഇവയെ ചാരമാക്കിക്കളയാന്‍ അവര്‍ക്കു മനസ്സുവന്നില്ല. ഒടുക്കം സംഭവിച്ചത് പുരാവസ്തുക്കളെ സംരക്ഷിക്കാന്‍ 15 മണിക്കൂര്‍ നീണ്ട അസാധാരണദൗത്യത്തിലാണ് ഇവര്‍ ഏര്‍പ്പെട്ടത്.
ആക്രമണത്തിനു തയ്യാറായ ഇസ്രയേല്‍ സൈന്യത്തോട് പുരാവസ്തുക്കള്‍ മാറ്റാനുള്ള സമയംചോദിച്ച് ഒന്‍പത് മണിക്കൂര്‍ ചര്‍ച്ച നടത്തേണ്ടിവന്നു. ഒടുവില്‍ അവസാനിമിഷം സമ്മതം കിട്ടി. അപ്പോള്‍ പുരാവസ്തുക്കള്‍ കൊണ്ടുപോകുന്നതിനുള്ള ട്രക്കില്ലെന്നായി. അതു സംഘടിപ്പിക്കാന്‍ നെട്ടോട്ടം. ഇന്ധനക്ഷാമമുള്ളതിനാല്‍ ഗാസയില്‍ ട്രക്കുകള്‍ കിട്ടാന്‍ പാടാണ്. ഒടുവില്‍ ട്രക്കുസംഘടിപ്പിച്ചു. ആറുമണിക്കൂറിനുള്ളില്‍ ആയിരത്തോളം പുരാവസ്തുക്കള്‍ പൊട്ടാതെയും താഴെവീഴാതെയും കാര്‍ഡ്‌ബോഡുപെട്ടികളിലാക്കി ഗോഡൗണില്‍നിന്ന് മാറ്റി. അവസാന പുരാവസ്തുവും മാറ്റി നിമിഷങ്ങള്‍ക്കകം ഇസ്രയേല്‍ വിമാനങ്ങള്‍ തുപ്പിയ തീയില്‍ ഗോഡൗണ്‍ ചാരമായി.
ഗാസയില്‍ 25 വര്‍ഷമെടുത്ത് നടത്തിയ ഉത്ഖനനത്തിലൂടെ കിട്ടിയ പുരാവസ്തുക്കളാണ് ഗോഡൗണിലുണ്ടായിരുന്നത്. യുനെസ്‌കോ പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിലുള്‍പ്പെട്ട നാലാംനൂറ്റാണ്ടിലെ ബൈസന്റൈന്‍ സന്ന്യാസിമഠത്തില്‍നിന്നുള്ളതും ഗാസയിലെ പുരാതന ക്രൈസ്തവസമൂഹത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമായിരുന്ന വസ്തുക്കളുമായിരുന്നു ഏറെയും.
ഹമാസിന്റെ ഇന്റലിജന്‍സ് വിഭാഗം ഗോഡൗണ്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നെന്നാരോപിച്ചാണ് കെട്ടിടം തകര്‍ക്കുകയാണെന്ന് ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പുനല്‍കിയത്. ഗാസയിലാരംഭിച്ച കരയാക്രമണ ദൗത്യത്തിനിടെയായിരുന്നു നടപടി.
പലസ്തീന്റെയോ ക്രിസ്ത്യാനികളുടെയോ പൈതൃകം സംരക്ഷിക്കുകയെന്നതിലുപരി, ഗാസയിലെ ലോകചരിത്രത്തിന്റെ ഭാഗമായ ശേഷിപ്പുകള്‍ സംരക്ഷിക്കാനുള്ള ശ്രമമായിരുന്നു ഇതെന്ന് ദൗത്യത്തിന് നേതൃത്വം നല്‍കിയ അര്‍ജന്റ് ഇന്‍ര്‍നാഷണലെ എന്ന മനുഷ്യാവകാശസംഘടനയുടെ പ്രതിനിധി കെവിന്‍ ചാര്‍ഹെല്‍ പറഞ്ഞു.