- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടൻ മുൻപ് പ്രവേശനാനുമതി നിഷേധിച്ച ഡച്ച് തീവ്ര വലതുപക്ഷ നേതാവിന് തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം; ഇസ്ലാമിക തീവ്രവാദികളിൽ നിന്ന് വധഭീഷണി ലഭിച്ച ഗീർട്ട് വൈൽഡേഴ്സ് നെതർലാൻഡ്സ് പ്രധാനമന്ത്രിയാകാൻ സാധ്യത; യൂറോപ്പിന്റെ വലത്തോട്ടുള്ള നീക്കം തുടർക്കഥയാകുന്നു
ആംസ്റ്റർഡാം: യൂറോപ്പ് യാത്ര വലത്തോട്ട് തന്നെയെന്ന് ഉറപ്പിക്കുകയാണ് നെതർലാൻഡ്സിലെ തെരഞ്ഞെടുപ്പ് ഫലം. കടുത്ത വലതുപക്ഷ ചിന്താഗതിക്കാരനും ദേശീയവാദിയുമായ ഗ്രീറ്റ് വൈൽഡേഴ്സ് പൊതുതെരഞ്ഞെടുപ്പിൽ കൈവരിച്ചത് വൻ ഭൂരിപക്ഷം. കുടിയേറ്റ വിരുദ്ധ, ഇസ്ലാമിക വിരുദ്ധ അജണ്ടകൾ ഉയർത്തി തെരഞ്ഞെടുപ്പിൽ മത്സരിച്ച ഗ്രീറ്റ് വൈൽഡേഴ്സിന്റെ പാർട്ടി ഓഫ് ഫ്രീഡം 37 സീറ്റുകളാണ് നേടിയത്. മറ്റ് ഒരു പാർട്ടിക്കും ഇത്ര സീറ്റ് നേടാനായിട്ടില്ല.
നേരത്തെ ഉണ്ടായിരുന്നതിന്റെ ഇരട്ടിയോളം സീറ്റുകൾ നേടാനായതോടെ ഡച്ച് ട്രംപ് എന്ന് നാട്ടുകാർ വിളിക്കുന്ന വൈൽഡേഴ്സിന് സഖ്യകക്ഷി സർക്കാർ ഉണ്ടാക്കാനുള്ള ചർച്ചകളിൽ മേൽക്കൈ ലഭിച്ചിരിക്കുകയാണ്. ഏതാണ് അര ഡസൻ പാർട്ടികൾ ഒന്നിച്ചായിരിക്കും സർക്കാർ ഉണ്ടാക്കുക. അതേസമയം, തന്റെ കടുത്ത വലതുപക്ഷ ചായ്വ് മൂലം മറ്റു പാർട്ടികൾ എല്ലാംവൈൽഡേഴ്സിൽ നിന്നും അകലം പാലിക്കാൻ ശ്രമിക്കുന്നുണ്ട് എന്നത് മറ്റൊരു വസ്തുതയാണ്.
അതുകൊണ്ട് തന്നെ സർക്കാർ രൂപീകരിക്കാനും, നെതർലാൻഡ്സിന്റെ അടുത്ത പ്രധാനമന്ത്രിയാകാനും വൈൽഡ്സിന്റെ മുൻപിൽ ഏറെ വെല്ലുവിളികൾ ഇനിയും ബാക്കിയാണ്. എന്നാൽ, അദ്ദേഹത്തിന്റെ ഈ അപ്രതീക്ഷിത വിജയം, യൂറോപ്പിൽ അടുത്തിടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ചില രാഷ്ട്രീയ മാറ്റങ്ങളുടെ തുടർച്ചയായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ദേശീയവാദവും, വലതു ചിന്താസരണിയും കൂടുതൽ കൂടുതൽ ജനപ്രീതി നേടുന്നതാണ് ഈയിടെയായി യൂറോപ്പിൽ ദൃശ്യമാകുന്നത്.
