- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഴിമതി തൊട്ടുതീണ്ടാത്ത കഴിവുറ്റ ധീരവനിത; നേപ്പാളില്‍ ഇടക്കാല നേതാവിനെ തിരഞ്ഞെടുക്കാനുള്ള ജെന്‍ സി ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ മുന്‍തൂക്കം മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സുഷില കാര്‍കിക്ക്; യുവാക്കള്‍ക്ക് പ്രിയങ്കരനായ ബാലേന്‍ ഷായെ പലവട്ടം വിളിച്ചെങ്കിലും ഫോണെടുത്തില്ലെന്ന് ജെന്‍ സി പ്രതിനിധികള്‍; മാറ്റത്തിന്റെ കാറ്റ് വീശുന്നത് ഇങ്ങനെ
മുന്‍ ചീഫ് ജസ്റ്റിസ് സുഷില കാര്‍കി നേപ്പാളിലെ ഇടക്കാല നേതാവ്?
കാഠ്മണ്ഡു: നേപ്പാളിന്റെ അടുത്ത പ്രധാനമന്ത്രി ആരെന്ന ചര്‍ച്ച നടക്കുന്നതിനിടെ ജെന്‍ സി പ്രക്ഷോഭകര്‍ ഇടക്കാല നേതാവിനെ തിരഞ്ഞെടുക്കാന്‍ ഓണ്‍ലൈന്‍ വോട്ടിങ് തുടങ്ങി. മുന്‍ ചീഫ് ജസ്റ്റിസ് സുഷില കാര്‍കിയെയാണ് ജെന്‍ സികളില്‍ ഭൂരിപക്ഷവും പിന്തുണയ്ക്കുന്നത്. 5000 ത്തിലേറെ യുവാക്കള്‍ ഓണ്‍ലൈനായി നടത്തിയ സംവാദത്തിലാണ് സുഷില കാര്‍കിയുടെ പേര് ഉയര്‍ന്നുവന്നത്.
ഉന്നത പദവിയിലേക്ക് നിരവധി പേരുകള്‍ ആലോചിച്ചെങ്കിലും ഒടുവില്‍ മുന്‍ ചീഫ് ജസ്റ്റിസിന് നറുക്ക് വീണെന്നാണ് സൂചന. കാഠ്മമണ്ഡു മേയറും മുന്‍ റാപ്പറുമായ ബാലേന്‍ ഷാ നേതാവാകുമെന്ന വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാന്‍ പലവട്ടം ശ്രമിച്ചിട്ടും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ചര്‍ച്ചകള്‍ മറ്റു പേരുകളിലേക്ക് മാറിയതെന്ന് ഒരു യുവജന പ്രതിനിധി പറഞ്ഞു.
നേരത്തെ യുവാക്കള്‍ കാര്‍കിയെ സമീപിച്ച് തങ്ങളുടെ താല്‍പര്യം മുന്നോട്ടുവച്ചിരുന്നു. തനിക്ക് പിന്തുണയായി 1000 പേരുടെ ഒപ്പുകളാണ് അവര്‍ ആവശ്യപ്പെട്ടത്. നിലവില്‍, കാര്‍കിക്ക് അനുകൂലമായി 2500 ലേറെ പേര്‍ ഒപ്പിട്ടിട്ടുണ്ട്.
കാര്‍കിയുടെ പേരാണ് മുന്‍പന്തിയില്‍ വന്നതെങ്കിലും മറ്റുപ്രമുഖരുടെ പേരുകളും നിര്‍ദ്ദേശിക്കപ്പെട്ടു. നേപ്പാള്‍ വൈദ്യുതി അതോറിറ്റി മേധാവി കുല്‍മാന്‍ ഗീഷിങ്, യുവ നേതാവ് സാഗര്‍ ധാക്കല്‍, ധരണ്‍ മേയര്‍ ഹര്‍ക സാംപാങ് എന്നിവരെയും ഓണ്‍ലൈന്‍ യോഗത്തില്‍ പരിഗണിച്ചു.
യൂട്യൂബറായ റാന്‍ഡം നേപ്പാളിയെയും ധാരാളം പേര്‍ പിന്തുണച്ചു. എന്നാല്‍, എന്നാല്‍ മറ്റു നേതാക്കള്‍ ആരും തയ്യാറാകാത്ത പക്ഷം താന്‍ രംഗത്തുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഓണ്‍ലൈന്‍ വോട്ടിങ് പൂര്‍ത്തിയാകാന്‍ 23 മണിക്കൂര്‍ കൂടി ബാക്കിയുണ്ട്. ഇതുവരെയുള്ള വോട്ടുകണക്കുകള്‍ പ്രകാരം മുന്‍ ചീഫ് ജസ്റ്റിസ് സുശീല കാര്‍ക്കിക്കാണ് ഏററവും കൂടുതല്‍ വോട്ട്.
ആരാണ് സുഷില കാര്‍കി?
നേപ്പാളിന്റെ ചരിത്രത്തില്‍ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് എന്ന വിശിഷ്ട സ്ഥാനം നേടിയ വ്യക്തിയാണ് 72 കാരിയായ സുഷില കാര്‍ക്കി. 2016-ല്‍ അന്നത്തെ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഓലിയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ കൗണ്‍സിലിന്റെ ശുപാര്‍ശ പ്രകാരം അന്നത്തെ രാഷ്ട്രപതി ബിദ്യാ ദേവി ഭണ്ഡാരിയാണ് അവരെ നിയമിച്ചത്.
ജുഡീഷ്യറിയില്‍ പ്രവേശിക്കും മുമ്പ് അദ്ധ്യാപികയായിരുന്നു. അഴിമതിരഹിതയായ കഴിവുറ്റ, ധീരയായ ന്യായാധിപ എന്ന പേരെടുക്കുകയും ചെയ്തു. 2006 ലെ ഭരണഘടന കരട് നിര്‍മ്മാണ സമിതിയുടെ ഭാഗമായിരുന്നു. 2009 ല്‍ താല്‍ക്കാലിക സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട സുഷില അടുത്ത വര്‍ഷം സ്ഥിരമായി. 2016 ല്‍ കുറച്ചു കാലം ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്ന ശേഷമാണ് സ്ഥിര നിയമനം കിട്ടിയത്.