കഴിഞ്ഞ വർഷം അവസാനത്തോടെ ഇറ്റലിയിൽ ജിയോർജിയ മെലോണിയുടെ ബ്രദേഴ്സ് ഓീഫ് ഇറ്റലി പാർട്ടി അധികാരത്തിലെത്തിയതായിരുന്നു ഈ സംഭവ പരമ്പരയിലെ ഏറ്റവുമധികം ശ്രദ്ധയാകർഷിച്ചത്. നയങ്ങളിലും ആശയങ്ങളിലും നവ ഫാസിസ്റ്റ് സമീപനം പുലർത്തുന്ന പാർട്ടിയുടെ ജനപിന്തുണ അധികാരമേറി ഒരുവർഷമായിട്ടും കുറയാതെ തുടരുകയാണെന്ന് വിവിധ സർവ്വേഫലങ്ങൾ പറയുന്നു. കുടിയേറ്റത്തിനും സ്വവർഗ്ഗ ലൈംഗികതക്കും എതിരെ കടുത്ത നിലപാടുകൾ സ്വീകരിക്കുന്ന മെലോണി അത് തുറന്നു പറയുന്നതിലും ഒട്ടും പുറകോട്ടല്ല.
മൃദു ഫാസിസ്റ്റ് സമീപനം സ്വീകരിക്കുന്ന വിക്ടർ ഓർബാന്റെ ഫിഡേസ് പാർട്ടി തുടർച്ചയായ നാലാം തവണയും തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി ഹംഗറിയിൽ അധികാരത്തിലെത്തിയതാണ് യൂറോപ്പ് വലതുപക്ഷത്തേക്ക് നീങ്ങുന്നതിന്റെ മറ്റൊരു ഉദാഹരണം. കടുത്ത റഷ്യൻ അനുകൂല നിലപാട് സ്വീകരിക്കുന്ന അദ്ദേഹം യുക്രെയിന് യൂറോപ്യൻ യൂണിയൻ നൽകുന്ന സഹായങ്ങൾ നിർത്തലാക്കുമെന്ന് വരെ ഭീഷണി ഉയർത്തിയിരുന്നു. തന്നെ വിമർശിക്കുന്ന മാധ്യമങ്ങൾക്ക് നേരെയും കടുത്ത നിലപാടാണ് ഓർബാൻ സ്വീകരിക്കുന്നത്.
നേരിയ ഭൂരിപക്ഷത്തിന് ഇമ്മാനുവൽ മാക്രോണിന്റെ പാർട്ടിയോട് കഴിഞ്ഞ വർഷം നടന്ന തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും, 2027 ൽ അധികാരത്തിലെത്താൻ ഒരുങ്ങുകയാണ് ഫ്രാൻസിലെ നാഷണൽ റാലി നേതാവ് മറീൻ ലെ പെൻ എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. കഴിഞ്ഞ വർഷത്തെ തെരഞ്ഞെടുപ്പിന് ശേഷം മാക്രോണിന്റെ ജനപിന്തുണ കുത്തനെ ഇടിയുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഏറ്റവും ഒടുവിൽ നടന്ന സർവ്വേയിൽ 29 ശതമാനം പേർ മാക്രോണിനെ അംഗീകരിച്ചപ്പോൾ 69 ശതമാനം പേർ തിരസ്‌കരിക്കുകയായിരുന്നു.
ഫ്രാൻസിൽ ശക്തി പ്രാപിച്ചു വരുന്ന കുടിയേറ്റ വിരുദ്ധ വികാരം തന്നെയാണ് നാഷണൽ റാലി ജനപിന്തുണ നേടാൻ ഉപയോഗിക്കുന്നത്. യൂറോപ്പിന് പുറത്തുള്ള രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം ഫ്രാൻസിന് ദോഷകരമാണെന്നാണ് 66 ശതമാനം ഫ്രഞ്ചുകാർ വിശ്വസിക്കുന്നതെന്ന് അടുത്തിടെ നടന്ന ഒരു സർവ്വേയിൽ തെളിഞ്ഞിരുന്നു.
നാസി ബന്ധം ആരോപിക്കപ്പെടുന്ന ആൾട്ടർനേറ്റീവ് ഫോർ ജർമ്മനി (എ എഫ് ഡി) ഇക്കഴിഞ്ഞ ഒക്ടോബറിൽ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ കോളിളക്കം സൃഷ്ടിച്ചതാണ് മറ്റൊരു സംഭവം. പ്രധാന സംസ്ഥാനങ്ങളിൽ ഒന്നായ ഹെസ്സെയിൽ ഇവർ വോട്ട് ഷെയർ വളരെയേറെ ഉയർത്തുകയുണ്ടായി. അതിനു പുറമെ ബവേറിയയിലും വളരെയേറെ വോട്ടുകൾ നേടാൻ അവർക്കായി. ജർമ്മൻ ജനംസഖ്യയിലെ നാലിലൊന്ന് ജീവിക്കുന്നത് ഈ രണ്ടു സംസ്ഥാനങ്ങളിലുമാണ് എന്നുകൂടി കൂട്ടി വായിക്കുമ്പോഴാണ് ഇവർക്ക് ഈ സംസ്ഥാനങ്ങളിൽ വർദ്ധിച്ചുവരുന്ന ജനപ്രീതിയുടെ പ്രാധാന്യം പൂർണ്ണമായും മനസ്സിലാവുകയുള്ളു.
കുടിയേറ്റ വിരുദ്ധ, ഇസ്ലാമിക വിരുദ്ധ നയങ്ങളാണ് എ എഫ് ഡിയും ഉയർത്തിപ്പിടിക്കുന്നത്. 2017- ൽ പാർട്ടിയുടെ സ്ഥാപകനായ അലക്സാണ്ടർ ഗാവ്ലാൻഡ്, വിദേശികൾ രാജ്യത്ത് എത്തുന്നത് ഏതുവിധത്തിലും തടയുമെന്ന് പ്രഖ്യാപിച്ചിരുന്നു. നാസി പാർട്ടിയുമായുള്ള ബന്ധം എ എഫ് ഡി തുടർച്ചയായി നിഷേധിക്കുന്നുണ്ടെങ്കിലുംകഴിഞ്ഞ വർഷം ഒരു എ എഫ് ഡി ജനപ്രതിനിധിയെ നാസി അടയാളങ്ങൾ സൂക്ഷിച്ചതിന് സസ്പെൻഡ് ചെയ്തിരുന്നു. ബവേറിയ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രീയക്കാരൻ കൂടിയായ ഇയാൾ ഇപ്പോൾ കസ്റ്റഡിയിലുമാണ്.
രണ്ട് തീവ്ര വലതുപക്ഷ പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സ്ഥാനമുറപ്പിക്കാൻ അവസരമൊരുക്കുകയായിരുന്നു ഈ വർഷത്തെ ഗ്രീക്ക് തെരഞ്ഞെടുപ്പിൽ. ഗ്രീക്ക് പാർലമെന്റിലെ 200 സീറ്റുകളിൽ ഇതാദ്യമായാണ് വലതുപക്ഷ പാർട്ടികൾക്ക് അംഗങ്ങൾ ഉണ്ടാകുന്നത്. സ്പാർടൻസ് പാർട്ടിക്കും നിക്കി എന്നറിയപ്പെടുന്ന വിക്ടറി പാർട്ടിക്കും കൂടി 21 സീറ്റുകളാണ് ഗ്രീക്ക് പാർലമെന്റിൽ ലഭിച്ചത്. നിയോ നാസി ബന്ധമുള്ള ഗോൾഡൻ ഡോൺ എന്ന സംഘടനയിൽ അംഗത്വമെടുത്തതിന് 13 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്ന ഇലിയാസ് കാസിഡിയാരിസ് ആണ് സ്പാർട്ടൻസ് പാർട്ടിയെ നയിക്കുന്നത്.
അതേസമയം, തികഞ്ഞ യാഥാസ്ഥിതിക നിലാപാട് സ്വീകരിക്കുന്ന നിക്കി, ഗ്രീക് ഭാഷ, ചരിത്രം, പൈതൃകം എന്നിവ പ്രചരിപ്പിച്ച് ഗ്രീക് സ്വത്വബോധം വളർത്താൻ ശ്രമിക്കുകയാണ്. എൽ ജി ബി ടി ക്യൂ സമൂഹത്തിനു നേരെയുള്ള അനിഷ്ടം തുറന്ന് പ്രഖ്യാപിക്കുന്ന ഇവർക്ക് സ്വവർഗ്ഗ ലൈംഗികതയോടും കടുത്ത എതിർപ്പാണ്. പാർട്ടി നേതാക്കളിൽ പലർക്കും റഷ്യയുമായി അടുത്ത ബന്ധവുമുണ്ട്.
പൊതുവെ, യൂറോപ്യൻ ഐക്യത്തിന്റെ പ്രതീകമായിട്ടാണ് ബെൽജിയത്തെ കാണുന്നത്. അതു തന്നെയാണ് യൂറോപ്യൻ യൂണിയന്റെയും നാറ്റോയുടെയും ആസ്ഥാനം ബെൽജിയത്തിൽ തന്നെ ആക്കിയത്. 2024 - ൽ ദേശീയ തെരഞ്ഞെടുപ്പ് നടക്കാൻ ഇരിക്കെ തീവ്ര വലതുപക്ഷ നിലപാടുള്ള വ്ളാംസ് ബെലാംഗ് പാർട്ടി കഴിഞ്ഞ 14 മാസക്കാലമായി അഭിപ്രായ സർവ്വേകളിലെല്ലാം മുന്നേറുകയാണ്. തെരഞ്ഞെടുപ്പിൽ അവർ അന്തിമ വിജയം നേടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നതും.
ഫ്ളാൻഡേഴ്സ് ജനതയുടെ താത്പര്യം സംരക്ഷിക്കുന്നവർ എന്നർത്ഥം വരുന്ന പേരുള്ള പാർട്ടി ബഹുസ്വരതക്ക് എതിരാണ്. ഏകീകൃത സംസ്‌കാരം, ഏക ഭാഷ എന്നതൊക്കെയാണ് അവരുടെ അജണ്ട. ഫ്ളാൻഡർ ജനതയ്ക്കായി പ്രത്യേക രാജ്യം എന്ന ആവശ്യം പോലും അവർ ഇടക്കിടെ ഉയർത്താറുണ്ട്. തുർക്കിക്ക് യൂറോപ്യൻ യൂണിയനിൽ അംഗത്വം നൽകുന്നതിനെതിരെ കടുത്ത വിമർശനമുയർത്തിയ ഇവർ കുറ്റവാളികൾക്ക് അവരുടെ തടവിന്റെ കാലാവധിയുടെ മൂന്നിലൊന്ന് പൂർത്തിയാക്കിയാൽ പരോൾ നൽകാൻ നിർദ്ദേശിക്കുന്ന നിയമം എടുത്തു കളയണമെന്ന ആവശ്യക്കാരാണ്. കടുത്ത ഇസ്ലാം വിരോധികളായ ഇവർ പറയുന്നത് ഹിജാബ് ധരിക്കുക വഴി സ്ത്രീകൾ നാടുകടത്തപ്പെടാൻ സമ്മതം നൽകുകയാണെന്നാണ്.
താരതമ്യേന മിതവാദികളായി കണക്കാക്കപ്പെടുന്ന സ്വീഡനിലും വലതുപക്ഷ വ്യതിയാനം വ്യക്തമാവുകയാണ്. 2022-ലെ തെരഞ്ഞെടുപ്പിൽ മോഡറേറ്റ് പാർട്ടിയുമായി സഖ്യമുണ്ടാക്കിയ സ്വീഡൻ ഡെമോക്രാറ്റുകൾ സർക്കാരിൽ നിർണ്ണായക സ്വാധീനം ചെലുത്തുകയാണ്. അതിന്റെ ഫലമായി, കർശനമായ കുടിയേറ്റ നിയന്ത്രണ നിയമം, പൊലീസിന് കൂടുതൽ അധികാരം, കൂടുതൽ ആണവോർജ്ജ പ്ലാന്റുകൾ എന്നിവ നിലവിൽ വന്നു കഴിഞ്ഞു. കുടിയേറ്റക്കാർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നത് ഒരു ക്ലേശകരമായ പ്രക്രിയയാക്കി മാറ്റിയ സർക്കാർ ജി ഡി പി യുടെ 1 ശതമാനം വിദേശ സഹായമായി നൽകണമെന്നത് മാറ്റി ഒരു നിശ്ചിത തുകയാക്കി കുറച്ചു.
യൂറോപ്പിലെ തീവ്ര വലതുപക്ഷ ഉയർത്തെഴുന്നേൽപിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സ്വിറ്റ്സർലൻഡിലെ സ്വിസ് പീപ്പിൾസ് പാർട്ടിയുടെതെരഞ്ഞെടുപ്പ് വിജയം. ഇക്കഴിഞ്ഞ ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പിൽ പാർട്ടി നേടിയത് 27.9 ശതമാനം വോട്ടുകളാണ്. കുടിയേറ്റത്തിനെതിരെയായിരുന്നു ഇവർ പ്രധാനമായും പ്രചാരണം നടത്തിയിരുന്നത്. നിലവിൽ 8.7 മില്യൻ ജനങ്ങളുൾല സ്വിറ്റ്സർലൻഡിലെ ജനസംഖ്യ 10 മില്യന് താഴെയാക്കി നിർത്തുമെന്നും ഇവർ വാഗ്ദാനം നൽകിയിരുന്നു.
സമാനമായ രീതിയിൽ ആസ്ട്രിയയിലും വലതുപക്ഷം ശക്തിയുറപ്പിക്കുകയാണ്. തീവ്ര വലതുപക്ഷ പാർട്ടിയായ ഫ്രീഡം പാർട്ടിയും അതിന്റെ നേതാവ് ഹെർബെർട്ട് കിക്കിയും ക്രമമായി ജനപ്രീതി വർദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അടുത്തിടെ നടന്ന സർവ്വേകളിലെല്ലാം എതിരാളികളായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയേക്കാൾ 5 ശതമാനം മുൻപിലാണ് ഫ്രീഡം പാർട്ടി. അടുത്ത വർഷമാണ് ആസ്ട്രിയയിൽ തെരഞ്ഞെടുപ്പ് നടക്കാൻ ഇരിക്കുന്നത്. കുടിയേറ്റ വിരുദ്ധതക്ക് പുറമെ പ്രാചീന ആസ്ട്രിയൻ സംസ്‌കാരത്തിൽ ഊന്നിയുള്ള ഒരു സാമൂഹിക കാഴ്‌ച്ചപ്പാടും ഇവർക്കുണ്ട്.
ആസ്ട്രിയൻ പരമ്പരാഗത ഭക്ഷണങ്ങൾ മാത്രം വിളമ്പുന്ന റെസ്റ്റോറന്റുകൾക്ക് സബ്സിഡി നൽകുമെന്നതാണ് അവരുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്ന്. അതുപോലെ കളിസ്ഥലങ്ങളിൽ കുട്ടികൾ ജർമ്മൻ ഭാഷ മാത്രമെ സംസാരിക്കാവൂ എന്നും ഇവർ നിർബന്ധം പിടിക്കുന്നു. യൂറോപ്പിൽ വെള്ളക്കാരെക്കാൾ കൂടുതൽ മറ്റുള്ള വംശജരാകും ഉണ്ടാവുക എന്ന സിദ്ധാന്തത്തെയും ഇവർ ഉയർത്തിപ്പിടിക്കുന്നുണ്ട്. റഷ്യയുമായും ഇവർ അടുത്ത ബന്ധം പുലർത്തുന്നതായി എതിരാളികൾ ആരോപിക്കുന്നു.
കഴിഞ്ഞ ദേശീയ തെരഞ്ഞെടുപ്പിൽ 5.6 ശതമാനം വോട്ടുകൾ മാത്രമാണ് നേടാൻ ആയതെങ്കിലും തീവ്ര വലതുപക്ഷ വാദികളായ സ്ലോവാക് നാഷണൽ പാർട്ടി ത്രികക്ഷി സർക്കാരിൽ ഇടം നേടി. റൊമേനി വംശജർക്കും ഹംഗേറിയൻ വംശജർക്കും എതിരെ നിലപാടുകൾ ഉള്ള കടുത്ത ദേശീയവാദിക്ലാണ് എസ് എൻ പി. ഫിൻലാൻഡിലും തീവ്ര വലതുപക്ഷം ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പോടെ അധികാരത്തിൽ പിടിമുറുക്കിയിരിക്കുകയാണ്. നാസിസവുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് ചുമതലയേറ്റ് അധികം വൈകാതെ സാമ്പത്തികകാര്യ മന്ത്രിക്ക് രാജിവയ്ക്കേണ്ടി വന്നു എന്നതും ശ്രദ്ധേയമാണ്. പകരം ചുമതലയേറ്റ വില്ലി റൈഡ്മാൻ എന്ന നേതാവ് വംശീയ വിരുദ്ധ പരാമർശങ്ങൾ നടത്തുന്നതിൽ എന്നും മുൻനിരയിലുള്ള വ്യക്തിയുമാണ്.
മറുനാടന് ഡെസ്ക്